ആരാണ് ബിഎൽഒ ? എന്താണ് അവർ ചെയ്യുന്നത് ?

Wait 5 sec.

കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കിയ വാർത്ത പുറത്തുവന്നതോടെ ബിഎല്‍ഒമാരെക്കുറിച്ച് വീണ്ടും ചർച്ച ആയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്താണ് ഇവരുടെ പേരുകൾ അധികവും ഉയർന്നു കേൾക്കുന്നത്. എന്നാൽ ഇത്തവണ അല്പം മുൻപ് തന്നെ ഇവരെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. അതിനു കാരണം വോട്ടര്‍പട്ടികയിലെ തീവ്രപരിഷ്കരണം തന്നെ ആണ്.എസ്‌ഐആറിന്റെ ഭാഗമായി ബിഎല്‍ഒമാരാണ് വീട്ടിലെത്തി ഫേം നല്‍കുന്നതും അതു തിരിച്ചുവാങ്ങുന്നതും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രാദേശിക പ്രതിനിധിയാണ് ബിഎല്‍ഒ എന്ന് വേണമെങ്കിൽ പറഞ്ഞു വയ്ക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറാണ് ബിഎൽഒമാരെ നിയമിക്കുന്നത്. അധ്യാപകർ, അങ്കണവാടി പ്രവർത്തകർ, വില്ലേജ് ലെവൽ വർക്കർമാർ തുടങ്ങിയവരെ ആയിരിക്കും ഇത്തരത്തിൽ നിയമിക്കുന്നത്. വോട്ടർപട്ടികയിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ വീട്ടിൽ ചെന്ന് പരിശോധന നടത്തുക, വോട്ടർമാരെ സഹായിക്കുക, തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക എന്നിവയും ഇവരുടെ ചുമതലകളിൽ വരും.ഇത്തവണ ഈ കൂട്ടർക്ക് ജോലിഭാരം കൂടുതലാണ്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ കൂടി നടക്കുന്നതിനാല്‍ ആണ് അത്. വേഗത്തില്‍ ഫോം വിതരണം ചെയ്യുക, സമയം നിശ്ചയിച്ച് അതിനുള്ളില്‍ തീര്‍ക്കാന്‍ ആവശ്യപ്പെടുക. ഒരു ദിവസം ആയിരത്തിലധികം ഫോം വിതരണം ചെയ്യാനുള്ള ടാര്‍ജറ്റ് വരെ ഉള്ളതായി ആരോപണം ഉണ്ട്. ഇതെല്ലം ഇവരെ മാനസികമായി ബാധിക്കുന്നുണ്ട്..ALSO READ: ‘ഭക്ഷണം കഴിക്കാൻ സമയമില്ല, വാഷ്‌റൂമിൽ പോകാൻ കഴിയാറില്ല’; ബിഎൽഒമാർ കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെ, ചാറ്റുകൾ പുറത്ത്അനീഷ് ജോർജിന്റെ ആത്മഹത്യ ഇത്തരത്തിൽ ഉണ്ടായ ജോലി സമ്മർദ്ദത്തിൽ നിന്നാണ് എന്നാണ് ആരോപണങ്ങൾ. അനീഷ് മാത്രമല്ല, പലർക്കും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ട്. അതിനുള്ള തെളിവുകളും പുറത്തുവന്നിരുന്നു.ബിഎൽഒമാരുടെ ഗ്രുപ്പുകളിൽ ഇവർ ഈ കാര്യങ്ങൾ പങ്കുവയ്ക്കുന്നുമുണ്ട്. അത്തരത്തിലുളള ചില സന്ദേശങ്ങൾ ഇവയാണ്..“സമാധാനത്തോടെ ഇതൊന്ന് ചെയ്ത് തീർക്കാൻ അനുവദിച്ചാൽ മതി.. നവംബർ 5 മുതൽ ഭീഷണിയോടെയുള്ള നിർദ്ദേശങ്ങൾ മാത്രമേ കിട്ടുന്നുളളൂ.. ഫോം വിതരണം 100% പൂർത്തിയാക്കാൻ വേണ്ടി മൂന്നാം ദിവസം മുതൽ തുടങ്ങിയതാണ് ഇങ്ങനെ.. ഉയർന്ന ഉദ്യോഗസ്ഥർ ഫീൽഡിൽ നിൽക്കുന്ന ഉദ്യോഗസ്ഥരെ വന്ന് ഭീഷണിപ്പെടുത്തുകയാണ്.. സമയത്ത് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല.. വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല.. ഓരോ വീട്ടിലും ചെല്ലുമ്പോൾ പലതരം സാഹചര്യങ്ങൾ.. ഇതൊക്കെ ആരോട് പറയാനാണ്..”ഭക്ഷണം കഴിക്കാൻ പോലും സമയം ലഭിക്കാറില്ലെന്നും വെള്ളം പോലും പല വീടുകളിൽ നിന്നും വാങ്ങി കുടിക്കാരനാണ് പതിവെന്നും വാഷ്‌റൂമിൽ പോകാൻ പോലും കഴിയാറില്ലെന്നുമൊക്കെ ഉള്ള പരാതികൾ ആണ് പലരും ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നത്. ‘സമാധാനമായി ചെയ്താൽ തീരുന്ന ഒരു ജോലിയെ ഇത്രയും സങ്കീർണമാക്കിയത് എന്തിന് എന്ന് മനസിലാകുന്നില്ല’ എന്നും പലരും അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള വാർത്തകൾ ഇനിയും പുറത്തുവരാൻ സാധ്യതയുണ്ടെന്ന സൂചനകൾ പോലും ഇവരുടെ വാക്കുകളിൽ കാണാം.നിലവിൽ ഫോമിലെ സങ്കീര്‍ണത കാരണം സംശയനിവാരണം തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. നിശ്ചയിച്ച സമയത്തിനകം തീര്‍ക്കാന്‍ കഴിയാവുന്ന അത്രയും സംശയങ്ങളാണ് പലര്‍ക്കും. ടൈം എടുത്ത് ചെയ്യേണ്ട ജോലിയാണിത്. ഒന്നും രണ്ടും തവണയല്ല, ഫോണെടുക്കാന്‍ തന്നെ ഒരാളെ വെക്കേണ്ട സ്ഥതി വരെയുണ്ടെന്ന് പറയുന്ന ബിഎല്‍ഒമാരുമുണ്ട്. ഫോം വിതരണം ചെയ്യാൻ എത്തുമ്പോൾ പല വീടുകളിലും ആളില്ലാത്ത സ്ഥിതിയുണ്ട്. ആളുകളെ കൃത്യമായി കണ്ടെത്താൻ ആകുന്നില്ലെന്ന് പരാതിയും ഉണ്ട്.പലരും താമസം മാറിയിരിക്കുന്നു. ഇനി താമസം മാറിപ്പോയവരാകട്ടെ ഫോം ഇപ്പോള്‍ നിലവിലുള്ള സ്ഥലത്ത് കൊണ്ട് വരാനും ആവശ്യപ്പെടുന്നു. പല ആളുകളുടെയും പേരുകൾ പഴയ പട്ടികയിൽ ഇല്ല എന്നതിനാൽ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ട്. കൃത്യമായി ട്രെയിനിങ് തരാത്തതിന്റെ പ്രശ്നങ്ങളും ബിഎല്‍ഒമാര്‍ക്കുണ്ട്. എസ്ഐആര്‍ എന്നതിനെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ പലരും ഉള്‍വലിയുന്നുണ്ട്. ഇവരെ തേടിപ്പിടിച്ച് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ചുമതലയും ബിഎല്‍ഒമാര്‍ക്കാണ്. ഇതിനെല്ലാം വേണ്ടത് സമയമാണ്. അതില്ലാതെ കുറഞ്ഞ സമയം കൊണ്ട് ഇത്രയും വലിയ ജോലി ചെയ്യാൻ കഴിയാത്തതും സമ്മർദവും ആണ് നിലവിൽ ബിഎൽഒമാർ നേരിടുന്നത്.The post ആരാണ് ബിഎൽഒ ? എന്താണ് അവർ ചെയ്യുന്നത് ? appeared first on Kairali News | Kairali News Live.