പ്രതിപക്ഷം അമ്പെ പരാജയപ്പെട്ട സഭാ സമ്മേളനം കൂടിയാണ് പൂർത്തിയായത്. സർക്കാരിനെ വെട്ടിലാക്കാൻ വേണ്ടി കൊണ്ടുവന്ന അടിയന്തര പ്രമേയങ്ങളിലൂടെ സ്വയം കുഴിയിൽ വീണ അനുഭവമാണ് പ്രതിപക്ഷം നേരിടേണ്ടി വന്നത്. 6 അടിയന്തര പ്രമേയ നോട്ടീസുകൾ നൽകിയതിൽ നാലെണ്ണവും ചർച്ചയ്ക്ക് എടുത്തത് സർക്കാരിൻറെ നേട്ടമായി മാറുകയും ചെയ്തു.സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 9 വരെയായി ആകെ 11 ദിവസമാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ചേർന്നത്. സംഭവബഹുലമായ 11 ദിനങ്ങളിൽ സഭ ചരിത്ര നേട്ടം സ്വന്തമാക്കുമ്പോൾ തന്നെ പ്രതിപക്ഷത്തിന് ഏറ്റ കനത്ത തിരിച്ചടി മറ്റൊരു ചിത്രമാണ് കാട്ടിത്തരുന്നത്. സർക്കാരിനെ വെട്ടിലാക്കാൻ വേണ്ടി മാത്രം 6 അടിയന്തര പ്രമേയ നോട്ടീസുകളാണ് പ്രതിപക്ഷം നൽകിയത്. എന്നാൽ ഇതിൽ നാലെണ്ണവും ചർച്ചയ്ക്ക് സർക്കാർ എടുത്തത് ചെറിയ പ്രതിസന്ധി അല്ല പ്രതിപക്ഷത്തിന് സൃഷ്ടിച്ചത്. സർക്കാരിന് ഓരോ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാനുള്ള ഒരു വേദി ഒരുക്കി കൊടുക്കുന്ന സമീപനമാണ് ചുരുക്കത്തിൽ പ്രതിപക്ഷം സൃഷ്ടിച്ചത്. മൂന്ന് ദിവസം തുടർച്ചയായി അടിയന്തര പ്രമേയം ചർച്ചക്കെടുത്തു എന്ന റെക്കോർഡും ഈ സഭാ സമ്മേളനത്തിന് സ്വന്തം. ചുരുക്കത്തിൽ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണ പ്രതീതിയിൽ ആയിരുന്നു പ്രതിപക്ഷം. അവസാന ആഴ്ചയിൽ അടവ് മാറ്റിപ്പയറ്റാൻ പ്രതിപക്ഷം തീരുമാനിച്ചു. ശബരിമല വിഷയത്തിൽ ഊന്നി ചോദ്യോത്തരവേള മുതൽ തടസ്സപ്പെടുത്തുന്ന സമീപനം. അവിടെയും പ്രതിപക്ഷം തന്നെ തിരിച്ചടി നേരിട്ടു. വിഷയം സർക്കാർ ചർച്ചയ്ക്ക് എടുത്താലോ എന്ന ഭയമാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് പിന്നിൽ എന്ന് മന്ത്രിമാർ തന്നെ ആരോപിച്ചുALSO READ: കിടങ്ങൂർ പഞ്ചായത്തിലെ യുഡിഎഫ്- ബിജെപി അവിശുദ്ധ ബന്ധം: പുറത്താക്കിയവരെ തിരിച്ചെടുത്ത് ജോസഫ് ഗ്രൂപ്പ്രണ്ട് പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിൽ സത്യാഗ്രഹം ആരംഭിച്ചതും ഈ സഭാ സമ്മേളനം സാക്ഷ്യം വഹിച്ചു. പ്രതിപക്ഷത്തിന്റെ പതിവ് സമരങ്ങൾ ലക്ഷ്യം തെറ്റി അവസാനിക്കുന്നത് പോലെ അവരുടെ സമരവും മൂന്നു ദിനം കഴിഞ്ഞപ്പോൾ ആരും അറിയാതെ അവസാനിപ്പിക്കപ്പെട്ടു. അവസാന ദിവസം – വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ച് 3 പ്രതിപക്ഷ എംഎൽഎമാർ സസ്പെൻഷൻ വാങ്ങിയതിലൂടെ അവർ പ്രതീക്ഷിച്ച മൈലേജ് ഉണ്ടാക്കാനും സാധിച്ചില്ല എന്ന് മാത്രമല്ല വലിയ വിമർശനം പൊതുജനസമക്ഷം ഉയരുകയും ചെയ്തു. ചുരുക്കത്തിൽ ഏതു വിഷയത്തിലും ചർച്ച നടത്താം എന്ന സർക്കാരിൻറെ തുറന്ന സമീപനം ഈ സമ്മേളനത്തിന്റെ മാതൃകയായപ്പോൾ എങ്ങനെ ഒരു പ്രതിപക്ഷം പ്രവർത്തിക്കരുത് എന്നതിൻറെ നേർസാക്ഷ്യം കൂടിയായി ഈ സഭ സമ്മേളനം മാറി.The post പ്രതിപക്ഷം അമ്പെ പരാജയപ്പെട്ട സഭാ സമ്മേളനം; സർക്കാരിനെ വെട്ടിലാക്കാമെന്ന് കരുതി, ഒടുവിൽ സ്വയം കുഴിയിൽ വീണ് കോൺഗ്രസ് appeared first on Kairali News | Kairali News Live.