ഗാങ്കനൗലി (ബാഗ്പത്) | ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ദോഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗാങ്കനൗലി ഗ്രാമത്തിൽ പള്ളി ഇമാമിന്റെ ഭാര്യയേയും മക്കളെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവിടത്തെ വലിയ പള്ളിയിലെ ഇമാമായ ഇബ്‍റാഹീമിന്റെ ഭാര്യ ഇസ്രാന (30), മക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇബ്‍റാഹീം സ്ഥലത്തില്ലാത്ത സമയത്താണ് അരുംകൊല നടന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.ഇബ്റാഹീം ദേവ്ബന്ദിൽ പോയതായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ കുട്ടികൾ പള്ളിയിൽ പഠിക്കാൻ എത്തിയപ്പോഴാണ് ഇമാമിന്റെ വീടിനുള്ളിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് ഗ്രാമവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബാഗ്പത് എസ് പി. സൂരജ് കുമാർ റായ്, എ എസ് പി. പ്രവീൺ കുമാർ ചൗഹാൻ, സി ഒ. വിജയ് കുമാർ എന്നിവർ സ്ഥലത്തെത്തി. പോലീസ് സംഭവസ്ഥലം സൂക്ഷ്മമായി പരിശോധിച്ചു. മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റാനുള്ള പോലീസിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. ശക്തമായ പ്രതിഷേധത്തിനിടെ പോലീസ് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.ഇസ്രാനയുടെ മൃതദേഹം തറയിലും രണ്ട് പെൺമക്കളുടെ മൃതദേഹങ്ങൾ കട്ടിലിലുമാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ നാല് വർഷമായി ഗാങ്കനൗലി വലിയ പള്ളിയോട് ചേർന്നാണ് ഇബ്റാഹീമും കുടുംബവും താമസിക്കുന്നത്. മരിച്ച ഇസ്രാന പള്ളി പരിസരത്ത് കുട്ടികളെ പഠിപ്പിക്കാറുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ കുടുംബപരമായ തർക്കങ്ങളോ മറ്റ് കാരണങ്ങളോ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.