തിരുവനന്തപുരം | സംസ്ഥാനത്ത് വേനല്‍ച്ചൂട് കൂടുന്നു. ഉയര്‍ന്ന താപനില കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചക്ക് പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിക്കുമെന്നാണ് പ്രവചനം. മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ ചൂട് കൂടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതിനാല്‍ മലയോര മേഖലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ വരും മണിക്കൂറുകളില്‍ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ അനുഭവപ്പെടും. കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.ചൂട് കൂടുന്നതിനൊപ്പം വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണതോതും ഉയരുന്നുണ്ട്. ഇതിന്റെ ഫലമായി ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലുമാണ് അള്‍ട്രാവയലറ്റ് സൂചിക ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. ഒമ്പത് ആണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന യു വി (അള്‍ട്രാവയലറ്റ്) നിരക്ക്. ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കോട്ടയത്തെ ചങ്ങനാശ്ശേരി, പാലക്കാട്ടെ തൃത്താല എന്നിവിടങ്ങളില്‍ എട്ട് ആണ് യു വി നിരക്ക്. ഇവിടെയെല്ലാം ഓറഞ്ച് ജാഗ്രതയാണ്. അതീവ ജാഗ്രത പാലിക്കണമെന്നും ഗൗരവതരമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് ഓറഞ്ച് ജാഗ്രത കൊണ്ട് അര്‍ഥമാക്കുന്നത്.തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. പകല്‍ പത്ത് മുതല്‍ മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, ആല്‍ബനിസം അവസ്ഥയുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.