ബംഗാള്‍ തിരഞ്ഞെടുപ്പ്: ഡിജിറ്റല്‍ പോരാട്ടത്തിന് തൃണമൂല്‍

Wait 5 sec.

കൊല്‍ക്കത്ത | വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത പ്രചാരണ രീതികള്‍ക്കൊപ്പം വിപുലമായ ഡിജിറ്റല്‍ തന്ത്രങ്ങളുമായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ്. പാര്‍ട്ടിക്കെതിരെയുള്ള ഓണ്‍ലൈന്‍ പ്രചാരണങ്ങളെ പ്രതിരോധിക്കാനും താഴേത്തട്ടിലുള്ള വോട്ടര്‍മാരിലേക്ക് നേരിട്ടെത്താനുമായി ‘അമി ബംഗ്ലാര്‍ ഡിജിറ്റല്‍ ജോദ്ധ’ (എ ബി ഡി ജെ) എന്ന പദ്ധതിക്കാണ് പാര്‍ട്ടി തുടക്കമിട്ടത്. കേവലം രാഷ്ട്രീയ പ്രചാരണമെന്നതിലുപരി ബംഗാളിന്റെ സാംസ്‌കാരിക അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ മുന്നേറ്റമായാണ് തൃണമൂല്‍ ഇതിനെ അവതരിപ്പിക്കുന്നത്.പാര്‍ട്ടിയുടെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് അഭിഷേക് ബാനര്‍ജി കഴിഞ്ഞ ഒക്ടോബറില്‍ തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഡിജിറ്റല്‍ കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചു വരികയാണ്. കൊല്‍ക്കത്തയില്‍ നടന്ന വിപുലമായ സംഗമത്തിനു ശേഷം ഹൗറ, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, പുര്‍ബ ബര്‍ധമാന്‍, പശ്ചിം ബര്‍ധമാന്‍ എന്നീ ജില്ലകളില്‍ ഇതിനോടകം പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി.ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് പുറമെ ചാറ്റ് ജി പി ടി, ജെമിനി, ഗ്രോക്ക് തുടങ്ങിയ ആധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളും പ്രചാരണത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.ഓരോ ബൂത്ത് തലത്തിലും സജീവമായ ഡിജിറ്റല്‍ വളണ്ടിയര്‍മാരുടെ ശൃംഖല ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹൈപ്പര്‍ലോക്കല്‍ തലത്തില്‍ സന്ദേശങ്ങള്‍ എത്തിക്കുന്നതിലൂടെ വോട്ടര്‍മാരുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും സാങ്കേതിക സഹായവും വളണ്ടിയര്‍മാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.റാലികള്‍ക്കും റോഡ് ഷോകള്‍ക്കും പുറമെ സമാര്‍ട്ട് ഫോണുകളിലൂടെയും സോഷ്യല്‍ മീഡിയ ഫീഡുകളിലൂടെയും വോട്ടര്‍മാരുടെ മനസ്സ് കീഴടക്കാനുള്ള ഈ നീക്കം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തന്നെ പുതിയൊരു പ്രചാരണ മാതൃകയായി മാറുകയാണ്.