കൊച്ചി| ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഇരുയൂണിയനുകളിലെയും ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും യുവനടി ഫെഫ്കയ്ക്കോ ഐ സി സിക്കോ ഇതുവരെ പരാതി നല്‍കിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.ചിത്രീകരണ ലൊക്കേഷനില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഡി ജി പിക്കും മുന്‍ എസ് ഐ ടി ക്കുമാണ് നടി പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് നടപടികളിലേക്ക് കടന്നതെന്നാണ് വിവരം. നടിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയത്.