സൗഹൃദത്തില്‍ ക്രൊയേഷ്യയെ തകര്‍ത്ത് ബ്രസീല്‍

Wait 5 sec.

ഓര്‍ലാന്‍ഡോ | ലോകകപ്പിന് മുന്നോടിയായുള്ള ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ മികച്ച വിജയം നേടി ബ്രസീല്‍. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ക്രൊയേഷ്യയെ തകര്‍ത്തത്. ഡാനിലോ ലൂയിസ് ഡാ സില്‍വ, ഇഗോര്‍ തിയാഗോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവരാണ് മഞ്ഞപ്പടക്കായി സ്‌കോര്‍ ചെയ്തത്. ലോവ്‌റോ മാജര്‍ ആണ് ക്രൊയേഷ്യയുടെ ആശ്വാസ ഗോള്‍ നേടിയത്.ആദ്യ പകുതിയിലെ അധിക സമയത്ത്, ഹാഫ് ടൈം വിസില്‍ മുഴങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു ബ്രസീലിന്റെ ആദ്യ ഗോള്‍ പിറന്നത്. കൗണ്ടര്‍ അറ്റാക്കില്‍ തനിക്ക് ലഭിച്ച പന്ത് ഡ്രിബിള്‍ ചെയ്ത് കുതിച്ച വിനിഷ്യസ് ജൂനിയര്‍ ബോക്‌സില്‍ വച്ച് സമര്‍ഥമായി ഡാനിലോക്ക് കൈമാറി. ഡാനിലോയുടെ ഇടങ്കാലില്‍ നിന്നുതിര്‍ന്ന വെടിയുണ്ട ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ തറച്ചു.കളിയുടെ 66-ാം മിനുട്ടില്‍ വിനിഷ്യസിനെ പിന്‍വലിച്ച കോച്ച് കാര്‍ലോ ആന്‍സലോട്ടി, മാര്‍ട്ടിനെല്ലിയെ കളത്തിലിറക്കി. 83-ാം മിനുട്ടില്‍ ക്രൊയേഷ്യ സമനില ഗോള്‍ കണ്ടെത്തി. ബോക്‌സിനു തൊട്ടു മുമ്പില്‍ വച്ച് ലഭിച്ച പന്ത് ബ്രസീലിന്റെ രണ്ട് പ്രതിരോധ നിരക്കാരെയും ഗോളിയെയും കബളിപ്പിച്ച് ലോവ്‌റ മാജര്‍ ഗോള്‍വലയിലേക്ക് കൃത്യമായി കണക്ട് ചെയ്തു. അഞ്ച് മിനുട്ട് പിന്നിടുമ്പോഴേക്കും ബ്രസീല്‍ ലീഡ് നേടി. പെനാള്‍ട്ട് കിക്കില്‍ നിന്നായിരുന്നു ഗോള്‍. എന്‍ഡ്രിക്കിനെ ക്രൊയേഷ്യന്‍ താരം സുറ്റാലോ ബോക്‌സില്‍ തള്ളിയിട്ടതിന് കിട്ടിയ പെനാള്‍ട്ടി തിയാഗോ ഗോളാക്കി മാറ്റി. അധിക സമയത്ത് മഞ്ഞപ്പട ലീഡ് വര്‍ധിപ്പിച്ചു. എന്‍ഡ്രിക്കില്‍ നിന്ന് കൈമാറി കിട്ടിയ പന്ത് മാര്‍ട്ടിനെല്ലി ഗോളിലേക്ക് തിരിച്ചുവിട്ടു.