തെരുവില്‍ അലയുന്ന പശുക്കളും കാലികളും വലിയൊരു സാമൂഹിക ഭീഷണിയായി മാറിയിരിക്കുകയാണ് രാജ്യത്ത്. വിശിഷ്യാ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍. തെരുവില്‍ അലയുന്ന പശുക്കള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. വേഗമേറിയ ഹൈവേകളില്‍ പെട്ടെന്ന് കാലികള്‍ ചാടുന്നത് വാഹനങ്ങള്‍ നിയന്ത്രണംവിട്ട് മറിയാന്‍ ഇടയാക്കുന്നു. രാത്രികാലങ്ങളില്‍ ഇവ റോഡില്‍ പ്രത്യക്ഷപ്പെടുന്നതും തമ്പടിക്കുന്നതും ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഇതും മാരകമായ വാഹനാപകടങ്ങള്‍ സൃഷ്ടിക്കുന്നു. സംസ്ഥാന സര്‍ക്കാറുകള്‍ക്കും നഗരസഭകള്‍ക്കും ഇവയെ നിയന്ത്രിക്കാനാകുന്നില്ല. ഭക്ഷണത്തിനായി മാലിന്യക്കൂമ്പാരങ്ങള്‍ തിരയുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതാണ് മറ്റൊരു പ്രശ്നം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കഴിക്കുന്ന പശുക്കള്‍ രോഗബാധിതരാകുകയും പലപ്പോഴും മനുഷ്യരിലേക്ക് രോഗം പടര്‍ത്തുകയും ചെയ്യുന്നു.അലഞ്ഞുനടക്കുന്ന കന്നുകാലികള്‍ രാത്രിയില്‍ കൃഷി നശിപ്പിക്കുന്നതും പതിവാണ്. ലക്ഷക്കണക്കിനു രൂപ കടമെടുത്ത് ഇറക്കിയ കൃഷി കൂട്ടമായെത്തുന്ന കാലികള്‍ നിമിഷ നേരം കൊണ്ടാണ് നശിപ്പിക്കുന്നത്. കൃഷികള്‍ സംരക്ഷിക്കാന്‍ കര്‍ഷകര്‍ വയലിനു ചുറ്റും കമ്പിവേലികള്‍ സ്ഥാപിക്കേണ്ട അവസ്ഥയിലാണ്. ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. പലയിടങ്ങളിലും കര്‍ഷകര്‍ രാത്രി ഉറക്കമൊഴിച്ച് കാവലിരുന്നാണ് കൃഷി സംരക്ഷിക്കുന്നത്. നഗരങ്ങളുടെ ശുചിത്വത്തെയും സൗന്ദര്യത്തെയും ഇത് ബാധിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അലഞ്ഞുതിരിയുന്ന പശുക്കളും അവ സൃഷ്ടിക്കുന്ന വൃത്തികേടുകളും രാജ്യത്തിന്റെ ഇമേജിനു തന്നെ മങ്ങലേല്‍പ്പിക്കുന്നുണ്ട്.ചില സംസ്ഥാന സര്‍ക്കാറുകള്‍ ഗോമാംസ നിരോധനം നടപ്പാക്കിയതോടെയാണ് പ്രശ്നം രൂക്ഷമായത്. പാലിനും കൃഷിക്കും വേണ്ടി മാത്രമുള്ള ഏര്‍പ്പാടായിരുന്നില്ല, അത്യാവശ്യ ഘട്ടങ്ങളില്‍ പണമാക്കി മാറ്റാവുന്ന ഒരു ആസ്തി കൂടിയായിരുന്നു മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ക്ക് കന്നുകാലികള്‍. കറവ വറ്റുന്ന പശുക്കളെയും വാര്‍ധക്യമെത്തിയ കാളകളെയും മാംസക്കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ഇതുപയോഗിച്ച് പുതിയ കാലികളെ വാങ്ങുകയും ചെയ്യുമായിരുന്നു കര്‍ഷകര്‍. ഇതൊരു സ്വാഭാവിക സാമ്പത്തിക ചാക്രികമായിരുന്നു. ഗോവധ നിരോധനവും കന്നുകാലി കച്ചവടത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇതിന് തിരിച്ചടിയായി. വിപണിമൂല്യം ഇല്ലാതായതോടെ കറവ വറ്റിയ പശുക്കള്‍ വലിയൊരു ബാധ്യതയായി മാറുകയും അവയെ തീറ്റിപ്പോറ്റാന്‍ വകയില്ലാതെ തെരുവില്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്.അറവ് നിരോധനം നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ബദല്‍ മാര്‍ഗമാണ് ഗോശാലകള്‍. വിവിധ സംസ്ഥാനങ്ങളില്‍ കോടികള്‍ ചെലവിട്ട് ഗോശാലകള്‍ സ്ഥാപിച്ചെങ്കിലും പദ്ധതി പരാജയമായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് ഇപ്പോഴും കുറവില്ല. കര്‍ണാടകയില്‍ 2020ല്‍ ബി ജെ പി സര്‍ക്കാറിന്റെ കാലത്താണ് കശാപ്പ് നിരോധ, കന്നുകാലി സംരക്ഷണ നിയമം നടപ്പാക്കിയത്. അതിന് തൊട്ടുമുമ്പത്തെ വര്‍ഷം 2019ല്‍ നടത്തിയ സര്‍വേ പ്രകാരം 77,000 ആയിരുന്നു സംസ്ഥാനത്തെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞിരുന്ന കാലികളുടെ എണ്ണം. കശാപ്പ് നിരോധന നിയമത്തെ തുടര്‍ന്ന് 2021-22 വര്‍ഷം ഗോശാലകള്‍ നിര്‍മിക്കാനായി സര്‍ക്കാര്‍ ഓരോ ജില്ലക്കും 15 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ സ്ഥാപിച്ച ഈ ഗോശാലകളിലെല്ലാം കൂടി ഇപ്പോള്‍ രണ്ടായിരത്തില്‍ താഴെ കന്നുകാലികളാണുള്ളത്. അതേസമയം തെരുവുകളില്‍ അലഞ്ഞുനടക്കുന്ന കാലികളുടെ എണ്ണം 2019നേക്കാള്‍ കൂടിയിരിക്കുകയുമാണ്.മാത്രമല്ല, കന്നുകാലികള്‍ക്ക് മരണക്കെണിയായി മാറിയിരിക്കുകയാണ് പല ഗോശാലകളും. കൃത്യമായ തീറ്റയും പരിചരണവും ലഭിക്കാതെയും ശുചിത്വക്കുറവ് മൂലം രോഗം ബാധിച്ചും പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങള്‍ പലപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെടുന്നു. കാലികളുടെ ആഹാരത്തിനും പരിചരണത്തിനും സര്‍ക്കാര്‍ അനുവദിച്ച ഗ്രാന്റുകള്‍ കൃത്യസമയത്ത് ലഭിക്കാറില്ല. ആവശ്യമായ തീറ്റ ലഭിക്കാത്തതിനാല്‍ പശുക്കള്‍ എല്ലുംതോലുമായി മാറുന്നു. പട്ടിണിമൂലം പ്രതിരോധ ശേഷി കുറയുന്നതോടെ ചെറിയ രോഗങ്ങള്‍ പോലും കൂട്ടമരണത്തിനിടയാക്കുകയാണ്. കൂടുതല്‍ പശുക്കള്‍ ഉള്ള ഗോശാലകളില്‍ ചാണകവും മൂത്രവും കൃത്യമായി നീക്കം ചെയ്യാത്തതു മൂലം അവിടെ രോഗപ്രഭവ കേന്ദ്രമായി മാറുന്നു. വൃത്തിഹീനമായ അന്തരീക്ഷം ശ്വാസകോശ രോഗം, കുളമ്പ് രോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. മിക്ക ഗോശാലകളിലും സ്ഥിരമായി വെറ്ററിനറി ഡോക്ടറുടെ സേവനവും ലഭ്യമല്ല.ഗോസംരക്ഷണമെന്നത് കേവലം വൈകാരികമായ ഒരു മുദ്രാവാക്യമായി ഒതുങ്ങരുത്. രാജ്യത്തിന്റെ കാര്‍ഷിക, സാമ്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയമാണത്. കറവ വറ്റിയ പശുക്കളെയും മറ്റു കന്നുകാലികളെയും അറുക്കുന്നത് നിരോധിച്ചത് ഗ്രാമീണ മേഖലയിലെ സ്വാഭാവിക സാമ്പത്തിക വിനിമയത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇത് കര്‍ഷകരെ സാമ്പത്തികമായി തളര്‍ത്തുകയും പൊതുസമൂഹത്തിന്റെ ഭക്ഷ്യക്രമത്തെ ബാധിക്കുകയും ചെയ്തു. പശുവിനെ സംരക്ഷിക്കണമെന്ന് താത്പര്യമുള്ളവര്‍ക്ക് അതിന് സൗകര്യമൊരുക്കുകയും സഹായം നല്‍കുകയും ചെയ്യുന്നതിനൊപ്പം സാധാരണ കര്‍ഷകര്‍ക്ക് ഉപയോഗമില്ലാത്ത കന്നുകാലികളെ വില്‍ക്കാനുള്ള അവകാശവും ഉറപ്പാക്കേണ്ടതാണ്. കന്നുകാലി വിപണിയെയും മാംസ വ്യാപാരത്തെയും പുനരുജ്ജീവിപ്പിച്ചാല്‍ മാത്രമേ തെരുവുകളിലെ കന്നുകാലി പ്രശ്നത്തിന് ശാശ്വത പരിഹാരം സാധ്യമാകുകയുള്ളൂ. ഇല്ലെങ്കില്‍ ഭരണകൂടത്തിന്റെ പരാജയപ്പെട്ട നയങ്ങളുടെ ഇരകളായി തെരുവുകളില്‍ ഇനിയും അലഞ്ഞുനടക്കേണ്ടി വരും ഈ മൂകജീവികള്‍.