2006 ലോകകപ്പ് ഫുട്ബോൾ ആരാധകരുടെ ഓർമ്മകളിലെ വേറിട്ട് നിൽക്കുന്ന ഒരു ഏട് തന്നെ ആണ്. ലോകകിരീടത്തിൽ മുത്തമിട്ട ഇറ്റലിയുടെ അസൂറിപ്പടയുടെ ആ ആവേശം ഇന്നും ആരാധകരുടെ കണ്ണിൽ മായാതെ നിൽക്കുന്നുണ്ട്. പന്തുമായി കുതിച്ചെത്തുന്ന ഏത് വമ്പന് മുന്നിലേക്കും മിന്നൽ വേഗത്തിലെത്തുന്ന ഫാബിയോ കന്നവാരോ, പ്രതിരോധ നിരയിൽ രക്തം ചീന്തി കളി ജയിച്ച സംബ്രോട്ടയും മറ്റരാസിയും, ഗോൾ വലക്ക് കീഴിൽ ചിലന്തിവല തീർത്ത ജിയാൻ ലൂയിജി ബുഫൺ, ഏത് പ്രതിരോധത്തെയും പൊളിച്ചടുക്കിയ ലൂകാ ടോണി, ഫ്രാൻസിസ്കോ ടോട്ടി, ആന്ദ്രെ പിർലോ എന്നിവരടങ്ങിയ മുന്നേറ്റ നിര – അവരാണ് ആ കപ്പിന്റെ യഥാർത്ഥ അവകാശികൾ. ജർമൻ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ കണ്ണീർ കുടിപ്പിച്ചാണ് അവർ ആ കിരീടവുമായി മടങ്ങിയത്.എന്നാൽ ആ പടയ്ക്ക് ഇത് എന്തുപറ്റി ? മിന്നുന്ന വിജയം നേടി 20 വർഷം തികയുമ്പോഴാണ് അമേരിക്ക-മെക്സികോ-കാനഡ മണ്ണിൽ വീണ്ടുമൊരു ലോകകപ്പിന് പന്തുരുളുന്നത്. 2006-ലെ കിരീട നേട്ടത്തിനു ശേഷം അസൂറിപ്പടയുടെ കഷ്ടകാലം തന്നെ ആയിരുന്നു. അടുത്ത രണ്ട് ലോകകപ്പുകളിലും (2010, 2014) അവർക്ക് ഗ്രൂപ്പ് റൗണ്ടിൽ പുറത്താവാനായിരുന്നു വിധി.ALSO READ: രഞ്ജി ട്രോഫി ക്രിക്കറ്റ്; മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയില്‍2018-ൽ റഷ്യയിൽ പന്തുരുണ്ടപ്പോൾ യോഗ്യത നേടാൻ പോലും ഇറ്റലിക്കായില്ല. 1958ന് ശേഷം ഇറ്റലിയില്ലാത്ത ആദ്യ ലോകകപ്പ് നടന്നു. നാലുവർഷത്തിനിപ്പുറം 2022-ൽ ഖത്തറിലേക്കും ഇറ്റലിക്ക് യോഗ്യത നേടാനാവാതെ പോയതോടെ ലോകമെങ്ങുമുള്ള കാൽപന്ത് ആരാധകർ നിരാശയുടെ പടുകുഴിയിൽ വീണു. തുടർച്ചയായി രണ്ട് ലോകകപ്പുകളിൽ നിന്നും മൈതാനത്തിന് പുറത്തായതോടെ ഇറ്റലിയുടെ ഫുട്‍ബോൾ മാന്ത്രികത വറ്റിവരണ്ടുവെന്ന് ലോകം വിധിയെഴുതി.ഇപ്പോൾ, തുടർച്ചയായി രണ്ട് ലോകകപ്പുകളിലെ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ അസൂറിപ്പടയുടെ തിരിച്ചുവരവ് സ്വപ്നം കണ്ടെങ്കിലും, 2026 ലോകകപ്പും അവർക്കിപ്പോൾ കയ്യാലപ്പുറത്താണ്. യുവേഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ‘ഐ’യിൽ നിന്നുള്ള പോരാട്ടത്തിലാണ് ഇറ്റലിക്ക് അടിതെറ്റിയത്. എർലിങ് ഹാലൻഡിന്റെ തോളിലേറി നോർവെ 28 വർഷത്തിനു ശേഷം ലോകകപ്പിന് യോഗ്യത നേടിയപ്പോൾ, ഇറ്റലിക്ക് കാലിടറി.ഗ്രൂപ്പ് ‘ഐ’യിൽ നിന്നും എട്ടിൽ എട്ടും ജയിച്ച് 24 പോയന്റോടെ നോർവെ ലോകകപ്പിലേക്ക് അനായാസം പന്തുരുട്ടി. എന്നാൽ, നോർവെയോട് ഹോം-എവേ മത്സരങ്ങളിൽ വഴങ്ങിയ രണ്ട് തോൽവിയുമായി ഇറ്റലി 18 പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് വീണു. പ്ലേ ഓഫ് കളിച്ച് ലോകകപ്പിന് എത്താനാവും കഴിഞ്ഞ രണ്ട് ലോകകപ്പിലും യോഗ്യത നേടാനാവാത്ത, നാല് തവണ ലോക ജേതാക്കളായ ഇറ്റാലിയൻ ടീമിന്റെ ഇനിയുള്ള ശ്രമം.2026 മാർച്ചിലാണ് നിർണ്ണായകമായ ഈ പ്ലേ ഓഫ് മത്സരങ്ങൾ നടക്കുക. മൊത്തം 16 ടീമുകളാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി തിരിച്ചാവും പ്ലേ ഓഫ് മത്സരം നടക്കുക. സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെയായി നടക്കുന്ന മത്സരത്തിനൊടുവിൽ വിജയിക്കുന്നവർക്ക് മാത്രമാണ് ലോകകപ്പിലേക്ക് യോഗ്യത നേടാൻ സാധിക്കുക. ചുരുക്കത്തിൽ, തുടർച്ചയായ മൂന്നാം ലോകകപ്പിന് യോഗ്യത നേടുന്നതിന് മുമ്പ് ഇറ്റലിക്ക് ഇനിയും നിരവധി മത്സരങ്ങളും തീവ്രമായ കാത്തിരിപ്പും മുന്നിലുണ്ട്. ആരെയാകും അവർക്ക് നേരിടേണ്ടി വരിക എന്നാണ് ഇനി കാത്തിരിക്കേണ്ടത്. അത് ആരെയൊക്കെ തന്നെ ആണെങ്കിലും അസൂറിപ്പടയുടെ തിരിച്ചു വരവ് മാത്രമാണ് ആരാധകരുടെ സ്വപ്നം. The post അസൂറിപ്പടയ്ക്ക് 2026 ലോകകപ്പും കയ്യാലപ്പുറത്ത്; ഇറ്റലിയുടെ മുന്നിൽ ഇനി അതിജീവനത്തിന്റെ പ്ലേ ഓഫ് പരീക്ഷണം appeared first on Kairali News | Kairali News Live.