കോട്ട കാക്കാന്‍ എല്‍ ഡി എഫ്; ഇളക്കിനോക്കാന്‍ യു ഡി എഫ്

Wait 5 sec.

ആലപ്പുഴ | ഇടതു പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ്സിനും അടിവേരുള്ള തീരദേശ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി ഇക്കുറി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ പാര്‍ട്ടി വിട്ട് യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന അമ്പലപ്പുഴ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രണഭൂമിയാണ്. ഇവിടെ ഇത്തവണ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശേഷിക്കുന്ന മുഴുവന്‍ സീറ്റ് കിട്ടിയാലും പാര്‍ട്ടിക്ക് അത് കടുത്ത അപമാനമായിരിക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ജില്ലയിലെ നേതാക്കളോട് പറഞ്ഞത്.മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍ ജില്ല ഇടതുപക്ഷത്തെ കോട്ട കെട്ടി സംരക്ഷിച്ചുപോരുകയാണ്. അതേസമയം, ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന മാരാരിക്കുളത്ത് സാക്ഷാല്‍ വി എസ് അച്യുതാനന്ദനെ മുട്ടുകുത്തിച്ച പാരമ്പര്യവും ജില്ലക്കുണ്ട്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിങ്ങനെ ഒമ്പത് മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്.ആദ്യമെത്തി എല്‍ ഡി എഫ്സിറ്റിംഗ് എം എല്‍ എമാരെല്ലാം മത്സരിക്കാന്‍ തീരുമാനിച്ചതോടെ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥികള്‍ നേരത്തേ പ്രചാരണവുമായി കളത്തിലിറങ്ങി. സി പി എം ആറ് സീറ്റിലും സി പി ഐ രണ്ട് സീറ്റിലും എന്‍ സി പി (എസ്) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.ദലീമാ ജോജോ (അരൂര്‍), പി പി ചിത്തരഞ്ജന്‍(ആലപ്പുഴ), എച്ച് സലാം (അമ്പലപ്പുഴ), യു പ്രതിഭ (കായംകുളം), എം എസ് അരുണ്‍കുമാര്‍ (മാവേലിക്കര), സജി ചെറിയാന്‍ (ചെങ്ങന്നൂര്‍) എന്നിവരാണ് സി പി എമ്മില്‍ നിന്ന് മത്സര രംഗത്തുള്ള സിറ്റിംഗ് എം എല്‍ എമാര്‍. പി പ്രസാദ് (ചേര്‍ത്തല), ടി ടി ജിസ്‌മോന്‍ (ഹരിപ്പാട്) എന്നിവരാണ് സി പി ഐയുടെ സ്ഥാനാര്‍ഥികള്‍. കുട്ടനാട് സിറ്റിംഗ് എം എല്‍ എ. തോമസ് കെ തോമസാണ് എന്‍ സി പി (എസ്) സ്ഥാനാര്‍ഥി. ടി ടി ജിസ്‌മോന്‍ മാത്രാണ് പുതുമുഖം. യു ഡി എഫില്‍ രമേശ് ചെന്നിത്തല(ഹരിപ്പാട്) മാത്രമാണ് മത്സര രംഗത്തുള്ള സിറ്റിംഗ് എം എല്‍ എ.ഇടതുകോട്ടകളായി മണ്ഡലങ്ങള്‍ഇടതിനെയും വലതിനെയും മാറി മാറി പിന്തുണച്ചുവന്ന മണ്ഡലങ്ങള്‍ പലതും പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് ഇടതുകോട്ട പോലെയായി. 2011ന് ശേഷമുള്ള ഈ സ്ഥിതി ഇപ്പോഴും തുടരുന്നത് ഇടതുപക്ഷത്തിന് ആശ്വാസം പകരുന്നതാണ്.2011ലെ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങള്‍ യു ഡി എഫിനൊപ്പമുണ്ടായിരുന്നത് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ ഒന്നായി ചുരുങ്ങുകയും ചെങ്ങന്നൂര്‍ ഇടത്തോട്ട് ചായുകയും ചെയ്തു.പിന്നീടിങ്ങോട്ട് ഹരിപ്പാട് മാത്രമാണ് യു ഡി എഫിനെ തുണച്ചുപോരുന്നത്. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ അരൂരിലെ എം എല്‍ എ ആയിരുന്ന സി പി എമ്മിലെ എ എം ആരിഫ് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അരൂരില്‍ കോണ്‍ഗ്രസ്സിലെ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചെങ്കിലും 2021ലെ തിരഞ്ഞെടുപ്പില്‍ ഈ സീറ്റ് ഇടതുപക്ഷം തിരികെ പിടിച്ചു. ഇതോടെ യു ഡി എഫിനെ തുണക്കുന്ന ഏക മണ്ഡലം എന്ന ഖ്യാതി ഹരിപ്പാടിന് മാത്രമായി. കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തലയാണ് 2011 മുതല്‍ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. ഇക്കുറി കടുത്ത പോരാട്ടം കാഴ്ച വെക്കാന്‍ എല്‍ ഡി എഫ് കരുത്തനായ യുവ നേതാവിനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനെ പിന്തുണച്ചുപോരുന്ന ജില്ല, 2019ലെ തിരഞ്ഞെടുപ്പില്‍ അതിനും ഒരു മാറ്റം വരുത്തിയെങ്കിലും 2024ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം വീണ്ടും യു ഡി എഫിനൊപ്പമായി. 2019ല്‍ യു ഡി എഫ് തരംഗത്തിനിടയിലും ആലപ്പുഴ ഇടതിനൊപ്പം നിന്നത് ഏറെ ചര്‍ച്ചയായിരുന്നു.കോണ്‍ഗ്രസ്സിനുള്ളിലെ അടിയൊഴുക്കാണ് ഇതിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കാര്യമായ നടപടികളൊന്നും പാര്‍ട്ടി സ്വീകരിച്ചില്ലെന്നത് ഇപ്പോഴും ആക്ഷേപമായി നിലനില്‍ക്കുന്നുണ്ട്.തദ്ദേശ പോരിലും ഇളകാതെ ഇടതുകോട്ട2025ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ യു ഡി എഫ് തരംഗമുണ്ടായപ്പോഴും ഇടതിനെ കൈവിടാന്‍ ജില്ല തയ്യാറായിരുന്നില്ല. വോട്ടിംഗ് നിലയില്‍ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും ഇടതിനൊപ്പം നിന്നു. അരൂരിലും ഹരിപ്പാട്ടും മാത്രമാണ് യു ഡി എഫിന് നേരിയ ഭൂരിപക്ഷമെങ്കിലും ലഭിച്ചത്. എന്നാല്‍, ആലപ്പുഴ, കായംകുളം അടക്കമുള്ള ജില്ലയിലെ ആറ് നഗരസഭകളില്‍ അഞ്ചിലും ഇടതുകോട്ടയായി കരുതപ്പെടുന്ന കുട്ടനാട്ടിലെ ചില തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫിന് അധികാരം ലഭിച്ചത് ചെറുതായി കാണാനാകില്ല. ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ ഡി എഫിന്റെ സമ്പൂര്‍ണാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്താനായതും നേട്ടമാണ്. വാര്‍ഡുകള്‍ തങ്ങള്‍ക്കനുകൂലമായി പുനര്‍നിര്‍ണയിച്ചിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുകോട്ടകള്‍ പോലും ഇളക്കി അവിടങ്ങളില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞത് ചെറിയ നേട്ടമല്ലെന്ന് യു ഡി എഫ് കരുതുന്നു. സമീപ കാല തിരഞ്ഞെടുപ്പുകള്‍ യു ഡി എഫ് ക്യാമ്പിന് ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ഫലങ്ങളാണ് സമ്മാനിച്ചതെന്നിരിക്കെ, നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിന്റെ തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമെന്നാണ് യു ഡി എഫ് ക്യാമ്പിന്റെ വിശ്വാസം.ചര്‍ച്ചയായി വികസനവും വിലക്കയറ്റവുംകഴിഞ്ഞ പത്ത് വര്‍ഷത്തെ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞു തന്നെയാണ് ഇടതുപക്ഷം വോട്ട് തേടുന്നത്. ദേശീയപാതാ വികസനം തന്നെ മുഖ്യവിഷയമാക്കിയിരിക്കുകയാണ് അവര്‍. ദേശീയപാത ഏറ്റവുമധികം ദൂരം കടന്നുപോകുന്ന ജില്ലയെന്ന നിലയില്‍ ആലപ്പുഴയില്‍ ഇത് പ്രധാന വിഷയമാക്കുന്നത് തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. ഇതിനു പുറമെ, സംസ്ഥാനത്തെ ഏറ്റവുമധികം നീളം കൂടിയ പെരുമ്പളം പാലം ഉള്‍പ്പെടെ വിനോദസഞ്ചാര വികസനം കൂടി ലക്ഷ്യമാക്കി നിര്‍മിക്കപ്പെട്ട വിവിധ പാലങ്ങള്‍, പുതിയ റോഡുകള്‍, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നിരവധി ആശുപത്രികള്‍ക്ക് പുതിയ ബഹുനില കെട്ടിടങ്ങള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങി ജനങ്ങള്‍ക്ക് കണ്ട് വിലയിരുത്താന്‍ പറ്റുന്ന ഒട്ടനവധി വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷം വോട്ട് തേടുമ്പോള്‍ ഇതിലെല്ലാം മറഞ്ഞിരിക്കുന്ന അഴിമതിയുണ്ടെന്നാണ് യു ഡി എഫ് ആരോപിക്കുന്നത്. അതിനു പുറമെ, രൂക്ഷമായ വിലക്കയറ്റം, കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയുമടക്കമുള്ള ചാര്‍ജ് വര്‍ധന, തദ്ദേശ സ്ഥാപനങ്ങളിലെ ഫീസുകളുടെ അന്യായമായ വര്‍ധന എന്നിവയെല്ലാം ഉയര്‍ത്തിക്കാട്ടി വോട്ട് തേടുകയാണ് യു ഡി എഫ്.ഇതിനു പുറമെയാണ് കുട്ടനാടന്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, നെല്ല് സംഭരണം, നെല്ല് വില, വിതരണത്തിലെ പാളിച്ചകള്‍ എന്നിവയെല്ലാം കാര്‍ഷിക മേഖലയില്‍ വലിയ ചര്‍ച്ചയാക്കുകയാണ് യു ഡി എഫ്. ഇരുമുന്നണികളെയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ വികസന രംഗത്തുകൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ് എന്‍ ഡി എ വോട്ടര്‍മാരെ സമീപിക്കുന്നത്.