തിരുവനന്തപുരം | പത്ത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന സര്‍ക്കാറിനെതിരെ തിരഞ്ഞെടുപ്പ് മുഖത്ത് പോലും വികസനവും ജീവല്‍ പ്രശ്നങ്ങളും ചര്‍ച്ചയാക്കി പ്രതിരോധത്തിലാക്കാനാകാതെ പ്രതിപക്ഷം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ പ്രതിപക്ഷം പ്രചാരണത്തിനായി ഡല്‍ഹിയില്‍ നിന്നുള്‍പ്പെടെ എത്തിച്ച ദേശീയ നേതാക്കളൊന്നും കേരളത്തിന്റെ വികസന കാര്യങ്ങളെ കുറിച്ചോ കേരളം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചോ പരാമര്‍ശിച്ചില്ല. പകരം കോണ്‍ഗ്രസ്സ്- ബി ജെ പി നേതാക്കളെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചായിരുന്നു സംസാരിച്ചത്. ഭരണ വിരുദ്ധ വികാരം ഉന്നയിക്കുന്നുണ്ടെങ്കിലും ഇത് സ്ഥാപിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ്സ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ് തുടങ്ങിയ നേതാക്കളെല്ലാം പിണറായി വിജയനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളും സി പി എം- ബി ജെ പി ഡീല്‍ ആരോപണങ്ങളുമാണ് ഉന്നയിച്ചത്.മുഖ്യമന്ത്രി മോദിയുടെ അനുജനാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാചകങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധി ചെയ്തത്. മോദിയാണ് പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്നും പിണറായിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കാത്തത് സി പി എം- ബി ജെ പി ഡീലിന്റെ ഭാഗമാണെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. ഒപ്പം ശബരിമല സ്വര്‍ണക്കടത്ത് കേസ് ഉയര്‍ത്തി പരിഹസിക്കുകയും ചെയ്തു.സമാന രീതിയില്‍ മുഖ്യമന്ത്രി ബി ജെ പിയോടൊപ്പം പങ്കുചേര്‍ന്നിരിക്കുന്നുവെന്നും എല്‍ ഡി എഫും ബി ജെ പിയും അഴിമതിക്കാരാണെന്നും പ്രധാനമന്ത്രിയോടൊപ്പം പിണറായി ഡീലുകള്‍ ഉണ്ടാക്കുകയാണെന്നുമായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ആരോപണം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കേരളം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളൊന്നും പരാമര്‍ശിക്കാതെ കോണ്‍ഗ്രസ്സ് ദേശീയ നേതാക്കളുടെ പ്രസംഗങ്ങളില്‍ കടന്നുവന്നത് ശബരിമല സ്വര്‍ണക്കൊള്ള മാത്രമായിരുന്നു.തിരഞ്ഞെടുപ്പ് പ്രകടനപത്രിയകയില്‍ ഉന്നയിക്കുന്ന ഇന്ദിരാ ഗ്യാരന്റിയെ കുറിച്ചുപോലും ദേശീയ നേതാക്കള്‍ കാര്യമായി സംസാരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. പിണറായി വിജയനെയും മോദിയെയും സമീകരിക്കാനാണ് മിക്ക കോണ്‍ഗ്രസ്സ് നേതാക്കളും സമയം ചെലവഴിച്ചത്. അക്കൗണ്ട് തുറക്കാന്‍ ലക്ഷ്യമിട്ട് പ്രചാരണം സജീവമാക്കിയ ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ ബി ജെ പി നേതാക്കളും പതിവ് ഇടതു വിരുദ്ധതയും അല്‍പ്പം വര്‍ഗീയതയും തീവ്രവാദവും ആരോപിച്ചുള്ള ചാപ്പകുത്തലിനപ്പുറം കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് പരാമര്‍ശിച്ചതേയില്ല. പ്രധാനമന്ത്രി വാഗ്ദാനങ്ങള്‍ നല്‍കിയപ്പോള്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ശബരിമല സ്വര്‍ണക്കൊള്ള വിഷയമാക്കി. ദേവേന്ദ്ര ഫഡ്നാവിസ് വര്‍ക്കല ക്ലിഫ് തീവ്രവാദ കേന്ദ്രമാകുന്നുവെന്ന വര്‍ഗീയ പരാമര്‍ശമാണ് നടത്തിയത്.ഇതിനപ്പുറം കോണ്‍ഗ്രസ്സ്-ബി ജെ പി നേതാക്കള്‍ കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തുമെന്നും ചരിത്രം സൃഷ്ടിക്കുമെന്നുമുള്ള അവകാശ വാദങ്ങളാണ് നടത്തിയത്.അതേസമയം, കേരളത്തെ ദേശീയ മോഡലായി അവതരിപ്പിച്ച് ഭരണ നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇടത് ദേശീയ നേതാക്കള്‍ സംസാരിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ കേരളത്തോടും ന്യൂനപക്ഷങ്ങളോടുമുള്ള സമീപനങ്ങളും ഇടതുനേതാക്കള്‍ ഉന്നയിച്ചിരുന്നു.