കോഴിക്കോട് | എഫ് സി ആര്‍ എ നിയമ ഭേദഗതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭീതി അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഉയരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണക്കുകൊടുക്കാന്‍ വൈകിയാല്‍ സ്വത്തുവകകള്‍ പിടിച്ചെടുക്കുമെന്നത് നീതികേടാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.രാജ്യത്തെ ജനങ്ങളെയാകെ വിശ്വാസത്തിലെടുക്കാതെ ഒരു വിഭാഗത്തെ സംശയത്തോടെ വീക്ഷിക്കുന്നത് ഗുണകരമല്ല. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കുറേക്കാലമായി നീണ്ടുനില്‍ക്കുന്ന ആശങ്ക വര്‍ധിപ്പിക്കുന്ന നിലപാടുകളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എഫ് സി ആര്‍ എ ഭേദഗതി അതില്‍ ഏറ്റവും കടുത്തതാണ്. ഈ നീതികേടിനെതിരായ വികാരം സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. നിയമഭേദഗതി ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.യു ഡി എഫ് ഭരണകാലത്ത് നിര്‍മിച്ച വീടുകള്‍ നാലായിരമെന്നതിന് അടിസ്ഥാനം ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളാണ്. യു ഡി എഫ് കാലത്ത് നിര്‍മിച്ച വീടുകളെക്കുറിച്ച് കുറച്ചുകാലമായി തെറ്റായ പ്രചാരണം നടക്കുകയാണ്. ഇതിന്റെ കണക്ക് കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഏതെങ്കിലും ഒൗദ്യോഗിക കണക്കിലോ നാടിന്റെ അനുഭവത്തിലോ നാല് ലക്ഷം വീടുകള്‍ അന്നുണ്ടാക്കിയതായി കാണാനാകില്ല. ഒരു തരത്തിലും ശരിയല്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുന്നതില്‍ പ്രതിപക്ഷ നേതാവിനെപ്പോലുള്ളവര്‍ പ്രത്യേക മികവ് കാണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേര്‍ത്തുപിടിക്കുന്നതാവണം. സാമൂഹിക നീതിയും സാമ്പത്തിക പുരോഗതിയും കൈകോര്‍ക്കണം. ഇതാണ് ഇടതുപക്ഷ രാഷ്ട്രീയ സമീപനത്തിന്റെ അടിസ്ഥാനം. പല സംസ്ഥാനങ്ങളിലും ജനക്ഷേമവും വികസനവും തമ്മില്‍ വൈരുധ്യമുണ്ടായപ്പോള്‍, കേരളത്തിന് രണ്ടും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 2017-18ല്‍ 26.5 ശതമാനത്തില്‍ നിന്ന് 2023-24ല്‍ 36.4 ശതമാനമായി ഉയര്‍ന്നു. ലൈഫ് മിഷന്‍ വഴി അഞ്ച് ലക്ഷത്തിലധികം വീടുകള്‍ നിര്‍മിച്ചു. 60 ശതമാനം വീടുകളില്‍ പൈപ്പ് ജലം എത്തിച്ചു. ശിശുമരണ നിരക്ക് ഗണ്യമായി കുറഞ്ഞു. 5,000 ക്ലാസ്സ് മുറികള്‍ ഹൈടെക്കാക്കി. അടിസ്ഥാന സൗകര്യ രംഗത്ത് ഏകദേശം രണ്ട് ലക്ഷം കോടി നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കി. മാനുഫാക്ചറിംഗ് മേഖലയിലെ ഉത്പാദനം ചരിത്രത്തില്‍ ആദ്യമായി ഒരുലക്ഷം കോടി രൂപ കടന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.