ഡോ. എൻ. പി. ചന്ദ്രശേഖരൻഓണം പലർക്കും പലതുമാകാം. എനിക്കു പക്ഷേ, ആ പലതിൽ മുമ്പിൽവരും പുലിക്കളിയും കുമ്മാട്ടിക്കളിയും — ഈയുള്ള‍വൻ ഒരു തൃശ്ശൂർക്കാരൻ. പലേടത്തുമുണ്ട് പുലിക്കളി. പക്ഷേ, ഒന്നുവേറേയാണ് തൃശ്ശൂരെ പുലിക്കളി. ഞങ്ങൾക്ക് പുലിയെന്ന വാക്കിൽ പുലിയും കടുവയും പെടും. പുലി ഞങ്ങൾക്കു പുള്ളിപ്പുലി; കടുവ വരയൻപുലിയും. കടുവകൂടി കളിക്കുന്ന കളി അങ്ങനെ പുലിക്കളിയായി. തൃശ്ശൂരെ കളിപ്പുലിയ്ക്ക് ഉടുത്തുകെട്ടല്ല. അയാൾ പുലിയാവുക രോമംവടിച്ച്, ചായംകൊണ്ട് ദേഹം മു‍ഴുവൻ അടിനിറവും വരയും പുള്ളിയും വരച്ച്. അതും, സാക്ഷാൽ ചായംകൊണ്ട്. ചായത്തിന്റെ പൊടി മിനുക്കെണ്ണയിൽ, വാർണീഷിൽ, അരയ്ക്കും. അതാണ് മനുഷ്യനെ പുലിയാക്കുക.കളിക‍ഴിഞ്ഞാൽ മണ്ണെണ്ണ തേച്ചുവേണം നിറം നീക്കാൻ. ഒരു വെറുംകളിക്ക് ലോഹത്തിലും തടിയിലും ഭിത്തിയിലുമൊക്കെ പൂശുന്ന, ആണ്ടുകൾ നിലനില്ക്കുന്ന, തനി പെയ്ന്റ് തന്നെ വേണോ? ചോദിച്ചുനോക്കൂ— “പുലിക്കളി, കള്യല്ലാ ട്ടാ” എന്നാവും തൃശ്ശൂരിന്റെ ഉത്തരം. കളിപ്പുലിയുടെ ചമയങ്ങൾ പുലിത്തലയും പുലിനിറം കൊടുത്ത അരയുടുപ്പുമാണ്— പുലികളാണെന്നു തോന്നിപ്പിക്കുന്ന പുലികളാണ് എല്ലാ പുലികളും എന്നുപറയുംപോലെ.അല്ലെങ്കിലും, ഭരണകൂടം കടലാസുപുലിയാണ് എന്നു വിശ്വസിക്കുന്നവരാണ് പുലിക്കളിക്കാരിലെപുപ്പുലികളത്രയും. മറന്നു, അരമണിയുമുണ്ട്. പൂച്ചയ്ക്കാരു മണികെട്ടും എന്നത് നാടോടിക്കഥയിലെഎലികളുടെ പ്രശ്നം; പുലിയ്ക്കുതന്നെ മണികെട്ടിയവരാണ് തൃശ്ശൂർപ്പുലികൾ എന്ന് കഥകൾക്കറിയില്ല.(അര നൂറ്റാണ്ടു മുമ്പ് പുലിത്തലയില്ല. പുലിച്ചെവികളുള്ള തൊപ്പിയും ചെവിപ്പീലിയും മുഖത്തുവരയുമാണ്. അക്കാലത്ത് വയ്പ്പുവാലും കണ്ടിട്ടില്ല.) പുലിത്താളം ചെണ്ടയിലാണ്. അതും, സാക്ഷാൽ ചെണ്ട. ചെണ്ട അസുരവാദ്യമാണെന്നു പറയും. അതു ശരിയുമാകാം. പക്ഷേ, ചെണ്ട അക്ഷരാർത്ഥത്തിൽ അസുരവാദ്യമാവുക പുലിക്കളിയിലാണ്. പുലിക്കൊട്ട് ചിട്ടപ്പടി പഠിക്കേണ്ടത്ര ഗഹനമല്ല. പുളിങ്കമ്പുകൊണ്ട് അമ്മിക്കല്ലിലും മരക്കട്ടയിലും കൊട്ടിപ്പഠിച്ചു തെളിയേണ്ട കാര്യമൊന്നുമില്ല പുലിക്കൊട്ടുകാർ. ആർക്കും കൊട്ടാവുന്നത്ര ലളിതമാണ് ആ കൊട്ട്. പുലിക്കൊട്ടിന്റെ ലളിതവായ്ത്താരി “പുലിക്കൊട്ടും പണത്തേങ്ങേം” എന്ന്. കൊട്ടുമൂക്കുമ്പോൾ “ചവിട്ടിമദ്ദളം ചവിട്ടിപ്പൊട്ടി” എന്ന താളത്തിലേയ്ക്കും അതെത്തും.“ഡങഡ ഡങ ഡങ ഡങഡ ഡങ ഡങ” എന്ന ഒരു ചൊൽക്കെട്ടുമുണ്ട് പുലിക്കൊട്ടിന്. ഓരോ തൃശ്ശൂർക്കുട്ടിയുടെയും രക്തത്തിലുണ്ട് ആ ചൊല്ല്. ഒരു ഉല്ലാസക്കൂട്ടത്തിൽ “ഡങഡ ഡങ ഡങ” എന്ന്ഒരാൾ താളമിട്ടാൽമതി: മറ്റൊരാൾ വെറുംകൈ കൊട്ടും. വേറൊരാൾ മേശയിലോ മറ്റോ കൂടെച്ചേരും. ഇനിയും ചിലർ കളിതന്നെ തുടങ്ങും. പുലിക്കളി ചുവടുവച്ചുകളിയാണ്. ആ ചുവടും ആരും ആരെയും പഠിപ്പിക്കുന്നതല്ല; കണ്ടു കളിക്കുന്നതാണ്. ചുവടു വയ്ക്കണം, കൈവിരൽ ചുരുട്ടി കൈമടക്കി കൈയാംഗ്യം പിടിക്കണം, മേലാകെ ഒരല്പം കുനിഞ്ഞുനിവരണം, ചെരിഞ്ഞ ഒരു നോട്ടം വരണം, മേളത്തിനൊപ്പം തലകുലുക്കുകയും വേണം — അങ്ങനെ, അഞ്ചടവുകളെങ്കിലുമുണ്ട് പുലിക്കളിക്ക്. പുലിക്കളിക്ക് പരിശീലനമൊന്നുമില്ല. സാധാരണക്കാർ കളിദിവസംമാത്രം കൈയിൽ വരുന്ന ചെണ്ടയെടുത്ത് വെറുംകൊട്ടായി പുലിക്കൊട്ടു കൊട്ടുമ്പോൾ അന്തിച്ചുപോകും.ഒരേ ക്ലാസിൽ ഒരുമിച്ചിരുന്നു പഠിക്കുന്ന, തോറ്റു പഠിക്കുന്നതിനാൽ മൂപ്പേറിയ, ചിലർ ചെണ്ടക്കാരിൽ ചേരുമ്പോൾ, കുട്ടിപ്പുലികളാകുമ്പോൾ, തരിച്ചുപോകും; ഇവരെങ്ങനെ ഒരു രാത്രികൊണ്ടു കലാകാരന്മാരായി എന്ന്. പക്ഷേ, പിന്നാലേ ഓർമ്മവരും: ഇവരല്ലേ ക്ലാസിലെ മേശയിലും ബെഞ്ചിലും തട്ടികയിലും പുലിത്താളമിടാറ്, സ്കൂളിനു കപ്പു കിട്ടുമ്പോഴൊക്കെ വെറുംപാട്ടയും കോലുമെടുത്ത് പുലിക്കൊട്ടും പുലിക്കളിയും അരങ്ങേറാറ്! ഓണദിവസങ്ങളിൽ തൃശ്ശൂരെ കരകളിൽ പുലിയിറങ്ങും. വീടുകളിലും കടകളിലും കയറിയിറങ്ങി പുലിക്കൂട്ടങ്ങൾ കാശുപിരിക്കും. നാലോണനാൾ എല്ലാ ദേശക്കാരും പട്ടണത്തിലെത്തി വടക്കുംനാഥനെ വലംവച്ചു കളിക്കും. നഗരം പുലികളുടേതാകും.കേരളത്തിന്റെ നാലോണമല്ല തൃശ്ശൂർക്കാർക്കു നാലോണം. തിരുവോണമേ ഇവിടെ ഒന്നാമോണമാകൂ. അതിനാൽ, ഞങ്ങൾക്കു നാലോണം പൂരുരുട്ടാതി. പോരാ, ഞങ്ങൾക്ക് ഓണംപോലും പുലിക്കളിയുടെ കാഹളവാദക. കുട്ടിക്കാലത്ത് വിസ്മയസ്തബ്ധനായി നാലോണങ്ങളിൽക്കണ്ട പുലിക്കളിയാണ് എന്റെ ഓർമ്മകളിലെ ഏറ്റവും നല്ല പുലിക്കളികൾ. അതുതന്നെയാണ് എന്റെ ഓണപ്പൂർണ്ണത.“അപ്പൊ, ന്തൂട്ടാ ഈ പുലിക്കളീടെ മറി?” ഇത്തിരിപ്പോന്ന ഒരുവനെ ഒരേയൊരു രാത്രികൊണ്ട് എന്തിനുംപോന്നവനാക്കുന്ന വിസ്മയമാണ് പുലിക്കളി. അപ്പോഴാണ്— അവനിൽനിന്ന് അവർ പ്രതീക്ഷിക്കാത്ത വന്യതാളമുയരുന്നത്.— അവനിൽ അവർ കിനാവിൽപ്പോലും കാണാത്ത മദനൃത്തമുറയുന്നത്.— അവൻ വായിൽ മണ്ണെണ്ണ നിറച്ച് പന്തത്തിൽ ഊതി സ്വയം അഗ്നിപർവ്വതമാകുന്നത്.— അവൻ രണ്ടു കൈയിലും രണ്ടറ്റവും കത്തിച്ച പന്തങ്ങളെടുത്ത് അഭ്യാസിയാകുന്നത്.— അവൻ കൂട്ടുകാർ തോളിലെടുത്ത ഉലയ്ക്കകളിൽ കാലൂന്നി ആകാശനൃത്തംചെയ്യുന്നത്.— അവൻ, ഓണമല്ലാദിനങ്ങളിൽ കരിയിലയേക്കാൾ നിസ്സാരനായി നടന്ന തെരുവിൽചക്രവർത്തിയേക്കാൾ അലംകൃതനായി നടകൊള്ളുന്നത്.— അവൻ ആട്ടിയോടിക്കപ്പെട്ട നാട്ടുനേതാവിന്റെ ഓർമ്മയുടെ ഉത്സവത്തിന്റെ ഏകാന്തപ്രതീകമാകുന്നത്.കാവുതീണ്ടുന്ന കോമരത്തിന്റെ പെരുമ അരമണികെട്ടിയ പുലിയ്ക്കും കിട്ടും; കൊടിയെടുത്ത തൊ‍ഴിലാളിയുടെ കരുത്ത് ചായമിട്ട പുലിയ്ക്കും കിട്ടും.പുലിക്കളി നാലാമോണത്തിന് തൃശ്ശൂരു നടക്കുന്ന ഒരു തെരുക്കൂത്തല്ല— വരാനിരിക്കുന്ന ശരിയോണനാളിൽ ഭൂമി കാണാനിരിക്കുന്ന പെരുങ്കളിയുടെ പ്രതീകമാണ്.പുലിക്കളി ഈയുള്ളവനെക്കൊണ്ട് ഒരു കവിതയും എ‍ഴുതിച്ചിട്ടുണ്ട്:പുലിക്കൊട്ടും പുലിത്താളോംപുലിക്കൊട്ടും പുലിത്താളോംപുലിച്ചോടും പുലിയാർപ്പുംപുലിവെളക്ക് കൊളുത്തിവെച്ച്പുലിത്തേങ്ങയെറിഞ്ഞൊടച്ച്പുലിക്കളി കൊ‍ഴുക്കുമ്പോൾപുലിക്കൂട്ടം തിമിർക്കുമ്പോൾപുരമിന്ന് പുലിക്കാട്പുരിയ്ക്കാകെ പുലിഹരംവടക്കുന്ന് പുലിയേറ്റംതെക്കുന്ന് പുലിയോട്ടംകെ‍ഴക്കുന്ന് പുലിയെറക്കംപടിഞ്ഞാറ് പുലിയെളക്കംപുലി പുലി പുലി പുലിപുലി പുലി പുലി പുലിപുടത്തുമ്പേൽ പണം കെട്ടിപണംകൊണ്ട് പുളപ്പോരേപല പെട്ടീൽ പണം പൂട്ടിപണം കാട്ടി പുലമ്പ്വോരേപല നാട്ടിൽ പണം കൂട്ടിപണക്കാലം ഭരിപ്പോരേപണക്കൊട്ടും പണമാർപ്പുംപണത്താളോം പണച്ചോടുംപണഞായോം പണനീതീംപണച്ചട്ടോം പടപ്പോരേപണി ചെയ്യാണ്ടിരിപ്പോരേപണിവോരെ മുടിപ്പോരേപുലിക്കളി ക‍ഴിയാറായ്പുലിക്കാര്യം തുടങ്ങാറായ്പുലി വരും പുലി വരുംനെലം പൊട്ടി പുലി വരുംപുലി വരും പുലി വരുംമാനം കീറി പുലി വരുംഎലികളെ പുലികളാക്കിഇരകളെ നരികളാക്കിപുലിച്ചെണ്ടയിടിമൊ‍ഴക്കിപുലിത്താളം തറ കിടുക്കിപുലിയുണ്ട കുലുകുലുക്കിപുലിമണി കിലുകിലുക്കിപുലിത്തറ തകർത്തറഞ്ഞ്പുലിമരം പറിച്ചെറിഞ്ഞ്പുലിയൊലയ്ക്ക കളിച്ചൊടിച്ച്പുലിമലക്കം മറമറഞ്ഞ്പുലിച്ചൂര് പുരം നെറച്ച്പുലിയലർച്ച പൊലിപൊലിച്ച്പുലി വരും പുലി വരുംപുലി വരും പുലി വരുംപുരിയ്ക്കന്ന് പുലിപ്പേടിപുലിക്കാലമന്ന് കാലം!പുലിവാല്: തൃശ്ശൂരെ പുലിയ്ക്ക് ഐതിഹ്യത്തിൽ വേരില്ല. പണ്ട് ടിപ്പു പട്ടണത്തിൽ പാളയമടിച്ചപ്പോൾ സുൽത്താന്റെ പഠാണിപ്പടയാളികൾ തെരുവിൽ കടുവയുടെ വേഷം കെട്ടി ശക്തിപ്രകടനം നടത്തി. ഹരംപകരുന്ന ആ വിനോദം തൃശ്ശൂർ ഓണാഘോഷത്തിൽ ഉൾക്കൊണ്ടു — അതാണ് കേട്ടുകേൾവി. എന്നാൽ, ഈയിടെ ചിലർ പറയാൻ തുടങ്ങിയിട്ടുണ്ട് പുലിക്കളി ശക്തൻ തമ്പുരാൻതന്നെ തുടങ്ങിവച്ചതാണെന്ന്. ആദ്യത്തെ പുലികളിക്ക് പുലിത്തലവനായി വേഷംകെട്ടിയിറങ്ങിയത് തമ്പുരാൻതന്നെയാണ് എന്നു പറയാത്തത് ഭാഗ്യം!The post Onam Special | ഓണത്തിലെ പുലിയിറക്കം appeared first on Kairali News | Kairali News Live.