ഗസ | വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷം ഇസ്‌റാഈല്‍ ഗസയില്‍ കനത്ത വ്യോമാക്രമണം നടത്തി. ദിവസങ്ങളുടെ ഇടവേളക്കു ശേഷമുണ്ടായ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 77 പേര്‍ക്ക് പരുക്കേറ്റു.കഴിഞ്ഞ ഒക്ടോബര്‍ 10ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനുശേഷം ഇസ്‌റാഈല്‍ നടത്തുന്ന ഏറ്റവും കനത്ത ആക്രമണത്തില്‍ ഗസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണില്‍ 10 പേരും കിഴക്കന്‍ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ ബാക്കിയുള്ളവരും കൊല്ലപ്പെട്ടതായാണ് വിവരം.ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്‌റാല്‍ സൈന്യം വ്യക്തമാക്കി. ഇസ്‌റാഈല്‍ സൈനികര്‍ക്കുനേരെ ഹമാസ് വെടിയുതിര്‍ത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ പറഞ്ഞു.ഹമാസിന്റെ ആക്രമണത്തിന് മറുപടിയായാണ് ഖാന്‍ യൂനുസില്‍ വ്യോമാക്രമണം നടത്തിയതെന്നും ഹമാസ് അംഗങ്ങളാണ് ആദ്യം വെടയുതിര്‍ത്തതെന്നുമാണ് ഇസ്‌റാഈലിന്റെ വാദം. എന്നാല്‍ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.