മനാമ: ബഹ്‌റൈനിലെ സാർ മേഖലയിൽ ദമ്പതികളുടെയും കുഞ്ഞിന്റെയും മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതിയുടെ ശിക്ഷാവിധി സുപ്രീം കോടതി (കോർട്ട് ഓഫ് കാസേഷൻ) ശരിവെച്ചു. ലഹരിമരുന്നും മദ്യവും ഉപയോഗിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രതിയുടെ അപ്പീൽ കോടതി തള്ളുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട കേസിൽ ആറ് വർഷവും, ലഹരിമരുന്ന് കൈവശം വെച്ച കേസിൽ മൂന്ന് വർഷവും ഉൾപ്പെടെ ആകെ ഒമ്പത് വർഷത്തെ തടവ് ശിക്ഷയാണ് പ്രതി അനുഭവിക്കേണ്ടി വരിക.അമിതവേഗതയിൽ വന്ന പ്രതിയുടെ വാഹനം നിയന്ത്രണം വിട്ട് റോഡ് ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന കുടുംബത്തിന്റെ കാറിലിടിക്കുകയായിരുന്നു. അപകടത്തിൽ ഭർത്താവും ഭാര്യയും ഒരു കുഞ്ഞും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും മറ്റ് രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതി നിയമപരമായ പരിധിയേക്കാൾ കൂടുതൽ വേഗതയിലായിരുന്നുവെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ, പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് (ഹാഷിഷ്) ശേഖരവും പോലീസ് പിടിച്ചെടുത്തിരുന്നു.കീഴ്ക്കോടതി വിധിച്ച ഒമ്പത് വർഷം തടവും 3000 ദിനാർ പിഴയും, ശിക്ഷാ കാലാവധിക്ക് ശേഷം ഒരു വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കലും, വാഹനം കണ്ടുകെട്ടലുമടക്കമുള്ള ഉത്തരവുകൾ ഇതോടെ അന്തിമമായി. ലഹരിമരുന്ന് കേസിലെ വിധി നേരത്തെ അംഗീകരിച്ച പ്രതി, അപകടക്കേസിലെ ശിക്ഷാവിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, വാദങ്ങൾ തള്ളിയ കോടതി ജസ്റ്റിസ് വിധി ശരിവെക്കുകയായിരുന്നുവെന്ന് അപ്പീൽ കോടതി പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.The post സാർ വാഹനാപകടക്കേസ്: പ്രതിയുടെ അപ്പീൽ തള്ളി; ഒമ്പത് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവെച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.