ഡെമോക്രസി വാൾ, എസ്.ഐ.ആര്‍ ബെല്‍; വൈവിധ്യമാർന്ന പരിപാടികളുമായി ക്യാമ്പസുകളില്‍ എസ്.ഐ.ആര്‍ ഡേ.

Wait 5 sec.

കോഴിക്കോട്:ജില്ലയിലെ കോളേജുകളില്‍ ഡെമോക്രസി വാൾ, എസ്.ഐ.ആര്‍ ബെല്‍ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ എസ്.ഐ.ആര്‍ ഡേ ആചരിച്ചു. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലബാർ ക്രിസ്ത്യൻ കോളേജിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർവഹിച്ചു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എന്നിവ അസി. കലക്ടർ ഡോ. എസ് മോഹനപ്രിയ സന്ദർശിച്ചു. എസ്.ഐ.ആര്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുക, സംശയങ്ങള്‍ ദൂരീകരിക്കുക, യുവജനങ്ങളുടെ സഹകരണവും നേതൃത്വവും ഉറപ്പാക്കുക, യുവജന പങ്കാളിത്തത്തോടെ എസ്.ഐ.ആര്‍ നടപടികള്‍ വേഗത്തിലാക്കുക, ജനാധിപത്യ ആശയങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ് പരിപാടി ആസൂത്രണം ചെയ്തത്. പരസ്പരം ആശയങ്ങള്‍ പങ്കുവെക്കാനും സംവദിക്കുന്നതിനുമായി സംഘടിപ്പിച്ച ഡെമോക്രസി വാളുകള്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണമായി. പോസ്റ്ററുകള്‍, പെയിന്റിങ്ങുകള്‍, ലേഖനങ്ങള്‍, പത്ര കട്ടിങ്ങുകൾ, വീഡിയോ ക്യൂ.ആര്‍ കോഡുകള്‍, എസ്.ഐ.ആര്‍ ഫോമുകളുടെ മാതൃകകള്‍, പ്രോഗ്രാം നോട്ടീസുകള്‍, വരകള്‍, കാര്‍ട്ടൂണുകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും എസ്.ഐ.ആര്‍ ബെല്‍ എന്ന പേരില്‍ സ്പെഷ്യല്‍ ബെല്‍ അടിക്കുകയും തുടര്‍ന്ന് ക്ലാസ്സുകളിലും പൊതുവായ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകളിലും ബോധവത്കരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ എസ്ഐആര്‍ എൻറോൾമെന്റ് 100 ശതമാനമാക്കുക എന്ന ലക്ഷ്യത്തോടെ ഹെല്‍പ് ഡെസ്‌കുകളും ക്ലാസുകള്‍ തോറുമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ക്യാമ്പസ് പരിസരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കലാ കായിക പ്രചാരണ പരിപാടികളും അരങ്ങേറി.ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, ജില്ലാ സ്വീപ് സെല്‍, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ്, കോളേജ് പ്രിന്‍സിപ്പല്‍മാര്‍, യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാര്‍, വളണ്ടിയര്‍മാര്‍, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.