ന്യൂഡല്‍ഹി | വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധനക്കൊപ്പം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രീമിയം പെട്രോളിന്റെയും പ്രീമിയം ഡീസലിന്റെയും വിലയിലും വര്‍ധന. എക്സ്പി 100 പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയാക്കി. ഡീസല്‍ എക്സ്ട്രാ ഗ്രീന്‍ വില 91.49 രൂപയില്‍ നിന്ന് 92.99 രൂപയാക്കി വര്‍ധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനിടെ കമ്പനികള്‍ വിലകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.വിമാന ഇന്ധന വിലയിലും വര്‍ധനവുണ്ട്. ഡല്‍ഹിയിലെ എടിഎഫ് (വിമാന ഇന്ധനം) വില കിലോലിറ്ററിന് 96,638.14 രൂപയില്‍ നിന്ന് 2,07,341.22 രൂപയായി ഉയര്‍ത്തി. 8.5 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എടിഎഫ് വില രണ്ട് ലക്ഷം രൂപ കടക്കുന്നത് ഇതാദ്യമായാണ്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ക്കുള്ള നിരക്ക് കിലോലിറ്ററിന് 1,04,927 രൂപയായി പരിഷ്‌കരിച്ചിട്ടുണ്ട്. ആഗോള ഘടകങ്ങള്‍ കാരണം വിലയില്‍ 100 ശതമാനത്തിലധികം വര്‍ധനവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. അതേ സമയം വിമാനക്കമ്പനികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന ആഘാതം ഒഴിവാക്കുന്നതിനായി എണ്ണക്കമ്പനികള്‍ വിലവര്‍ധനവ് ഭാഗികമായും ഘട്ടം ഘട്ടമായും മാത്രമേ നടപ്പിലാക്കിയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.