തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ച സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് വി.എസ്. സുനിൽ കുമാർ. ബിജെപി തൃശ്ശൂരിൽ നടത്തിയത് ആസൂത്രിതമായ ഇലക്ഷൻ മാനിപുലേഷനാണെന്നും ഇതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.പണം നൽകി വോട്ട് സമ്പാദിക്കാൻ ശ്രമിക്കുക, മതപരമായ ചിഹ്നങ്ങളും വർഗീയ വികാരം ഉണർത്തുന്ന പ്രസംഗങ്ങളും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുക തുടങ്ങിയ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സുനിൽ കുമാർ പറഞ്ഞു. കേരളത്തിലെ മതേതരമായി ചിന്തിക്കുന്ന ജനങ്ങൾക്കിടയിൽ മതപരമായ വേർതിരിവുണ്ടാക്കി വിജയം കൈവരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് കേരളത്തിന്റെ രാഷ്ട്രീയ ശീലങ്ങളെ അട്ടിമറിക്കാനുള്ള പരീക്ഷണമാണെന്നും അദ്ദേഹം ആരോപിച്ചു.ബിജെപി കേരളത്തിൽ നടത്തുന്ന ഹീനമായ പരീക്ഷണങ്ങളുടെ കേന്ദ്രമായി തൃശ്ശൂർ മാറിയിരിക്കുകയാണ്. വോട്ടർ പട്ടികയിൽ ആസൂത്രിതമായി വോട്ട് ചേർക്കുന്നതും കോടിക്കണക്കിന് രൂപ ഒഴുക്കുന്ന ‘ധനാധിപത്യവും’ ബിജെപിയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കൊണ്ടുവന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇത്തരം കാര്യങ്ങളിൽ ഇലക്ഷൻ കമ്മീഷൻ പുലർത്തുന്ന നിസംഗത ആശങ്കാജനകമാണ്. ഇലക്ഷൻ എന്നത് മതപരമായ അഭിപ്രായ പ്രകടനത്തിനുള്ള വേദിയല്ലെന്നും ജനാധിപത്യപരമായ പ്രക്രിയയാണെന്നും വ്യക്തമാക്കാൻ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബി. ഗോപാലകൃഷ്ണനെപ്പോലെയുള്ള നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ ഒറ്റപ്പെട്ടതല്ലെന്നും, ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്ന് ആസൂത്രണം ചെയ്യുന്ന നീക്കങ്ങളുടെ ഭാഗമാണെന്നും ഇതിനെതിരെ കേരളത്തിലെ മതേതര വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും സുനിൽ കുമാർ പറഞ്ഞു.The post തൃശ്ശൂരിൽ ബിജെപി നടത്തിയത് ആസൂത്രിതമായ ‘ഇലക്ഷൻ മാനിപുലേഷൻ’; തൃശ്ശൂരിനെ പരീക്ഷണശാലയാക്കി മാറ്റുന്നുവെന്ന് വി.എസ്. സുനിൽ കുമാർ appeared first on Kairali News | Kairali News Live.