നൈൽ തീരങ്ങളേ സാക്ഷി!

Wait 5 sec.

ഇസ്‌നാ ഗ്രാമത്തിന്റെ പുലർക്കാഴ്ചകൾ മനോഹരമാണ്. ഈ വസന്തകാലത്ത് എവിടെയും തിരുപ്പിറവിയാഘോഷത്തിന്റെ ആരവങ്ങൾ കാണാം. കുട്ടികളും മുതിർന്നവരും അതിന്റെ തിരക്കുകളിലാണ്. നബിദിനത്തലേന്നാണ് അന്നദാന വിതരണം. ഈ നാട്ടിലെ വലിയ ആഘോഷമാണത്. നാട്ടുപ്രമാണികൾ ചേർന്ന് പോത്തിനെ അറുത്ത് പാകംചെയ്ത ഭക്ഷണം, ഗ്രാമത്തിലെ ഓരോ വീടുകളിലും എത്തിക്കും. ഞങ്ങളും ആ സ്‌നേഹ വിരുന്നിൽ പങ്കെടുത്തു. ഭക്ഷണത്തിന് അറേബ്യൻ രുചിയാണെങ്കിലും ഇത് നാട്ടിലെ നബിദിന ഓർമകളിലേക്ക് ഒരു നിമിഷം ഞങ്ങളെ കൊണ്ടുപോയി. ഓരോ രാത്രിയിലും പുലരുവോളം അവിടെ നടക്കുന്ന പ്രവാചക പ്രകീർത്തന സദസ്സുകൾ, ഓരോ വിശ്വാസിയുടെയും ഹൃദയങ്ങളിൽ അനുരാഗത്തിന്റെ അനുഭൂതി പരത്തുന്നതായിരുന്നു.ഞങ്ങൾ ഈ ഗ്രാമത്തിൽ അതിഥികളായെത്തിയിട്ട് മൂന്നാം ദിവസമാണിന്ന്. നൈൽ നദിക്കരയിൽ പച്ചപുതച്ച് കിടക്കുന്ന ഇസ്‌നാ ഗ്രാമത്തിലെ ജനങ്ങൾ വളരെ ഹൃദ്യമായാണ് ഞങ്ങളെ വിരുന്നൂട്ടിയത്. ശാന്തമായി ഒഴുകുന്ന നൈൽ നദിയിൽ കുളിക്കാനായി ഞങ്ങൾ അവരോടൊപ്പം പോയി. നദിക്കരയിൽ നിൽക്കുമ്പോൾ ചരിത്രത്തിന്റെ ഒരായിരം ഓർമകളാണ് മനസ്സിലേക്ക് ഓടിവന്നത്. ഫറോവമാരുടെ പ്രൗഢഗംഭീരമായ ഭരണത്തിന് സാക്ഷിയാകുന്ന തീക്ഷ്ണമായ ഒരു കാലത്തെ കഥകൾ നൈലിന്റെ തീരങ്ങൾക്ക് പറയാനുണ്ട്. തങ്ങളുടെ അധികാരത്തിന്റെ സ്മാരകങ്ങളായി കൂറ്റൻ ക്ഷേത്രങ്ങളും ശവകുടീരങ്ങളും പണിതുയർത്തിയത് ഈ നദിയുടെ കരകളിലാണ്. സ്വർണം പൂശിയ പടുകൂറ്റൻ ബോട്ടുകൾ രാജകീയ പ്രൗഢിയോടെ ഒഴുകിനീങ്ങിയതും ഇതേ ജലപ്പരപ്പിലൂടെയാണ്. നൈൽ അവർക്ക് എല്ലാത്തിന്റെയും പ്രതീകമായിരുന്നു. അവ പടുത്തുയർത്താൻ രക്തം വിയർപ്പാക്കിയ ആയിരക്കണക്കിന് തൊഴിലാളികളുടെ നിശ്വാസങ്ങളും ഈ നദിയിൽ അലിഞ്ഞുചേർന്നിട്ടുണ്ട്.ഗിസയിലെ പിരമിഡുകൾക്കുള്ള ഭീമാകാരമായ കൽപ്പാളികൾ ദൂരെ ദിക്കുകളിൽ നിന്ന് ഈ നദിയിലൂടെയാണ് അവർ കരക്കെത്തിച്ചത്. പൊള്ളുന്ന വെയിലിൽ, വിശപ്പും ദാഹവും സഹിച്ച് അവർ നടത്തിയ ആ കഠിനാധ്വാനത്തിന്റെ മൂകസാക്ഷിയായി നൈൽ ഒഴുകിക്കൊണ്ടേയിരുന്നു. ഫറോവയുടെ ആജ്ഞയും തൊഴിലാളിയുടെ വിയർപ്പും ഈ നദിയെയാണ് അന്ന് ആശ്രയിച്ചത്.സഹസ്രാബ്ദങ്ങൾ പിന്നിട്ടപ്പോൾ, മറ്റൊരുതരം നാടകങ്ങൾക്കാണ് നൈലിന്റെ തീരങ്ങൾ സാക്ഷ്യം വഹിച്ചത്. ബുദ്ധിയും സൗന്ദര്യവും അധികാരമോഹവും സമന്വയിച്ച ക്ലിയോപാട്രയുടെ കാലഘട്ടമായിരുന്നു അത്. റോമൻ സാമ്രാജ്യത്തിന്റെ അധിപന്മാരെ തന്റെ പ്രണയത്തിലൂടെയും തന്ത്രങ്ങളിലൂടെയും വീഴ്ത്താൻ അവർ ശ്രമിച്ചപ്പോൾ, ആ ചരിത്രനിമിഷങ്ങൾക്ക് പശ്ചാത്തലമായതും ഈ നദിയായിരുന്നു. പ്രണയത്തിന്റെയും രാഷ്ട്രീയ തന്ത്രങ്ങളുടെയും നിർണായക മുഹൂർത്തങ്ങൾ കണ്ടുകൊണ്ട് നൈൽ അന്നും ശാന്തമായി ഒഴുകി.എന്നാൽ നൈലിന്റെ യഥാർഥ അവകാശികൾ തലമുറകളായി ഈ നദിയെ ആശ്രയിച്ചു മാത്രം ജീവിച്ച കോടിക്കണക്കിന് സാധാരണ ജനങ്ങളാണ്. കൃഷിയിറക്കാനും കുടിക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും അവർക്ക് ഈ നദി കൂടിയേ തീരൂ. വെള്ളപ്പൊക്കത്തെ അവർ ഭയക്കുകയും എക്കൽമണ്ണിനെ അവർ സ്‌നേഹിക്കുകയും ചെയ്തു. അവരുടെ ലളിതമായ സന്തോഷങ്ങളും പ്രാർഥനകളും അതിജീവനത്തിനായുള്ള പോരാട്ടങ്ങളുമാണ് നൈലിന്റെ യഥാർഥ ചരിത്രം. ഈ പശ്ചാത്തലങ്ങളെല്ലാം മനസ്സിൽ ധ്യാനിച്ച് ഞങ്ങൾ നദിയിൽ ഇറങ്ങിക്കുളിച്ചു.ഇന്ന് രാത്രിയാണ് ഞങ്ങളുടെ മടക്കം. ഞങ്ങൾക്ക് തന്നയക്കാനുള്ള ഈത്തപ്പഴവും കരിമ്പും പറിക്കാനായി അവർ ഞങ്ങളെ തോട്ടത്തിലേക്ക് കൊണ്ടുപോയി. നീണ്ടുപോകുന്ന മൺപാതകളുടെ ഇരുവശങ്ങളിലായി പരന്ന് കിടക്കുന്ന വിശാലമായ തോട്ടങ്ങൾ ആരെയും അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വിശാലമായ മരുഭൂമിക്ക് നടുവിൽ ഒരു പച്ചത്തുരുത്തായി ഈജിപ്തിനെ ഈ രൂപത്തിൽ നിലനിർത്തുന്നത് നൈൽ നദിയൊഴുക്കുന്ന ജീവജലമാണ്. അയ്യായിരത്തിലധികം വർഷങ്ങളായി, ഈ നദിയെ ആശ്രയിച്ചും അതിനെ നിയന്ത്രിച്ചും അതിന്റെ താളത്തിനൊത്ത് ജീവിച്ചുമാണ് ഈജിപ്ഷ്യൻ ജനത തങ്ങളുടെ കാർഷിക പാരമ്പര്യവും തനതായ ഭക്ഷണ സംസ്‌കാരവും രൂപപ്പെടുത്തിയെടുത്തത്. “ഈജിപ്ത് നൈലിന്റെ ദാനമാണ്’ എന്ന ഹെറഡോട്ടസിന്റെ വാക്കുകൾ എത്ര പ്രസക്തമാണ്! ഫറവോമാരുടെ കാലത്തെ “ബേസിൻ’ ജലസേചനം മുതൽ ഇന്ന് മരുഭൂമിയെ പച്ചപിടിപ്പിക്കുന്ന “സെന്റർ- പിവറ്റ്’ സാങ്കേതികവിദ്യ വരെ എത്തിനിൽക്കുന്ന ഈജിപ്ഷ്യൻ കൃഷിയുടെ ഈ നീണ്ട ചരിത്രം, അതിജീവനത്തിന്റെയും നവീകരണത്തിന്റെയും അത്ഭുതകരമായ ഒരു തുടർച്ചയാണ്.പുരാതന ഈജിപ്തിലെ കൃഷി പൂർണമായും നൈൽ നദിയുടെ വാർഷിക വെള്ളപ്പൊക്കത്തെ ആശ്രയിച്ചായിരുന്നു. എല്ലാ വർഷവും കൃത്യസമയത്ത് (ജൂൺ മുതൽ സെപ്തംബർ വരെ) നദി കരകവിയുമ്പോൾ, എത്യോപ്യൻ മലനിരകളിൽ നിന്നുള്ള ഫലഭൂയിഷ്ഠമായ കറുത്ത എക്കൽ മണ്ണ് (Kemet – “കറുത്ത ഭൂമി’ എന്ന് ഈജിപ്ഷ്യൻ പേര്) ഇരുകരകളിലും അടിയുമായിരുന്നു. വെള്ളം പിൻവാങ്ങുന്നതോടെ ചെളി നിറഞ്ഞ ഈ മണ്ണിൽ കർഷകർ വിത്തിറക്കും. “ബേസിൻ ഇറിഗേഷൻ’ എന്നറിയപ്പെട്ടിരുന്ന ഈ രീതിയിൽ, വെള്ളപ്പൊക്കത്തിനുശേഷം അവശേഷിക്കുന്ന വെള്ളം മൺതിട്ടകൾ കെട്ടി, തടഞ്ഞുനിർത്തിയാണ് കൃഷി ചെയ്തിരുന്നത്. “ഷാദുഫ്’ (Shadoof) പോലുള്ള ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് നദിയിൽ നിന്ന് താഴ്ന്ന കൃഷിയിടങ്ങളിലേക്ക് വെള്ളം കോരിയൊഴിക്കുന്ന രീതിയും നിലനിന്നിരുന്നു.അവരുടെ കാർഷിക കലണ്ടർ പോലും “അഖെത്’ (വെള്ളപ്പൊക്കം), “പെരെത്’ (വിത്തിറക്കൽ), “ഷെമു’ (കൊയ്ത്ത്) എന്നിങ്ങനെ മൂന്ന് ഋതുക്കളായി തിരിച്ചിരുന്നു. അക്കാലത്തെ പ്രധാന വിളകൾ ഗോതമ്പും (Emmer wheat) ബാർലിയുമായിരുന്നു. ഈ രണ്ട് ധാന്യങ്ങളായിരുന്നു പുരാതന ഈജിപ്ഷ്യൻ സംസ്‌കാരത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അടിത്തറ. റൊട്ടിയായിരുന്നു അവരുടെ പ്രധാന ഭക്ഷണം. ഇതിനുപുറമെ, പയർവർഗങ്ങൾ, ഉള്ളി, വെളുത്തുള്ളി, ചീര, ഈന്തപ്പഴം, അത്തിപ്പഴം എന്നിവയും വസ്ത്രങ്ങൾക്കുവേണ്ടി ചണവും അവർ വ്യാപകമായി കൃഷി ചെയ്തു. ഈ പുരാതന കാർഷിക പാരമ്പര്യമാണ് ഇന്നത്തെ ഈജിപ്ഷ്യൻ ഭക്ഷണ സംസ്‌കാരത്തിന് അടിത്തറ പാകിയത്.