കോഴിക്കോട്:സംസ്ഥാന പാര്‍ലമെന്ററികാര്യ വകുപ്പിലെ ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസിന്റെ (എഫ്.ഡി.എസ്.ജെ) നേതൃത്വത്തില്‍ കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യൂത്ത് പാര്‍ലമെന്റ് മത്സരം സംഘടിപ്പിച്ചു. ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജ് വി എസ് ബിന്ദു കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ ജനാധിപത്യ സംവിധാനത്തെക്കുറിച്ചും പാര്‍ലമെന്റ് നടപടിക്രമങ്ങളെ സംബന്ധിച്ചും അവബോധം വളര്‍ത്തുക, പാര്‍ലമെന്റ് അംഗങ്ങളുടെ ചുമതലകള്‍ പരിചയപ്പെടുത്തുക, സാമൂഹിക വിഷയങ്ങളില്‍ സംവദിക്കുന്നതിനും അഭിപ്രായങ്ങളും നിലപാടുകളും രൂപീകരിക്കുന്നതിനും പര്യാപ്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.വോട്ടര്‍ പട്ടിക പരിഷ്കരണം, ഭിന്നശേഷി ക്വാട്ടയിലെ അധ്യാപക നിയമനം, കുടിവെള്ളം തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു. അധ്യക്ഷ പ്രസംഗം, സത്യപ്രതിജ്ഞ, മന്ത്രിമാരെ പരിചയപ്പെടുത്തല്‍, ചോദ്യോത്തരവേള, അടിയന്തര പ്രമേയം, നിയമനിര്‍മാണം തുടങ്ങിയ നടപടികള്‍ സഭയിലുണ്ടായി. ആയിശ തന്‍ഹ പ്രസിഡന്റും അഫ്ര പ്രധാനമന്ത്രിയും ആലിയ ഹിബ സ്പീക്കറും ഫാത്തിമ ഷെയ്ക ഡെപ്യൂട്ടി സ്പീക്കറും, ആയിശ റന പ്രതിപക്ഷ നേതാവുമായി. കേരള നിയമസഭയിലെ റിട്ട. ജോ. സെക്രട്ടറി കെ പുരുഷോത്തമന്‍, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി കെ ബാലമുരളീകൃഷ്ണന്‍ എന്നിവര്‍ വിധികര്‍ത്താക്കളായി.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് സി കെ സാജിദ് അലി അധ്യക്ഷനായി. മാനേജിങ് കമ്മിറ്റി അംഗം ജാഫര്‍ ബറാമി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ കെ ആര്‍ സ്വാബിര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡൈന കെ ജോസഫ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, സ്കൂള്‍ ചെയര്‍പെഴ്സണ്‍ ഹെന്‍സ മറിയം, സ്റ്റാഫ് ജോ. സെക്രട്ടറി കെ റസീന, എഫ്.ഡി.എസ്.ജെ കോഓഡിനേറ്റര്‍ എം കെ ഫൈസല്‍, ക്ലബ് മെമ്പര്‍ ശ്രേയ എന്നിവര്‍ സംസാരിച്ചു.