ജുഡീഷ്യല്‍ ഓഫീസര്‍മാരെ ബന്ദികളാക്കി; പശ്ചിമ ബംഗാള്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി

Wait 5 sec.

ന്യൂഡല്‍ഹി | പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) വുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജുഡീഷ്യല്‍ ഓഫീസര്‍മാരെ ബന്ദികളാക്കുകയും അവരെ ഒഴിപ്പിക്കുന്നതിനിടെ അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി.വിഷയത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്താണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപിന്‍ പഞ്ചോലി എന്നിവരടങ്ങിയ ബഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തേയും സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വത്തേയും ചോദ്യം ചെയ്തത്. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സുരക്ഷക്കായി കേന്ദ്ര സേനയെ വിന്യസിക്കാന്‍ ബഞ്ച് ഉത്തരവിട്ടു. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ എസ് ഐ ആര്‍ വിഷയം പരിഗണിക്കുന്ന എല്ലാ സ്ഥലങ്ങളിലും മതിയായ കേന്ദ്ര സേനയെ വിന്യസിക്കണം, ഏതെങ്കിലും ജുഡീഷ്യല്‍ ഓഫീസര്‍ക്ക് തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, അത്തരം ഭീഷണി വിലയിരുത്തുകയും മതിയായ നടപടികള്‍ സ്വീകരിക്കുകയും വേണം. ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഏല്‍പ്പിച്ചിരിക്കുന്ന ചുമതല സുരക്ഷിതമായി നിര്‍വഹിക്കുന്നതിന് എല്ലാ പരിഹാര നടപടികളും തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാറും സ്വീകരിക്കണം. എസ് ഐ ആര്‍ എതിര്‍പ്പുകളും പരാതികളും സമര്‍പ്പിക്കുന്ന സമയത്ത് രണ്ടോ മൂന്നോ പേരില്‍ കൂടുതല്‍ ആളുകളെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും വാദം കേള്‍ക്കുമ്പോള്‍ അഞ്ചില്‍ കൂടുതല്‍ ആളുകളെ ഒത്തുകൂടാന്‍ അനുവദിക്കരുതെന്നും ബംഗാള്‍ ആഭ്യന്തര സെക്രട്ടറി, ഡി ജി പി, ജില്ലാ കലക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. കോടതി നിര്‍ദേശങ്ങള്‍ പാലിച്ചുവെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി, ഡി ജി പി, സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എന്നിവര്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബഞ്ച് ആവശ്യപ്പെട്ടു. സംഭവത്തിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുന്നതായും ബഞ്ച് പറഞ്ഞു. അന്വേഷണം സി ബി ഐയെയോ എന്‍ എ എയെയോ ഏല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. അന്വേഷണ ഏജന്‍സി നേരിട്ട് സുപ്രീംകോടതിയില്‍ ഒരു പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബഞ്ച് വ്യക്തമാക്കി. സംഭവത്തില്‍ ചീഫ് സെക്രട്ടറി, ഡി ജി പി, ബന്ധപ്പെട്ട ജില്ലാ കലക്ടര്‍, എസ് എസ് പി എന്നിവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം ആറിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉദ്യോഗസ്ഥരോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. വിഷയം പരാമര്‍ശിച്ച് കല്‍ക്ക ത്ത ഹൈക്കോടതി ചീഫ് ജസ്റ്റി സ്റ്റ് സുപ്രീം കോടതിക്ക് നല്‍ കിയ കത്ത് പരാമര്‍ശിച്ചാണ് ബഞ്ച് വിമര്‍ശം ഉന്നയിച്ചത്. വിഷയത്തില്‍ പശ്ചിമ ബംഗാള്‍ സംസ്ഥാനത്തെ വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട ജോലിക്കായി നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സുരക്ഷ എന്ന പേരില്‍ സുപ്രീം കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.സംഭവിച്ചത്….മൂന്ന് വനിതകള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ ഇന്നലെ ഉച്ചയോടെയാണ് കാലിയാചക്കില്‍ വോട്ടര്‍മാര്‍ തടഞ്ഞുവെച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെ വന്‍ പോലീസ് സന്നാഹവും പാരാമിലിട്ടറി സേനയും എത്തി പ്രതിഷേധക്കാരെ നീക്കം ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഈ മാസം 23, 29 തീയതികളില്‍ ബംഗാളില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ, പട്ടിക സംബന്ധിച്ച പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥര്‍. വോട്ടര്‍പ്പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ടതില്‍ പ്രകോപിതരായ ഒരു കൂട്ടം വോട്ടര്‍മാര്‍ ഉദ്യോഗസ്ഥരെ വളയുകയും തടഞ്ഞുവെക്കുകയുമായിരുന്നു.ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിനിടെ അവരുടെ വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായതായും റിപോര്‍ട്ടുകളുണ്ട്. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടതായും ഉദ്യോഗസ്ഥരെ സുരക്ഷിതമായി മാറ്റുന്നതിനിടെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.സംഭവത്തില്‍ പശ്ചിമ ബംഗാള്‍ ഡി ജി പിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രകോപനപരമായ പ്രസ്താവനകളാണ് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന് കാരണമെന്ന് ബി ജെ പി നേതാവ് സുകാന്ത മജുംദാര്‍ ആരോപിച്ചു. വോട്ടര്‍പ്പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമായി നടക്കുന്ന ഒന്നാണെന്നും മറ്റ് സംസ്ഥാനങ്ങളിലില്ലാത്ത ക്രമസമാധാന പ്രശ്‌നങ്ങള്‍ ബംഗാളില്‍ മാത്രം ഉണ്ടാകുന്നത് ഭരണകക്ഷിയുടെ ഇടപെടല്‍ മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എന്നാല്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രതികരിച്ചു. നിയമം കൈയിലെടുക്കുന്നതിനെ തങ്ങള്‍ പിന്തുണക്കുന്നില്ലെന്നും വോട്ടര്‍മാരുടെ പേര് കൂട്ടത്തോടെ നീക്കം ചെയ്യുന്നതിനെ സമാധാനപരമായാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് വ്യക്തമാക്കി.