മലപ്പുറം | ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് മഅ്ദിന്‍ അക്കാദമി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന 27-ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 14ന് ചൊവ്വാഴ്ച നടക്കും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ നടക്കുന്ന ക്യാമ്പില്‍ ഗവണ്‍മെന്റ്, സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേന യാത്രതിരിക്കുന്നവര്‍ക്ക് പങ്കെടുക്കാം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ലക്ഷദ്വീപ്, നീലഗിരി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരക്കണക്കിന് ഹാജിമാരെ സ്വീകരിക്കുന്നതിന് വിപുലങ്ങളായ സൗകര്യങ്ങളാണ് മഅ്ദിന്‍ ക്യാമ്പസില്‍ ഒരുക്കുന്നത്.മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ഹജ്ജ് പണ്ഡിതനായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസ് നയിക്കും. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി സംശയനിവാരണത്തിന് നേതൃത്വം നല്‍കും. ലഗേജ്, കുത്തിവെപ്പ്, യാത്രാസംബന്ധമായ വിവരങ്ങള്‍, മക്കയിലേയും മദീനയിലേയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ വിവരണം എന്നിവയുമുണ്ടാകും.കഅ്ബയുടെ ഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി കഅ്ബ, മഖാമു ഇബ്റാഹീം, സ്വര്‍ണപ്പാത്തി, കഅ്ബയുടെ മൂലകള്‍, ഹിജ്ര് ഇസ്മാഈല്‍, ഹജറുല്‍ അസ്വദ് തുടങ്ങിയവ മാതൃകാ കഅ്ബയുടെ സഹായത്തോടെ ഹാജിമാര്‍ക്ക് പരിചയപ്പെടുത്തും. ഹാജിമാര്‍ക്ക് ആവശ്യമായ ക്ലോക്ക് റൂം, വാഷ്‌റൂമുകള്‍, നിസ്‌കാര സൗകര്യം എന്നിവയും ഒരുക്കും. വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യമുണ്ടാവും. ക്യാമ്പിനെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.വൈകുന്നേരം അഞ്ചിന് സമാപിക്കുന്ന പരിപാടിയില്‍ നൂറുകണക്കിന് യതീംകുട്ടികള്‍, സാദാത്തുക്കള്‍, ഹിഫ്ള് വിദ്യാര്‍ഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥനയും നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും: 9072310111, 9072310222.ഹാജിമാരെ സഹായിക്കുന്നതിനായി നഗരിയില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നിട്ടുണ്ട്. സമസ്ത ജില്ലാ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി വൈസ് ചെയര്‍മാനുമായ പി ഇബ്റാഹിം ബാഖവി ഉദ്ഘാടനം നിര്‍വഹിച്ചു. ഹജ്ജ് ക്യാമ്പ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സയ്യിദ് നിയാസ് അല്‍ ബുഖാരി, മഅ്ദിന്‍ മാനേജര്‍ എം ദുല്‍ഫുഖാര്‍ അലി സഖാഫി, സൈതലവി സഅദി, നൗഫല്‍ കോഡൂര്‍, സൈതലവിക്കോയ കൊണ്ടോട്ടി, അബ്ദുറഹ്മാന്‍ നല്ലളം, അബ്ദുസ്സമദ് ഹാജി വടക്കാങ്ങര, അബ്ദുല്ല ഹാജി മേല്‍മുറി, ശിഹാബലി അഹ്സനി, സ്വാലിഹ് സഖാഫി അന്നശ്ശേരി, റിയാസ് സഖാഫി അറവങ്കര, സൈനുദ്ധീന്‍ ലത്വീഫി, സഫീര്‍ കുറ്റിപ്പാല സംബന്ധിച്ചു.