വന്ദേഭാരതില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കടുത്ത അലര്‍ജി; ഡോക്ടറുടെ കുറിപ്പടി സഹിതം പോസ്റ്റ് ചെയ്ത് യുവതി

Wait 5 sec.

റാഞ്ചി|വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍വച്ച് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗുരുതരമായ അലര്‍ജിയുണ്ടായതായി യുവതിയുടെ ആരോപണം. യുവതി ചികിത്സ തേടിയതായി വെളിപ്പെടുത്തല്‍. സാമൂഹിക മാധ്യമമായ എക്‌സിലൂടെ യുവതി ഡോക്ടറുടെ കുറിപ്പടി സഹിതം പോസ്റ്റ് ചെയ്തു. തന്റെ രണ്ട് വയസുള്ള മകനും ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറിളക്കമുണ്ടായതായി യുവതി പറയുന്നു.മാര്‍ച്ച് 27നാണ് സംഭവമുണ്ടായത്. വാരണാസി മുതല്‍ ദിയോഗര്‍ വരെ സര്‍വീസ് നടത്തിയ ട്രെയിന്‍ നമ്പര്‍ 22500-ലെ കോച്ച് ഇ1ല്‍ യാത്ര ചെയ്യവേയാണ് സംഭവം. ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാണെന്നും സ്റ്റാഫിന്റെ പ്രതികരണം അസഹിഷ്ണുതയുള്ളതാണെന്നും അയുഷി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ട്രെയിനില്‍ അന്ന് നല്‍കിയ വെള്ളത്തിന്റെ രുചി വ്യത്യാസമുണ്ടായിരുന്നു.പരാതി പറഞ്ഞപ്പോള്‍ ജീവനക്കാര്‍ മോശമായി പ്രതികരിച്ചു. ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നില്ലെങ്കില്‍ ജീവന് ഭീഷണിയാകുമായിരുന്നെന്ന് അയുഷി പറഞ്ഞു.അതേസമയം അയുഷിയുടെ പോസ്റ്റിന് മറുപടിയായി ഇന്ത്യന്‍ റെയില്‍വേ ക്യാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ പ്രതികരിച്ചു. ‘27.03.2026 ന് ട്രെയിന്‍ നമ്പര്‍ 22500 ബിഎസ്ബിഡിജിഎച്ച്ആര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് (കോച്ച് ഇ1) ലെ ഉച്ചഭക്ഷണം പരിശോധിച്ച് തൃപ്തികരമാണെന്ന് കണ്ടെത്തി. ആ ദിവസം ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവ സംബന്ധിച്ച് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഐആര്‍സിടിസി വ്യക്തമാക്കി.