ന്യൂഡല്‍ഹി | ചെങ്കോട്ട സ്‌ഫോടനത്തില്‍ വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായുള്ള വിവരം പുറത്ത്. ഭീകരര്‍ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പില്‍ പിടിയിലായവരും അംഗങ്ങളാണ്. പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ എത്തിയതായി കണ്ടെത്തി.കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ചെങ്കോട്ട സ്‌ഫോടന കേസില്‍ ഉമര്‍ നബിയുമായി ബന്ധമുള്ള കൂടുതല്‍ പേരെ കണ്ടെത്താന്‍ എന്‍ ഐ എ നീക്കം ശക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമര്‍ നബി ഫോണില്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്.കൂടാതെ അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള 200 ജീവനക്കാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആണെന്നും ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചെങ്കോട്ട സ്‌ഫോടനത്തിനുശേഷം ക്യാമ്പസില്‍ നിന്ന് പോയവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.