രാജസ്ഥാനിലും ബിഎല്‍ഒ ആത്മഹത്യ ചെയ്തു; എസ്ഐആര്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം

Wait 5 sec.

ജയ്പൂര്‍|രാജസ്ഥാനില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജംഗിദ്(45) ആണ് ജീവനൊടുക്കിയത്. എസ്ഐആറിന്റെ ഭാഗമായി സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അധ്യാപകന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. നഗ്രി കാ ബാസിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകനായിരുന്നു മുകേഷ്. അതോടൊപ്പം തന്നെ ബിഎല്‍ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ബിന്ദായക റെയില്‍വേ ക്രോസിംഗില്‍ ട്രെയിനിന് മുമ്പില്‍ ചാടിയാണ് മുകേഷ് ജീവനൊടുക്കിയതെന്ന് ബിന്ദായക എസ്എച്ച്ഒ വിനോദ് വര്‍മ പറഞ്ഞു. സംഭവം നടക്കുന്നതിന് മുന്‍പ് മുകേഷ് വീട്ടില്‍ നിന്ന് പുറത്തുപോവുകയായിരുന്നുവെന്ന് സഹോദരന്‍ ഗജാനന്ദ് പറഞ്ഞു. മുകേഷ് സംഘര്‍ഷത്തിലായിരുന്നെന്ന്ഗജാനന്ദ് കൂട്ടിച്ചേര്‍ത്തു.കണ്ണൂരില്‍ ഞായറാഴ്ച ഒരു ബിഎല്‍ഒ ജീവനൊടുക്കിയിരുന്നു. പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെ ഞായറാഴ്ച രാവിലെയായിരുന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. (ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)