പെരിന്തൽമണ്ണയിൽ മുന്നണികളുടെ സ്ഥാനാർഥിപ്പട്ടികയായി

Wait 5 sec.

പെരിന്തൽമണ്ണ | നഗരസഭയിൽ ഇരു മുന്നണികളും സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിട്ടുണ്ടങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ല. ജില്ലയിലെ ഇതര നഗരസഭകളിൽ നിന്നും വ്യത്യസ്തമായി പെരിന്തൽമണ്ണ നഗരസഭയിൽ എൽ ഡി എഫ് എന്നാൽ സി പി എം മാത്രമാണ്. എൽഡി എഫിലെ മറ്റൊരു ഘടകകക്ഷിക്കും സി പി എം സീറ്റ് നൽകാറില്ല.37 വാർഡുകളിലും മറ്റു പാർട്ടിക്കാരെ അടുപ്പിക്കാതെ മുഴുവൻ വാർഡുകളിലും പാർട്ടി തന്നെ മത്സരിക്കാനാണ് ഇക്കുറിയും സാധ്യത. നഗരസഭയിൽ സി പി എം മത്സരിക്കുന്ന വാർഡുകളിൽ 37 സ്ഥാനാർഥികളിൽ 30 സ്ഥാനാർഥികളും പുതുമുഖങ്ങളാണ്.രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾ മത്സര രംഗത്തുണ്ട്. നിലവിലെ ഉപാധ്യക്ഷ എ നസീറ, നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ കെ ഉണ്ണികൃഷ്ണൻ എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ. ഉണ്ണികൃഷ്ണൻ കുട്ടിപ്പാറ വാർഡിൽ നിന്നും എ നസീറ ആശാരിക്കര വാർഡിൽ നിന്നും മത്സരിക്കാനാണ് തീരുമാനം. എൽ ഡി എഫ് ഭരണ സമിതി വന്നാൽ ഇവരാവും നയിക്കുകയെന്നും സൂചനയുണ്ട്. മറ്റൊരു സ്ഥിരം സമിതി അധ്യക്ഷൻ മൻസൂർ നെച്ചിയിൽ പെരിന്തൽമണ്ണ വലിയങ്ങാടി വാർഡിലും ഷെർളിജ പി ടി എം കോളജ് വാർഡിലും മത്സരിക്കും. സ്ഥിരം സമിതി അധ്യക്ഷ അമ്പിളി മനോജും മത്സരിക്കുന്നുണ്ട്. അഞ്ച് തവണ മത്സരിച്ച് വിജയിച്ച് തഴക്കം വന്ന സി പി എമ്മിലെ കെ സി മൊയ്‌തീൻ കുട്ടി രംഗത്തുണ്ട്.കൊല്ലങ്കോട് വാർഡിൽ നിന്നാണ് മത്സരിക്കുക. ലീഗിന്റെ മുനിസിപ്പൽ സെക്രട്ടറി നാലകത്ത് ഷൗക്കത്ത് കുളിർമല വാർഡിൽ നിന്ന് മത്സരിക്കും. യു ഡി എഫ് മുൻ കൗൺസിലർമാരായ കൃഷ്‌ണ പ്രിയ ചീരട്ടമണ്ണ വാർഡിലും നിഷ സുബൈർ തോട്ടക്കര വാർഡിലും പച്ചീരി സുരയ്യ കോവിലകംപടി വാർഡിലും സ്ഥാനാർഥികളാകും. യു ഡി എഫിൽ ലീഗിന് -20, കോൺഗ്രസ്സിന് -17 എന്നിങ്ങനെയാണ് വാർഡുകൾ വീതിച്ചത്. ഇതിൽ ബഹു ഭൂരിപക്ഷം വാർഡുകളിലും അന്തിമ സ്ഥാനാർഥികളായി. ചുരുക്കം ചില വാർഡുകൾ അന്തിമ തീർപ്പിന് വെച്ചിരിക്കുകയാണ്.എൽ.ഡി.എഫ് നഗരസഭയിലേക്കുള്ള 37 സ്ഥാനാർഥികളെയും ഇന്നലെ പ്രഖ്യാപിക്കുമെന്ന് മുനിസിപ്പൽ നേതൃത്വംനേരത്തെ അറിയിച്ചിരുന്നു.അതേ സമയം സ്ഥാനാർഥികൾ ഇതിനകം ഒരു തവണ വാർഡിൽ സന്ദർശനം നടത്തി വോട്ടുതേടി പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.