പാലക്കാട് നഗരസഭ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി യു ഡി എഫ് രംഗത്ത്

Wait 5 sec.

പാലക്കാട് | പാലക്കാട് നഗരസഭയില്‍ എല്‍ ഡി എഫ് സ്ഥാനര്‍ഥി പ്രഖ്യാപനത്തിന് പുറകെ യു ഡി എഫ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറിക്കി. 53 വാര്‍ഡുകൾ 13 വാര്‍ഡുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. ബാക്കിയുള്ള വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം തുടരുകയാണ്.പല വാര്‍ഡുകളിലും അവകാശവാദങ്ങളുമായി നേതാക്കളെത്തിയതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ച വഴിമുട്ടിയത്. സീറ്റ് ലഭിക്കാത്തപക്ഷം പലരും വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രശനം രമ്യമായി പരിഹരിക്കാനാണ് ഡി സി സിയുടെയും കെ പി സി സിയുടെയും തീരുമാനം.അതേസമയം, ബി ജെ പിക്ക് ഇതുവരെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കാന്‍ സാധിച്ചിട്ടില്ല. ബി ജെ പി ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ശിവനെ ശ്രീരാംപാളയത്ത് മത്സരിക്കുന്നതിനെതിരെ ഒരുവിഭാഗം ശക്തമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് ആ സീറ്റ് പ്രശാന്ത് ശിവന്‍ മത്സരിക്കേണ്ടെന്നാണ് ബി ജെ പി കോര്‍ കമ്മിറ്റി തീരുമാനം. എന്നാല്‍ സി കൃഷ്ണകുമാര്‍ പക്ഷം പ്രശാന്ത് ശിവനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.പാലക്കാട്ടെ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാര്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ശ്രമിക്കുന്നതാണ് ബി ജെ പിയിലെ പൊട്ടിത്തെറിക്ക് കാരണം.കൃഷ്ണകുമാര്‍ പക്ഷക്കാരെ മാത്രമാണ് നഗരസഭയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ബി ജെ പി ജില്ലാ പ്രസിഡന്റിനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. കൃഷ്ണകുമാറിന്റെ ഭാര്യക്ക് സീറ്റ് നല്‍കുന്നതിലും പ്രതിഷേധം ശക്തമാണ്. കൃഷ്ണകുമാര്‍ പക്ഷത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് മറുവിഭാഗം. തര്‍ക്കം പരിഹരിക്കാന്‍ ആർ എസ് എസ് നേതൃത്വവും ഇടപെട്ടിട്ടുണ്ട്. സീറ്റ് ലഭിച്ചില്ലെങ്കില്‍ റിബലായി മത്സരിക്കാനാണ് കൃഷ്ണകുമാറിനെ എതിര്‍ക്കുന്ന വിഭാഗത്തിന്റെ തീരുമാനം.പല വാര്‍ഡുകളില്‍ റിബല്‍ ഭീഷണിയും ബിജെപിയിലെ ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. കൃഷ്ണകുമാറിനെ എതിര്‍ക്കുന്ന നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വളരെ മുന്പ് തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി ജെ പി പ്രചാരണം തുടങ്ങിയിരുന്നു. ഇത്തവണ എല്ലാം തര്‍ക്കം കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്