ബഹിരാകാശത്ത് മറ്റൊരു ജൈവലോകം; പ്രശസ്ത സിനിമ നിരൂപകന്‍ ജി പി രാമചന്ദ്രന്‍ എഴുതുന്നു

Wait 5 sec.

ക്രിസ്റ്റഫര്‍ നോളന്റെ ഇന്റര്‍സ്റ്റെല്ലര്‍ ((യുഎസ്എ/2014) വിസ്മയകരമായ ഒരു സിനിമയാണ്. നക്ഷത്രങ്ങളുടെയിടയില്‍ എന്നര്‍ത്ഥം വരുന്ന ഇന്‍ര്‍സ്റ്റെല്ലറില്‍ സയന്‍സ് ഫിക്ഷനും ബഹിരാകാശ ജീവിതവും സമയയാത്രയും സമ്മേളിക്കുന്ന അപൂര്‍വ്വമായ ഒരു കഥയാണ് പ്രാഥമികമായി പറയുന്നത്. അല്‍ഫോന്‍സോ കുറോണ്‍ സംവിധാനം ചെയ്ത ഗ്രാവിറ്റി (2013) പോലെ ലോക സിനിമാ പ്രേക്ഷകരില്‍ അത്ഭുതവും ആദരവും ജനിപ്പിച്ച സിനിമയാണ് ഇന്റര്‍സ്റ്റെല്ലറ്റും. മെട്രോപോളീസ് (1927) മുതല്‍ 2001 എ സ്പെയ്സ് ഒഡീസി (1968), സ്റ്റാര്‍ വാര്‍സ്(1982), ഏലിയന്‍ (1977) എന്നീ സിനിമകളുടെയും തര്‍ക്കോവ്സ്‌കിയുടെ മിററി(1975)ന്റെയും സ്വാധീനത്തെക്കുറിച്ച് സൂചിപ്പിക്കുന്ന നോളന്‍ ഗ്രാവിറ്റിയെക്കുറിച്ച് എന്നാല്‍ എവിടെയും പരാമര്‍ശിക്കുന്നതേ ഇല്ല.മനുഷ്യരാശി അനിവാര്യമായ ഒരു സമ്പൂര്‍ണവിനാശത്തിലേയ്ക്കു പോകുകയാണെന്നതാണ് ഈ സിനിമയുടെ മുന്നുപാധി. അതിനുള്ള പ്രതിവിധിയായി മനുഷ്യന്‍ എന്ന ജീവിവര്‍ഗ്ഗത്തെ ബഹിരാകാശത്ത് മറ്റൊരു ജൈവ ലോകമുണ്ടാക്കി അവിടെ ജനിപ്പിച്ച് വളര്‍ത്തിയെടുക്കാനുമുള്ള പരിശ്രമമാണ് ഈ സിനിമയിലുള്ളത്. കേള്‍ക്കുമ്പോള്‍ അസംബന്ധമെന്നു തോന്നുമെങ്കിലും ക്രിസ്റ്റഫര്‍ നോളന്റെ അസാമാന്യമായ പരിചരണം കൊണ്ട് ത്രസിപ്പിക്കുന്ന ഒരു ചലച്ചിത്രാനുഭവമാക്കി മാറാന്‍ ഇന്റര്‍സ്റ്റെല്ലറിന് സാധിക്കുന്നുണ്ട്. തിയററ്റിക്കല്‍ ഫിസിസിസ്റ്റായ നോബല്‍ ജേതാവ് കിപ് തോര്‍ണ്‍ ഇന്റര്‍സ്റ്റെല്ലറിന്റെ ശാസ്ത്ര ഉപദേശകനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.Also Read : ‘റെഡിയല്ലേ ? തിരുവനന്തപുരം ഒരുങ്ങി’; തിളങ്ങി നിൽക്കുന്ന തലസ്ഥാന നഗരിയുടെ വീഡിയോ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്മനുഷ്യരാശിയുടെ വംശനാശമാണ് ഇന്റര്‍സ്റ്റെല്ലറിന്റെ പ്രമേയമെങ്കിലും മറ്റൊരു വംശനാശത്തെ അത് തല്ക്കാലത്തേയ്ക്ക് പിടിച്ചു നിര്‍ത്തി. ഡിജിറ്റല്‍ വിപ്ലവത്തെത്തുടര്‍ന്ന് ഏതാണ്ട് ഇല്ലാതായ ഫിലിംസ്റ്റോക്കിലാണ് ഇന്റര്‍സ്റ്റെല്ലര്‍ ചിത്രീകരിച്ചത്. അതും എഴുപത് എംഎം ഐമാക്സില്‍. ഈ ഫോര്‍മാറ്റിലും അത് ലഭ്യമല്ലാത്തിടത്ത് മുപ്പത്തഞ്ച് എം എം ഫിലിമിലും ഐമാക്സ് ഡിജിറ്റലിലും എല്ലാം പ്രദര്‍ശിപ്പിച്ച ഇന്റര്‍സ്റ്റെല്ലര്‍ സാധാരണ ഡിജിറ്റല്‍ പതിപ്പായും പിന്നീട് നെറ്റ്ഫ്ളിക്സ് വഴി ഒടിടിയിലും വ്യാപകമായി പ്രദര്‍ശിപ്പിച്ചു. മുടക്കമുതലിന്റെ ഏതാണ്ട് അഞ്ചിരട്ടി പണം തിരിച്ചെടുക്കുകയും ചെയ്തു. ഇന്ത്യയിലെ നെറ്റ്ഫ്ളിക്സ് ചാനലില്‍ നിന്ന് പിന്‍വലിച്ച ഇന്റര്‍സ്റ്റെല്ലര്‍ ഇപ്പോള്‍ ആമസോണ്‍ പ്രൈമിലാണ് കാണിക്കുന്നത്. ബിറ്റ് ടോറന്റ് വഴി ഏറ്റവും കൂടുതല്‍ നിയമവിരുദ്ധ ഡൗണ്‍ലോഡിംഗ് നടത്തപ്പെട്ട സിനിമകളിലൊന്നുമാണ് ഇന്റര്‍സ്റ്റെല്ലര്‍.ഈ വര്‍ഷം ആദ്യം ഇന്ത്യയിലെ തെരഞ്ഞെടുത്ത തിയേറ്ററുകളില്‍ ഇന്റര്‍സ്റ്റെല്ലര്‍ പുന:പ്രദര്‍ശനം നടത്തി. ഇരുപതു കോടി രൂപയാണ് ആകെ കളക്ഷന്‍. ഇതില്‍ മൂന്നു കോടി രൂപ കേരളത്തില്‍ നിന്നാണ്.നാസയില്‍ നിന്നു വിരമിച്ച് ചോള കൃഷിയും ചെയ്ത് ജീവിക്കുന്ന വിഭാര്യനായ ജോസഫ് കൂപ്പര്‍ ആണ് ഇന്റര്‍സ്റ്റെല്ലറിലെ നായകകഥാപാത്രം. മാത്യു മക്കൊണഹേ ആണ് ഈ വേഷത്തില്‍. എന്‍ഡുറന്‍സ് എന്ന ബഹിരാകാശ നൗകയില്‍ ജൂപ്പിറ്റര്‍ ഗ്രഹത്തിനടുത്തുള്ള ബ്ലാക്ക് ഹോളിലൂടെ സമയത്തെയും ദൂരത്തെയും കവച്ചു വെച്ച് യാത്ര ചെയ്യുകയാണ് അദ്ദേഹവും സംഘവും. ആന്‍ ഹാത്തവേ അവതരിപ്പിക്കുന്ന ഡോക്ടര്‍ അമേലിയ ബ്രാന്റ് ആണ് സംഘത്തിലെ മറ്റൊരു പ്രധാന അംഗം. ഈ യാത്രയുടെയും സംരംഭത്തിന്റെയും ഡയരക്ടര്‍ പ്രൊഫസര്‍ ജോണ്‍ ബ്രാന്റ് ആണ്. അദ്ദേഹത്തിന്റെ മകളാണ് അമേലിയ. മറുപ്രപഞ്ചത്തില്‍ മനുഷ്യരധിവസിക്കുന്ന ഭൂമിയുടെ ഒരു കോളനി ഉണ്ടാക്കാനാണ് അവര്‍ പോകുന്നത്.ബ്ലാക്ക്‌ഹോളിനെക്കുറിച്ചെന്നതു പോലെ, കുടുംബത്തെക്കുറിച്ചും മക്കളോടും തിരിച്ചുമുള്ള സ്നേഹത്തെക്കുറിച്ചും ത്യാഗസഹനത്തെക്കുറിച്ചും കൂടിയുള്ള സിനിമയാണ് ഇന്റര്‍സ്റ്റെല്ലര്‍. മനുഷ്യരാശിയ്ക്കു വേണ്ടി ചില കണ്ടുപിടുത്തങ്ങള്‍ നടത്താനും ചില കാര്യങ്ങള്‍ ചെയ്യാനും നിങ്ങള്‍ മക്കളെ വേര്‍പിരിയുന്നതടക്കമുള്ള കടുത്ത ത്യാഗങ്ങള്‍ നിര്‍വഹിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് ഈ സിനിമയില്‍ പ്രബലമാണ്.ഇന്റര്‍സ്റ്റെല്ലര്‍ സയന്‍സ് ഫിക്ഷന്‍ സിനിമയാണ് എന്നതും അത് ബഹിരാകാശത്തെ യാത്രകളും സാഹസങ്ങളും പരീക്ഷണങ്ങളുമാണ് ഇതിവൃത്തമാക്കുന്നതെന്നതും വാസ്തവമായിരിക്കെ തന്നെ, ജീവന്‍ എന്ന മൗലികമായ യാഥാര്‍ത്ഥ്യമാണ് അതിന്റെ തുടിപ്പ്. ഈ പ്രപഞ്ചത്തിലോ മറുപ്രപഞ്ചങ്ങളിലോ ജീവന്റെ കണികകളെങ്കിലും ഇല്ലായിരുന്നെങ്കില്‍ ഇത്തരം ചര്‍ച്ചകളോ അന്വേഷണങ്ങളോ ഗവേഷണങ്ങളോ സിനിമകളോ ശാസ്ത്രമോ സാങ്കേതികതയോ കലകളോ ഒന്നും ഉണ്ടാവില്ല എന്ന ഭീകരമായ ആലോചനയെ ഇന്റര്‍സ്റ്റെല്ലര്‍ ഉള്‍വഹിക്കുന്നുണ്ട്.ഭൂമിയുടെ കോളനികളാക്കാന്‍ ബഹിരാകാശത്തെ മറ്റു പ്രപഞ്ചങ്ങള്‍ തേടിപ്പോവുന്ന നായകര്‍, അവരെ നിര്‍ണയിക്കുന്ന സകലതില്‍ നിന്നും വേര്‍പെട്ടു പോവുന്നു. അവരുടെ അടുത്ത ബന്ധുക്കളില്‍ നിന്നും, അവരുടെ സ്നേഹപരിചരണങ്ങളില്‍ നിന്നും, അവരുടെ വ്യക്തിചരിത്രത്തില്‍ നിന്ന്, അവരുടെ സംസ്‌ക്കാരത്തില്‍ നിന്ന് എന്തിന് ഭൂമി എന്ന ഗ്രഹത്തില്‍ നിന്നു തന്നെ അവര്‍ പേര്‍പെടുന്നു. ഭൂമിയില്‍ നിന്ന് വേര്‍പെടുന്നതിനാല്‍ ഭൂമിയുടെ സമയക്രമവും സ്ഥലബോധവും ഗുരുത്വാകര്‍ഷണമടക്കമുള്ള സവിശേഷതകളും അവരെ ബാധിക്കുന്നില്ല. അവര്‍ അതിനതീതരാണ്. അല്ലെങ്കില്‍, മറുപ്രപഞ്ചങ്ങളിലെ സമയ-സ്ഥല- നിയമങ്ങളാണ് അവരെ ഭരിക്കുക.ദാര്‍ശനികതയേക്കാള്‍ വൈകാരികതയ്ക്കാണ് ക്രിസ്റ്റഫര്‍ നോളന്‍ പ്രാമുഖ്യം കൊടുക്കുന്നത്. മനുഷ്യരാശിയുടെ മുഴുവന്‍ സംരക്ഷണവും അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന ഹോളിവുഡ് മഹാഖ്യാനം തന്നെയാണ് ഇന്റര്‍സ്റ്റെല്ലറിലുമുള്ളത്.The post ബഹിരാകാശത്ത് മറ്റൊരു ജൈവലോകം; പ്രശസ്ത സിനിമ നിരൂപകന്‍ ജി പി രാമചന്ദ്രന്‍ എഴുതുന്നു appeared first on Kairali News | Kairali News Live.