ഗോബി, അഥവാ നാം മറന്നുപോയ ഭഗല്‍പൂര്‍

Wait 5 sec.

ബിഹാറിലെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ വിജയം ഉറപ്പെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അസമിലെ മന്ത്രിയും ബി ജെ പി നേതാവുമായ അശോക് സിംഗാള്‍ പുറത്തുവിട്ട ഒരു എക്സ് പോസ്റ്റ് ഏറെ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തി. 1989 ഒക്ടോബറില്‍ ബിഹാറിലെ ഭഗല്‍പൂരില്‍ നടന്ന മുസ്ലിം കൂട്ടക്കൊലയെ സൂചിപ്പിക്കുന്നതായിരുന്നു ആ പോസ്റ്റ്. ‘ബിഹാര്‍ ഗോബി കൃഷിക്ക് അംഗീകാരം നല്‍കുന്നു’ എന്നായിരുന്നു അടിക്കുറിപ്പ്. അസമിലെ ഹേമന്ത് ബിശ്വാസ് മന്ത്രിസഭയിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായ അദ്ദേഹം എക്സില്‍ നല്‍കിയ പോസ്റ്റ് കൃത്യമായും ആ കൂട്ടക്കൊലയെ വീണ്ടും ഓര്‍മിപ്പിക്കുന്നതായിരുന്നു. കോളിഫ്‌ലവറിന്റെ ഹിന്ദി പേരാണ് ഗോബി. എന്തായിരുന്നു ആ പോസ്റ്റിലെ സൂചനകള്‍? ഭഗല്‍പൂരില്‍ കൊല്ലപ്പെട്ട 116 പേരെ ഒരു തോട്ടത്തില്‍ കുഴിച്ച് മൂടുകയും അവിടെ ഗോബി കൃഷി ആരംഭിക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കപ്പെടാതിരിക്കാനാണ് അങ്ങനെ ചെയ്തത്. പോസ്റ്റിനൊപ്പം വിളഞ്ഞു തിങ്ങിനില്‍ക്കുന്ന ഒരു ഗോബി തോട്ടത്തിന്റെ ചിത്രവും കൂടിയായപ്പോള്‍ എല്ലാം വ്യക്തമായി.ഇവിടെ ഗോബിത്തോട്ടം കാണിക്കുന്നതിലൂടെ ഒരു വംശഹത്യയെ ന്യായീകരിക്കുകയാണ് മന്ത്രി ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് ആരോപിച്ചു. അങ്ങേയറ്റം ലജ്ജാകരവും നിയമവിരുദ്ധവുമായ പരാമര്‍ശമാണതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഒരു ദുരന്തത്തെ ഇത്രമാത്രം മോശപ്പെട്ട രീതിയില്‍ ഓര്‍മിപ്പിക്കുകയും ഒരു പരിധി വരെ ന്യായീകരിക്കുകയും ചെയ്യുന്നത് പൊതുജീവിതത്തില്‍ ഒരാള്‍ക്ക് എത്രത്തോളം താഴാന്‍ കഴിയുമെന്നതിന്റെ സൂചന തന്നെയാണ്. ന്യൂനപക്ഷങ്ങളെ വംശഹത്യ ചെയ്യുകയാണ് വേണ്ടതെന്ന ഒരു സന്ദേശം തന്നെയാണിതെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗൗരവ് ഗോഗോയ് പറയുന്നു.സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞത്, ഇത് ഹിംസക്കുള്ള ആഹ്വാനമാണെന്നാണ്. വര്‍ഗീയ കൊലക്കുള്ള ആഹ്വാനം തന്നെ. ‘ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന എന്നെപ്പോലുള്ളവര്‍ക്കു വേണ്ടി അങ്ങ് സംസാരിക്കരുത്. നിങ്ങളുടെ ഭരണഘടനാധിഷ്ഠിത സത്യപ്രതിജ്ഞയുടെ ലംഘനമാണിത്. ഇനി ആ സ്ഥാനത്തിരിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല’- അദ്ദേഹം പറഞ്ഞു. ‘ഒരു തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ വേണ്ടി 116 മുസ്ലിംകളെ കൊന്നതിനെ മഹത്വവത്കരിക്കുകയാണ് താങ്കള്‍ ചെയ്യുന്നതെ’ന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടികളില്‍ ഒന്ന്. കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂരിനെ ടാഗ് ചെയ്തിരുന്നു. ഇന്ത്യയിലെ പ്രമുഖ ഹിന്ദു നേതാക്കളെ ഒരുമിപ്പിച്ചുകൊണ്ട് ഇതിനെതിരായി പ്രതികരിക്കാമോ എന്നാണ് അയാള്‍ ശശി തരൂരിനോട് ചോദിച്ചത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യയുടെ വക്താവാണ് താനെന്ന് ഒരു ഹിന്ദു എന്ന നിലയില്‍ തനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും എന്നായിരുന്നു തരൂര്‍ മറുപടിയെഴുതിയത്.എന്താണ് ഭഗല്‍പൂരില്‍ അന്ന് നടന്നത്?ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ്, ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകയായ വാരിഷ ഫറാസത്തും അഹമ്മദാബാദിലെ സാമൂഹിക പ്രവര്‍ത്തകയും ഗവേഷകയുമായ പ്രീത ഝായും ചേര്‍ന്നെഴുതിയ പുസ്തകമാണ് ‘ശകലീകൃതമായ നീതി: ഭഗല്‍പൂരിലും ഗുജറാത്തിലും നടന്ന വര്‍ഗീയ കലാപങ്ങള്‍’. 1989ല്‍ ബിഹാറിലെ ഭഗല്‍പൂരിലും 2002ല്‍ ഗുജറാത്തിലും ഉണ്ടായ കലാപങ്ങളെ കുറിച്ചും കൂട്ടക്കൊലകളെക്കുറിച്ചും ആഴത്തില്‍ പഠിച്ച് തയ്യാറാക്കിയതാണ് ഈ പുസ്തകം. ഭഗല്‍പൂരില്‍ ആയിരത്തിലധികം മനുഷ്യര്‍ കൊല്ലപ്പെട്ടതില്‍ 900ത്തില്‍ അധികവും മുസ്ലിം മതവിശ്വാസികള്‍ ആയിരുന്നു. പുസ്തകത്തിന്റെ രണ്ടാം ഭാഗം 1,100 പേര്‍ കൊല്ലപ്പെട്ട (800 മുസ്ലിംകളും 250 ഹിന്ദുക്കളും) ഗുജറാത്ത് കലാപത്തെക്കുറിച്ചാണ്.നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം കലാപങ്ങളെ കുറിച്ചും ഈ സന്ദര്‍ഭങ്ങളില്‍ പോലീസ് ഉള്‍പ്പെടെയുള്ള അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന (കലാപത്തെ പ്രോത്സാഹിപ്പിക്കുന്ന) നിസ്സംഗതയെ കുറിച്ചും ഇതില്‍ വിശദമായി പറയുന്നുണ്ട്. തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുകയാണ് ഉദ്യോഗസ്ഥരും ഭരണകൂടങ്ങളും എന്ന് ഈ പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ ഗുജറാത്ത് കലാപത്തിന്റെ ഒരു ഇര എന്ന് പോലും പറയാവുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ മന്ദിര്‍ പറയുന്നു. അവര്‍ പരാജയപ്പെടുന്നത് അവര്‍ക്ക് ഇത് തടയാനുള്ള അധികാരവും കടമയും ഇല്ലാത്തതുകൊണ്ടല്ല, അവര്‍ക്കുള്ള വര്‍ഗീയമായ പക്ഷപാതിത്വം കൊണ്ടാണ് എന്ന് ഈ പുസ്തകം തുറന്നു കാട്ടുന്നുണ്ട്. കലാപകാരികളുമായി കൂട്ടുചേരുകയാണ് പോലീസ് അധികാരികള്‍.ഭഗല്‍പൂരില്‍ ഇരകളാക്കപ്പെട്ടവരുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളും വിവരാവകാശ നിയമം അനുസരിച്ച് ശേഖരിച്ച രേഖകളും ആധാരമാക്കിയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പോലീസ് കലാപത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല കലാപം തടയാനെത്തിയ കേന്ദ്ര സേനകളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് അവര്‍ക്ക് ഇടപെടാന്‍ കഴിയാതാക്കുകയും ചെയ്തു. പട്ടാളത്തെയും കേന്ദ്രസേനയെയും യഥാര്‍ഥ അക്രമ പ്രദേശങ്ങളില്‍ കൊണ്ടുപോകാന്‍ ബാധ്യതപ്പെട്ടവരാണ് സംസ്ഥാന പോലീസ്. മുസ്ലിംകളെ ആക്രമിക്കുന്ന ഒരിടത്തും അവര്‍ എത്തില്ലെന്ന് ഉറപ്പാക്കുകയാണ് പോലീസ് ചെയ്തത് എന്ന് ഇതുസംബന്ധിച്ച് അന്വേഷണം നത്തിയ കമ്മീഷന്റെ റിപോര്‍ട്ടുകളും വ്യക്തമാക്കുന്നു.ഭഗല്‍പൂര്‍ കലാപത്തില്‍, ഒരു പരിധിവരെ വംശഹത്യ എന്ന് തന്നെ പറയാവുന്ന കൂട്ടക്കൊലകളില്‍ പോലീസിന്റെ പങ്ക് കൃത്യമായി തെളിയിക്കുന്ന നിരവധി രേഖകളും മൊഴികളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മുസ്ലിം വിശ്വാസികള്‍ക്ക് ആ പോലീസ് സംവിധാനത്തിലുള്ള വിശ്വാസം തന്നെ നഷ്ടമാകുകയും അവര്‍ തങ്ങളുടെ പരാതികള്‍ നേരിട്ട് കോടതികളില്‍ നല്‍കുകയുമാണുണ്ടായത്. രാംപൂര്‍ ഗ്രാമത്തിലെ 75കാരനായ മുഹമ്മദ് ഇഖ്ബാല്‍ പറയുന്നു, തന്റെ അനന്തരവനായ സലീം എന്ന യുവാവിനെ മൃഗീയമായി വെട്ടിനുറുക്കുന്നത് കേവലം 150 വാര അകലെ നിന്ന് നിസ്സഹായനായി കാണേണ്ടി വന്നു എന്ന്. ശരീരഭാഗങ്ങള്‍ അവര്‍ നദിയിലെറിഞ്ഞു കളഞ്ഞു. കുറെ കഴിഞ്ഞ് ഗ്രാമത്തിലെത്തിയ പോലീസ് ഒരു നടപടിയും എടുത്തില്ല. കലാപം അടങ്ങിയ ശേഷം ബാങ്ക കോടതിയില്‍ പോയി അവര്‍ക്ക് പരാതി നല്‍കാന്‍ കഴിഞ്ഞത് തന്നെ രണ്ട് ഹിന്ദു സഹോദരന്മാരുടെ സഹായത്തോടെ ആയിരുന്നു. അവരുടെ പരാതി പരിശോധിച്ച് പ്രതികളെ വിചാരണ ചെയ്ത് ശിക്ഷിച്ചു. പക്ഷേ, പ്രതികളെ ഹൈക്കോടതിയില്‍ അപ്പീല്‍ വഴി ജാമ്യം നേടാന്‍ സര്‍ക്കാറും പോലീസും സഹായിച്ചു. കേസ് വിധി പറയാതെ പതിറ്റാണ്ടുകളായി തുടരുന്നു. കൊലയാളികള്‍ നാട്ടില്‍ വിഹരിക്കുന്നു.തന്റെ 20 വയസ്സുകാരനായ മകന്‍ അശ്റഫിനെ അക്രമികള്‍ കൊന്നതിന്റെയും മൂത്ത മകനെ ഗുരുതരമായി പരുക്കേല്‍പ്പിക്കുന്ന വിധത്തില്‍ വെടിവെച്ചതിന്റെയും വേദനകള്‍ ഇന്നും തീരാത്ത 65കാരിയായ ബീബി ഫരീദയുടെ അനുഭവങ്ങള്‍ കരളലിയിക്കുന്നതാണ്. ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ കെ കെ സിംഗ് മുസ്ലിംകളെ കൊല്ലാന്‍ ആഹ്വാനം നല്‍കുന്നത് അവര്‍ക്ക് കേട്ടുനില്‍ക്കേണ്ടി വന്നു. ഒരു മുസ്ലിം ഇന്‍സ്‌പെക്ടര്‍ ഉണ്ടായിരുന്ന നൂര്‍പൂരില്‍ മുസ്ലിംകളുടെ സ്ഥിതി മെച്ചമായിരുന്നു. രണ്ട് ഡസന്‍ പോലീസുകാരെ അവിടെ നിയോഗിച്ചതിനാല്‍ അക്രമങ്ങള്‍ നടന്നില്ല. ഇത് ഷാബാനു എന്ന ഒരു സ്ത്രീയുടെ അനുഭവമാണ്. 75കാരനായിരുന്ന തന്റെ ഭര്‍തൃപിതാവിനെ ഒരു കട്ടിലില്‍ കെട്ടിയിട്ടു കത്തിച്ച അനുഭവവും ഷാബാനുവിനുണ്ട്. ഇത്തരം നിരവധി അനുഭവങ്ങള്‍ ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്. വംശഹത്യക്ക് കൂട്ടു നിന്ന വിവാദ ഉദ്യോഗസ്ഥനായ ദ്വിവേദി എന്ന സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസിനെ ഉടനെ സ്ഥലം മാറ്റാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിടുകയും ചെയ്തു. പക്ഷേ വിശ്വഹിന്ദു പരിഷത്ത് അതിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ആ സ്ഥലം മാറ്റം റദ്ദാക്കി. ഇതില്‍ നിന്ന് തന്നെ ആ ഉദ്യോഗസ്ഥന് ഈ വംശഹത്യയില്‍ എത്രമാത്രം പങ്കുണ്ടായിരുന്നെന്ന് വ്യക്തമാകുന്നുണ്ടല്ലോ. ഇതൊന്നും പെരുപ്പിച്ച കഥകളല്ല, സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ അന്തിമ റിപോര്‍ട്ടിലുള്ള വിവരങ്ങളാണ്. ദ്വിവേദി എന്ന ഉദ്യോഗസ്ഥനാണ് ഈ കൂട്ടക്കൊലകള്‍ക്കും അക്രമങ്ങള്‍ക്കും പ്രധാന ഉത്തരവാദി എന്നാണ് അവരുടെ കണ്ടെത്തല്‍. അയാള്‍ അങ്ങേയറ്റം വര്‍ഗീയവാദി ആയിരുന്നുവെന്നും റിപോര്‍ട്ട് പറയുന്നു. മുസ്ലിംകളെ സംരക്ഷിക്കുന്നതിനായി അയാള്‍ ഒന്നും ചെയ്തില്ല എന്ന് തന്നെ പറയുന്നുണ്ട്.ഒരു പക്ഷേ പള്ളി പൊളിക്കലും അമ്പലം പണിയലും മറ്റ് നിരവധി ഹിംസകളും വന്നപ്പോള്‍ 1984, 1989, 2002 കൂട്ടക്കൊലകളൊക്കെ ഇപ്പോള്‍ നാം മറന്നു പോയിരിക്കുന്നു എന്ന് തോന്നുന്നു. അന്ന് ഭഗല്‍പൂരില്‍ നടന്ന ഹിംസയുടെ മുഖം തുറന്നു കാണിച്ച് ന്യൂനപക്ഷങ്ങളെ വീണ്ടും ഭീഷണിപ്പെടുത്തുകയാണ് ഒരു മന്ത്രി ചെയ്തത്. കലാപാഹ്വാനത്തിന് കേസെടുത്ത് ജയിലില്‍ അടക്കപ്പെടേണ്ട ആള്‍. പക്ഷേ അങ്ങനെ നിയമങ്ങളൊന്നും പാലിക്കാന്‍ രാജ്യം ഭരിക്കുന്നവര്‍ തയ്യാറല്ല. അവരുടെ ആളുകള്‍ രാജ്യമാകെ കലാപ ഭീഷണി ഉയര്‍ത്തിക്കൊണ്ട് നടക്കും. ആരും ചോദിക്കില്ല. മറിച്ച് അവരെ ചോദ്യം ചെയ്യുന്നവരെയെല്ലാം ദേശദ്രോഹികളാക്കി ജയിലില്‍ അടക്കുന്നു. യഥാര്‍ഥ ദേശദ്രോഹികള്‍ നാട് ഭരിക്കുന്നു. വംശഹത്യക്ക് ആഹ്വാനം നല്‍കുന്നവരല്ലേ യഥാര്‍ഥ ദേശദ്രോഹികള്‍?