കല്‍പറ്റ | തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടികളില്‍ നിന്നുള്ള കൂറുമാറ്റങ്ങള്‍ തുടര്‍ക്കഥയാകുന്നു. വയനാട് കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ്സ് നേതാവും പാര്‍ട്ടിയുടെ മുന്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന പി വി വേണുഗോപാല്‍ രാഷ്ട്രീയ ജനതാദളിലേക്ക് (ആര്‍ ജെ ഡി) ചേക്കേറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തോമാട്ടുചാലില്‍ നിന്ന് അദ്ദേഹം ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കും. ആര്‍ ജെ ഡിയില്‍ അംഗത്വമെടുത്തെങ്കിലും എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വേണുഗോപാല്‍ മത്സരിക്കുക. ആര്‍ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ഹംസ, പി.വി. വേണുഗോപാലിനെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.കോണ്‍ഗ്രസ്സില്‍ നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നാണ് വേണുഗോപാലിന്റെ ആരോപണം. ഇതിനുപിന്നില്‍ ചില നേതാക്കളുടെ സ്വാര്‍ഥതാത്പര്യമാണ്. ഇക്കാലമത്രയും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടും വാര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്കുപോലും മത്സരിപ്പിച്ചില്ല. തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന സ്ഥാനം തരണമെന്ന് ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.ഡി സി സി മുന്‍ പ്രസിഡന്റ് പി വി ബാലചന്ദ്രന്റെ സഹോദരനായ വേണുഗോപാല്‍ കോണ്‍ഗ്രസ്സ് മൂപ്പൈനാട് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്സ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വടുവന്‍ചാല്‍ ചെല്ലങ്കോട് സ്വദേശിയാണ്.