വാഷിങ്ടണ്‍ | തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൂടി സമര്‍പ്പിക്കുന്നതായി വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ. ‘ദുരിതമനുഭവിക്കുന്ന വെനസ്വേലയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ ലക്ഷ്യത്തിന് നിര്‍ണായക പിന്തുണ നല്‍കിയ പ്രസിഡന്റ് ട്രംപിനും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.’ എന്നാണ് മരിയ കൊറീന മച്ചാഡോയുടെ പ്രതികരണം.’ഞങ്ങള്‍ വിജയത്തിന്റെ പടിവാതില്‍ക്കലാണ്.സ്വാതന്ത്ര്യവും ജനാധിപത്യവും കൈവരിക്കാന്‍, എന്നത്തേക്കാളുമുപരി ഇന്ന്, പ്രസിഡന്റ് ട്രംപിനെയും യുഎസിലേയും ലാറ്റിന്‍ അമേരിക്കയിലെയും ജനങ്ങളെയും ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളെയും പ്രധാന സഖ്യകക്ഷികളായി ഞങ്ങള്‍ ആശ്രയിക്കുന്നു’-മരിയ കൊറീന മച്ചാഡോ പ്രതികരിച്ചു.മദുറോ സര്‍ക്കാരിനെ ഭയന്ന് ഒളിവില്‍ കഴിയുമ്പോള്‍ ആണ് മച്ചാഡോയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. നിക്കോളാസ് മദുറോ നയിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളിലൂടെയാണ് മച്ചാഡോയെ ലോകം അറിയുന്നത്. ”ബുള്ളറ്റിനേക്കാള്‍ ബാലറ്റിന് വേണ്ടി നില്കുന്നതിനുള്ള ശ്രമത്തെ ആദരിക്കുന്നു. ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തിന്റെ ജ്വാലകള്‍ സംരക്ഷിക്കുന്നതിനുള്ള ആദരമായി പുരസ്‌കാരം സ്വീകരിക്കണം’ – നൊബേല്‍ സമിതി മച്ചാഡോയോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖം ആയിരിക്കുമ്പോഴും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മച്ചാഡോയെ സര്‍ക്കാര്‍ അനുകൂല കോടതി അയോഗ്യയാക്കിയിരുന്നു. സര്‍ക്കാറിന്റെ വേട്ടയാടല്‍ ഭയന്ന് ഒളിവില്‍ കഴിയുന്ന മച്ചാഡോ പുരസ്‌കാരം അപ്രതീക്ഷിതം എന്ന് പ്രതികരിച്ചു.വെനസ്വേലയിലെ അമേരിക്കന്‍ താല്പര്യങ്ങള്‍ക്കായി വാദിക്കുന്ന വ്യക്തിക്ക് പുരസ്‌കാരം നല്‍കുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വെനസ്വലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ഇടപെടണം എന്ന് വാദിക്കുന്ന മച്ചാഡോ, കടുത്ത ഷാവേസ് വിരോധിയും മുതലാളിത്തതിന്റെ വക്താവും ആണ്. അതേസമയം ട്രംപിനെ തഴഞ്ഞ നോര്‍വീജിയന്‍ സമിതിയോടുള്ള അമര്‍ഷം വൈറ്റ് ഹൗസ് പരസ്യമാക്കി. യുദ്ധങ്ങള്‍ ഇല്ലാതാക്കുന്നതും സമാധാനക്കരാറുകള്‍ ഉണ്ടാക്കുന്നതും മനുഷ്യ ജീവന്‍ രക്ഷിക്കുന്നതും ട്രംപ് തുടരും എന്നും നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാന്‍ മറ്റൊരാള്‍ ഉണ്ടാകില്ലെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് പ്രതികരിച്ചു.