ന്യൂഡല്‍ഹി | പശ്ചിമ ബംഗാള്‍ രാജ്യം കണ്ടതില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ചേരിതിരിവ് നിലനില്‍ക്കുന്ന സംസ്ഥാനമാണെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത നീക്കമാണ് നടന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് പരിഗണിച്ച ഉടനെ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമോയെന്ന് പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകരോട് കോടതി ചോദിച്ചു.സംഭവത്തെക്കുറിച്ചുള്ള മാധ്യമ റിപോര്‍ട്ട് വായിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. 11 മണി വരെ ജില്ലാ കലക്ടര്‍ അവിടെ ഉണ്ടായിരുന്നില്ല. രാത്രിയില്‍ വളരെ കഠിനമായ ഉത്തരവുകള്‍ തനിക്ക് വാക്കാല്‍ നിര്‍ദേശിക്കേണ്ടി വന്നു. അഞ്ച് വയസ്സുള്ള കുട്ടിക്ക് ഭക്ഷണവും വെള്ളവും അനുവദിക്കാത്ത സ്ഥിതി വരെയുണ്ടായെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.പശ്ചിമ ബംഗാള്‍ സര്‍ക്കാറും ഉദ്യോഗസ്ഥരും കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും ബഞ്ച് പറഞ്ഞു. സംഭവം ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ മര്‍ദിക്കുന്നുവെന്നത് മാത്രമല്ല, കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കുന്ന ലജ്ജാകരമായ ശ്രമമാണെന്നും കോടതി നിരീക്ഷിച്ചു.ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ജോലി ചെയ്തിരുന്ന ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ (ബി ഡി ഒ) ഓഫീസില്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ഘെരാവോ ആരംഭിച്ചതെന്നും കല്‍ക്കത്ത ഹൈക്കോടതി ആവര്‍ത്തിച്ച് ആശയവിനിമയം നടത്തിയിട്ടും വൈകിട്ട് വരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജില്ലാ കലക്ടറോ പോലീസ് സൂപ്രണ്ടോ സ്ഥലത്തെത്തിയില്ലെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവരെ വിളിക്കേണ്ടിവന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.