വാഷിംഗ്ടണ്‍ | അമേരിക്കയുമായി ധാരണയിലെത്താന്‍ തയ്യാറായില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ നിന്ന് പിന്മാറുമെന്ന സൂചനകള്‍ക്കിടയിലും ട്രംപ് ഭീഷണി തുടരുകയാണ്.ഇറാനെ ഒരിക്കലും ആണവായുധങ്ങളുടെ കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോട് അമേരിക്ക വളരെ അടുത്തെത്തിയെന്നും ട്രംപ് വ്യക്തമാക്കി.ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഏറ്റവും എളുപ്പമുള്ള ലക്ഷ്യങ്ങളാണെങ്കിലും അവയെ ഇതുവരെ സ്പര്‍ശിച്ചിട്ടില്ലെന്നും, എന്നാല്‍ ഉടമ്പടി ഉണ്ടായില്ലെങ്കില്‍ ഇറാന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന രീതിയില്‍ വൈദ്യുതി ഗ്രിഡുകള്‍ തകര്‍ക്കുമെന്നും ട്രംപ് പറഞ്ഞു. കരാറിലെത്താന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ ഇറാന്റെ എല്ലാ വൈദ്യുതി ഉല്‍പ്പാദന നിലയങ്ങളെയും ഒരേസമയം തകര്‍ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അടുത്ത രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ഇറാനെ ശിലായുഗത്തിലേക്ക് തള്ളുന്ന രീതിയിലുള്ള സൈനിക നടപടികള്‍ ഉണ്ടാകുമെന്നാണ് ഭീഷണി.പത്തുദിവസത്തിനുള്ളില്‍ ഇറാന്റെ എല്ലാ നാവിക സേനാ ശേഷിയും തകര്‍ത്തതായും അമേരിക്കന്‍ സൈന്യത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ട്രംപ് അവകാശപ്പെടുന്നത്. ഇറാന്റെ സൈനിക ശേഷി ഭൂരിഭാഗവും തകര്‍ക്കപ്പെട്ടുവെന്നും നാവികസേന ഇല്ലാതായെന്നുമാണ് ട്രംപിന്റെ വാദം. വ്യോമസേന തകര്‍ന്നടിഞ്ഞെന്നും നേതൃത്വത്തിന്റെ വലിയൊരു ഭാഗത്തെ ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈല്‍ വിക്ഷേപണ ശേഷി ഗണ്യമായി കുറച്ചതായും പ്രതിരോധ ഫാക്ടറികളും അടിസ്ഥാന സൗകര്യങ്ങളും മിക്കവാറും നശിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.