ചൊവ്വന്നൂരിലെ കൊലപാതകം; മരിച്ചത് തമിഴ്‌നാട് സ്വദേശിയെന്ന് വിവരം

Wait 5 sec.

തൃശൂര്‍|കുന്നംകുളം ചൊവ്വന്നൂരിലെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയാണെന്നാണ് വിവരം. പെരുമ്പിലാവ് ആല്‍ത്തറയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി എസ്റ്റേറ്റ് പടിവീട്ടില്‍ ശിവ(34)യാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. തൃശ്ശൂരില്‍ താമസിക്കുന്ന മകന്‍ ശിവയുടെ ചിത്രം തിരിച്ചറിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ശിവ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കിടങ്ങൂര്‍ സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ സണ്ണി(61)യെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സണ്ണി സ്വവര്‍ഗാനുരാഗിയായ സൈക്കോ കില്ലറെന്നാണ് പോലീസ് പറയുന്നത്. ശിവയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം ഇയാള്‍ കിടന്നുറങ്ങിയതായും പോലീസ് പറയുന്നു. ശനിയാഴ്ചയാണ് യുവാവുമൊത്തു സണ്ണി തന്റെ താമസ സ്ഥലത്തെത്തിയത്. ക്വാട്ടേഴ്‌സില്‍ എത്തിയ ശേഷം സണ്ണി യുവാവിന് 500 രൂപ നല്‍കി. വീണ്ടും പണത്തിനായി യുവാവ് സണ്ണിയുടെ പോക്കറ്റില്‍ കയ്യിട്ടതോടെ പ്രകോപിതനായി കത്തികൊണ്ട് യുവാവിനെ കുത്തുകയും പിന്നീട് ഇരുമ്പിന്റെ ചട്ടി ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. യുവാവ് മരിച്ചു എന്ന് ഉറപ്പാക്കിയതോടെ മൃതദേഹത്തിനൊപ്പം അന്ന് രാത്രി സണ്ണി കിടന്നുറങ്ങുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.പിറ്റേ ദിവസം ഡീസല്‍ ഉപയോഗിച്ച് മൃതദേഹം കത്തിച്ച ശേഷം മുറി പൂട്ടി സണ്ണി വടക്കാഞ്ചേരിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് രക്ഷപ്പെട്ടു. വൈകിട്ട് അഞ്ച് മണിയോടെ ഇവിടെ നിന്നും തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് പോയശേഷം അവിടെ നിര്‍ത്തിയിട്ടിരുന്ന കുന്നംകുളം ബസില്‍ കയറിയിരിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.മുത്തശ്ശിയെ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലും, 2005 ല്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് സണ്ണി. ആദ്യത്തെ കേസില്‍ മാനസിക രോഗിയാണെന്ന നിഗമനത്തില്‍ വെറുതെ വിട്ടതാണ്. രണ്ടാമത്തെ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയശേഷം സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.