നിയന്ത്രണങ്ങള്‍ പാളി; മാതൃമരണ നിരക്ക് കൂടുന്നു

Wait 5 sec.

രാജ്യത്ത് മാതൃമരണ നിരക്ക് കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ പ്രശംസനീയമായ നേട്ടം കൈവരിച്ചുവെന്നും 2030 ആകുമ്പോഴേക്ക് മരണ നിരക്ക് ഒരു ലക്ഷത്തിന് 70 ആയെങ്കിലും കുറയ്ക്കുമെന്നുമാണ് മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. അതിനിടെ പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ “ദ ലാന്‍സെറ്റ്’ കഴിഞ്ഞ ദിവസം പുറത്തുവിട്ട പഠന റിപോര്‍ട്ട് ആശങ്കയുണര്‍ത്തുന്നു. മാതൃമരണ നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നില്ല, വര്‍ധിച്ചു വരികയാണെന്നാണ് റിപോര്‍ട്ടിലെ വെളിപ്പെടുത്തല്‍. 2013ല്‍ ഇന്ത്യയില്‍ 24,700 മാതൃമരണങ്ങള്‍ നടന്നു (ലക്ഷത്തിന് 116). വികസിത രാജ്യങ്ങളെ അപേക്ഷിച്ച് എട്ട് മുതല്‍ പത്ത് മടങ്ങ് വരെ കൂടുതലാണിത്.കേരളം, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ മരണ നിരക്ക് കുറയ്ക്കുന്നതില്‍ വിജയിച്ചപ്പോള്‍ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, അസം തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെടുകയായിരുന്നു. രാജ്യത്തെ 30 ശതമാനം ജില്ലകളില്‍ (197 ജില്ലകള്‍) മരണ നിരക്ക് 200ന് മുകളിലാണ്. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി കണക്കാക്കപ്പെടുമ്പോഴും മാതൃമരണ നിരക്കുകള്‍ പോലുള്ള അടിസ്ഥാന സൂചികകളില്‍ പിന്നാക്കമായി തുടരുന്നത് വികസനത്തിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭ്യമല്ലെന്നാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ നിര്‍ണായക ആരോഗ്യ പ്രശ്‌നമായി തുടരുകയാണ് മാതൃമരണം. ആരോഗ്യ സംരക്ഷണ നിലവാരത്തിന്റെയും ചികിത്സാ പ്രാപ്യതയുടെയും സൂചികയായാണ് മാതൃമരണ നിരക്ക് കണക്കാക്കിവരുന്നത്.അമിത രക്തസ്രാവം, ഗര്‍ഭ കാലത്തെ ഉയര്‍ന്ന രക്തസമ്മര്‍ദം, അണുബാധ, അനീമിയ (വിളര്‍ച്ച), പോഷകാഹാര കുറവ്, ചികിത്സാ ലഭ്യതയുടെ കുറവ് തുടങ്ങിയവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. പ്രസവാനന്തരമുണ്ടാകുന്ന രക്തസ്രാവം മൂലമാണ് മരണം കൂടുതലും സംഭവിക്കുന്നത്. കൃത്യസമയത്ത് ചികിത്സയും രക്തവും ലഭ്യമാക്കാന്‍ കഴിയാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പ്രത്യേകിച്ചും. ഗര്‍ഭകാലത്തെ രക്തസമ്മര്‍ദം പലപ്പോഴും മരണത്തിലേക്ക് നയിക്കാറുണ്ട്. കൃത്യമായ പരിശോധനകളിലൂടെ ഇത് കണ്ടെത്താനാകാത്തത് രോഗാവസ്ഥ രൂക്ഷമാക്കുന്നു.ഇന്ത്യന്‍ സ്ത്രീകളില്‍ പകുതിയിലേറെയും അനീമിയ ബാധിതരാണ്. ഗര്‍ഭകാലത്തെ ശരിയായ പോഷകാഹാരത്തിന്റെ അപര്യാപ്തത ഇത് സങ്കീര്‍ണമാക്കുന്നു. ഗ്രാമീണ മേഖലകളിലെ മതിയായ ചികിത്സാ സൗകര്യങ്ങളുടെ അഭാവം ആരോഗ്യ മേഖലക്ക് വെല്ലുവിളിയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല ഗ്രാമങ്ങളിലും ഇപ്പോഴും പ്രാഥമിക ആരോഗ്യ സൗകര്യങ്ങള്‍ പോലും ലഭ്യമല്ല. ആരോഗ്യ കേന്ദ്രങ്ങള്‍ നിലവിലുള്ള ഇടങ്ങളില്‍ തന്നെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അഭാവം സാധാരണം. നഗരങ്ങളിലെ ആശുപത്രികളാണ് അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം പ്രദേശക്കാരുടെ ആശ്രയം. വിദഗ്ധ ചികിത്സക്കായി നഗരങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന ഗ്രാമീണര്‍ക്ക് വഴിദൂരം പലപ്പോഴും വില്ലനാകുന്നു.ശരിയായ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ വഴിമധ്യേ മരണം സംഭവിക്കുന്ന കേസുകള്‍ ധാരാളം. ചികിത്സാ രംഗത്തെ കോര്‍പറേറ്റുവത്കരണവും പാവപ്പെട്ടവര്‍ക്ക് ചികിത്സ അപ്രാപ്യമാക്കുന്നു. ഗര്‍ഭകാലത്തെ പരിശോധനകളും പ്രസവവും വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നതിനാല്‍ പല കുടുംബങ്ങളും ചികിത്സയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്.പ്രാഥമികാരോഗ്യ സംവിധാനത്തിന്റെ ശാക്തീകരണം, ഗുണമേന്മയുള്ള പ്രസവ- പ്രസവാനന്തര പരിചരണം, പോഷകാഹാര പദ്ധതികളിലെ കാര്യക്ഷമത തുടങ്ങിയവയാണ് പ്രശ്‌നത്തിന് പരിഹാരം. ഉള്‍നാടന്‍ ജില്ലകളില്‍ സുരക്ഷിതമായ പ്രസവ സംവിധാനം ഉറപ്പാക്കുകയും രക്തബേങ്ക് സൗകര്യം താലൂക്ക് തലത്തില്‍ വരെയെങ്കിലും ലഭ്യമാക്കുകയും വേണം. ദി ലാന്‍സെറ്റ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതു പോലെ, ഓരോ ജില്ലയിലെയും പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള മൈക്രോ പ്ലാനുകള്‍ തയ്യാറാക്കണം. എല്ലാ ജില്ലകള്‍ക്കും ഒരേ നയം, ഒരേ പരിഗണന എന്ന നിലപാടിനു പകരം പിന്നാക്ക ജില്ലകള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കേണ്ടതുണ്ട്.വികസിത രാഷ്ട്രങ്ങളില്‍ ഇന്ത്യയെ അപേക്ഷിച്ച് വളരെ കുറവാണ് മാതൃമരണങ്ങള്‍. ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഒരു ലക്ഷത്തിന് പത്തില്‍ താഴെയാണ് മാതൃമരണ നിരക്ക്. ശക്തമായ പൊതുജനാരോഗ്യ സംവിധാനവും ഗര്‍ഭകാലത്തെ കൃത്യമായ നിരീക്ഷണവും വഴിയാണ് വികസിത രാജ്യങ്ങള്‍ മരണ നിരക്ക് കുറച്ചത്. അവിടെ ഗര്‍ഭാവസ്ഥയുടെ തുടക്കം മുതല്‍ പ്രസവാനന്തര ശുശ്രൂഷയുടെ ഘട്ടം വരെ ഗുണമേന്മയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കുന്ന മിഡ് വൈഫറി സംവിധാനമുണ്ട്. ഓരോ ഗര്‍ഭിണിയുടെയും ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിലൂടെ അപകട സാധ്യതയുള്ള കേസുകള്‍ മുന്‍കൂട്ടി തിരിച്ചറിയുകയും ചെയ്യുന്നു. അമേരിക്കയിലെ ചില മേഖലകളില്‍ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ ചികിത്സയെ ബാധിക്കാതിരിക്കാന്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കിവരുന്നു.കേരളം ഇതിനകം തന്നെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടം കൈവരിച്ചത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴിയുള്ള നിരന്തര നിരീക്ഷണത്തിലൂടെയാണ്. ഈ മാതൃക ദേശീയതലത്തില്‍ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിച്ച് രാജ്യം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.മാതാക്കളുടെ ജീവന്‍ രക്ഷിക്കേണ്ടത് രാജ്യത്തിന്റെ അടിസ്ഥാന ബാധ്യതയാണ്. വികസനത്തിന്റെ പേരിലുള്ള കണക്കുകള്‍ നിരത്തുന്നതിനിടയില്‍ മാതൃത്വത്തിന്റെയും മനുഷ്യജീവന്റെയും മൂല്യം വിസ്മരിക്കരുത്. പുതിയ തലമുറയിലൂടെയാണ് രാജ്യത്തിന്റെ ഭാവി ഉറപ്പാക്കേണ്ടത്. ആ തലമുറയെ ലോകത്തിനു സമര്‍പ്പിക്കുന്ന മാതാക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത വികസനം അര്‍ഥശൂന്യമാണ്.