വ്യോമയാന മേഖലയില്‍ ഇന്ത്യ ഉയര്‍ന്നു പറക്കുകയാണ്. 2014ല്‍ 74 ആയിരുന്നു രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണമെങ്കില്‍ ഇന്നത് 160ലധികമായി ഉയര്‍ന്നതായി ഞായറാഴ്ച നോയിഡയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ദശകത്തിന്റെ അവസാനത്തോടെ വ്യോമയാന മേഖലയില്‍ ഇന്ത്യ രാജ്യാന്തര ഹബ്ബാകുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ നവിമുംബൈ വിമാനത്താവളം ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുകയുമുണ്ടായി.ലോകത്തെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാന വിപണികളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അഭിമാനകരമാണ് ഈ വളര്‍ച്ച. അതേസമയം വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് പാര്‍ലിമെന്റ് സമിതി കഴിഞ്ഞ ദിവസം സര്‍ക്കാറിനു സമര്‍പ്പിച്ച റിപോര്‍ട്ടിലെ വിവരങ്ങള്‍ അത്ര സുഖകരമല്ല. രാജ്യത്തെ വിമാനങ്ങളില്‍ പകുതിയും സാങ്കേതിക തകരാറുകളോടെയാണ് പറക്കുന്നതെന്നാണ് സമിതിയുടെ കണ്ടെത്തല്‍. 754 വിമാനങ്ങള്‍ പരിശോധിച്ചതില്‍ 377 എണ്ണത്തില്‍ സാങ്കേതിക തകരാറുകള്‍ ബോധ്യപ്പെട്ടു. എന്‍ജിന്‍, ലാന്‍ഡിംഗ് ഗിയര്‍, എവിയോണിക്‌സ് സിസ്റ്റം തുടങ്ങിയവയില്‍ ആവര്‍ത്തിക്കുന്ന തകരാറുകളാണ് സമിതി കണ്ടെത്തിയത്.പ്രവര്‍ത്തന ചെലവുകള്‍ നിയന്ത്രിച്ച് കൂടുതല്‍ ലാഭം നേടാനുള്ള കിടമത്സരത്തിലാണ് വിമാനക്കമ്പനികള്‍. ഇതിന്റെ ഭാഗമായി അറ്റകുറ്റപ്പണികള്‍ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുകയും സ്‌പെയര്‍ പാര്‍ട്‌സുകള്‍ മാറ്റുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്യുന്നു. വിമാനങ്ങള്‍ ആകാശത്ത് സര്‍വീസ് നടത്തുന്ന സമയത്തിന്റെ ദൈര്‍ഘ്യത്തിനനുസരിച്ചാണ് കമ്പനികളുടെ ലാഭം. എത്രയധികം സമയം ആകാശത്ത് പറക്കുന്നുവോ അത്രത്തോളം ലാഭം കൈവരുന്നു. ഇതുകാരണം കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട സമഗ്രമായ സുരക്ഷാ പരിശോധനകള്‍ പലപ്പോഴും ലഘൂകരിക്കപ്പെടുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യുന്നു. പേടിപ്പെടുത്തുന്നതാണ് ലാഭക്കൊതിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്ന വിമാനക്കമ്പനികളുടെ ഈ പ്രവണത.വിമാനങ്ങളുടെ കാലപ്പഴക്കം, മെയിന്റനന്‍സ്, ജീവനക്കാരുടെ കുറവ് തുടങ്ങിയവയാണ് സാങ്കേതിക തകരാറുകള്‍ക്ക് പാര്‍ലിമെന്ററി സമിതി കണ്ടെത്തിയ കാരണങ്ങള്‍. പാട്ടത്തിനെടുത്ത പഴയ വിമാനങ്ങള്‍ ഉപയോഗിച്ചാണ് പല കമ്പനികളും സര്‍വീസ് നടത്തുന്നത്. ഇവയുടെ പ്രവര്‍ത്തനക്ഷമത പലപ്പോഴും സംശയത്തിന്റെ നിഴലിലാണ്. പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനായി കമ്പനികള്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍മാരുടെ എണ്ണം കുറയ്ക്കുകയും ഇതിനെ തുടര്‍ന്ന് കുറഞ്ഞ ജീവനക്കാര്‍ കൂടുതല്‍ വിമാനങ്ങള്‍ പരിശോധിക്കേണ്ട അവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇത് പരിശോധനയുടെ ഗുണനിലവാരം കുറയാനിടയാക്കുക സ്വാഭാവികം.കേവലം യന്ത്രങ്ങളുടെ ഗുണനിലവാരത്തിലും പ്രവര്‍ത്തനക്ഷമതയിലും പരിമിതമല്ല വിമാന സുരക്ഷ. അത് കൈകാര്യം ചെയ്യുന്ന പൈലറ്റുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും മാനസികാരോഗ്യത്തെയും കൂടി ആശ്രയിച്ചാണ്. ഇത്തരം ജീവനക്കാരുടെ കുറവ് മൂലം നിലവിലുള്ള ജീവനക്കാര്‍ക്ക് അധിക ജോലിഭാരം വഹിക്കേണ്ടി വരുന്നുണ്ട്. ജോലിഭാരവും വിശ്രമമില്ലായ്മയും പൈലറ്റുമാരുടെ തീരുമാനമെടുക്കാനുള്ള കഴിവിനെ ബാധിക്കുകയും സുരക്ഷാ മാനദണ്ഡങ്ങളില്‍ പിഴവുകള്‍ സംഭവിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.സാങ്കേതിക തകരാറുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുകയും ചെറിയ തകരാറുകള്‍ യഥാസമയം പരിഹരിക്കാതെ പിന്നീട് തീര്‍ക്കാമെന്ന വിചാരത്തില്‍ മാറ്റിവെക്കുകയും ചെയ്യുന്നത് അപകടകരമാണ്. ചെറിയ തകരാറുകള്‍ അവഗണിച്ച് സര്‍വീസ് തുടരുന്നത് ആകാശത്ത് വെച്ച് വന്‍ തകരാറുകള്‍ക്ക് ഇടയാക്കിയേക്കാം. വ്യോമ ഗതാഗതത്തിലെ സുരക്ഷിതത്വം അതിന്റെ കര്‍ശനമായ നിയന്ത്രണങ്ങളെയും മാനദണ്ഡങ്ങളെയും പരിശോധനകളെയും ആശ്രയിച്ചാണ്. ലാഭക്കൊതിയില്‍ ഇതിനെയെല്ലാം അവഗണിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. ആകാശത്ത് പറക്കുന്ന ഓരോ വിമാനവും യാത്രക്കാരുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. ആ വിശ്വാസം തകര്‍ന്നാല്‍ നഷ്ടപ്പെടുന്നത് ഏതെങ്കിലുമൊരു വിമാനക്കമ്പനിയുടെ സര്‍വീസ് മാത്രമല്ല, വ്യോമയാന മേഖലയെക്കുറിച്ച് മൊത്തത്തിലുള്ള വിശ്വാസവും രാജ്യത്തിന്റെ സത്‌പേരുമാണ്.വിമാനത്താവളങ്ങളിലെ അത്യാധുനക നാവിഗേഷന്‍ സംവിധാനങ്ങളുടെ അഭാവമാണ് മറ്റൊരു സുരക്ഷാ ഭീഷണി. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം പെട്ടെന്നുണ്ടാകുന്ന കാറ്റും മഴയും നേരിടാന്‍ സജ്ജമായിരിക്കണം വിമാനങ്ങള്‍. സാങ്കേതികമായി അത്ര സജ്ജമല്ലാത്ത വിമാനങ്ങള്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.വിമാനക്കമ്പനികള്‍ക്ക് മാത്രമല്ല, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനു(ഡി ജി സി എ)മുണ്ട് വ്യോമയാന സുരക്ഷ ഉറപ്പാക്കേണ്ട ചുമതല. ഇക്കാര്യത്തില്‍ ഡി ജി സി എ കടുത്ത ഉദാസീനതയാണ് കാണിക്കുന്നത്. വിമാനക്കമ്പനികള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ഡി ജി സി എ പരാജയമാണെന്ന ആരോപണം വ്യാപകമാണ്. പാര്‍ലിമെന്ററി സമിതിയുടെ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലെങ്കിലും ഉദാസീനത കൈവെടിഞ്ഞ് ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ ഡി ജി സി എയും വ്യോമയാന മന്ത്രാലയവും സന്നദ്ധമാകേണ്ടതുണ്ട്. സുരക്ഷാ ഓഡിറ്റുകള്‍ കേവല ചടങ്ങായി മാറരുത്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ പിഴ ചുമത്തുന്നതിനപ്പുറം സര്‍വീസ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. അതുവഴി യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശം നല്‍കണം. ആധുനിക സുരക്ഷാ ഉപകരണങ്ങളും ഡിജിറ്റല്‍ പരിശോധനാ സംവിധാനങ്ങളും കര്‍ശനമാക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്. ലാഭത്തേക്കാള്‍ മനുഷ്യജീവന് വില കല്‍പ്പിക്കുന്ന സംസ്‌കാരം വളര്‍ന്നുവരേണ്ടതുണ്ട് വ്യോമയാന മേഖലയില്‍.SummaryThe Indian aviation sector is witnessing significant expansion, with the number of airports increasing to over 160. However, a recent Parliamentary Committee report highlights a disturbing reality: nearly half of the aircraft in the country are flying with technical defects. The report points to cost-cutting measures by airlines, inadequate maintenance, and staff shortages as primary reasons for these safety risks. It calls for stringent monitoring by the DGCA to ensure passenger safety over corporate profits.