വയനാട് പുനരധിവാസത്തിന് സഹായം, കോഴിക്കോട് എയിംസ്; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി മുഖ്യമന്ത്രി.

Wait 5 sec.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിക്കാഴ്ചയില്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്ന് 2,221.03 കോടി രൂപ ഗ്രാന്‍റ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കൂടാതെ, കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതിന് എത്രയും പെട്ടെന്ന് അംഗീകാരം നല്‍കണമെന്നും കേരളത്തിന്റെ വായ്പാ പരിധിയില്‍ ഏര്‍പ്പെടുത്തിയ വെട്ടിക്കുറവുകളില്‍നിന്ന് സംസ്ഥാനത്തിന് ആശ്വാസം നല്‍കണമെന്നും ആവശ്യപ്പെട്ട് ഒരു വിശദമായ നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചുപ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്‍റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ ഗൗരവ വിഷയങ്ങളില്‍ അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു. നാലു പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്ന് 2,221.03 കോടി രൂപ ഗ്രാന്‍റ് അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായുള്ള ഗ്രാന്‍റായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.