ഗര്‍ഭിണിയായ യുവതിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

Wait 5 sec.

കുട്ടനാട് | നാലു വര്‍ഷം മുമ്പ് കൈനകരിയില്‍ 32 കാരിയായ ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. യുവാവിനും വനിതാ സുഹൃത്തിനുമുള്ള ശിക്ഷ നാളെ വിധിക്കും.പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേര്‍ന്നു കൊലപ്പെടുത്തിയത്. മലപ്പുറം നിലമ്പൂര്‍ മുതുകോട് സ്വദേശി പ്രബീഷാണ് (37) ഒന്നാം പ്രതി. കൈനകരി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ തോട്ടുവാത്തല സ്വദേശി രജനി(38)യാണ് രണ്ടാം പ്രതി. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. നെടുമുടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.2021 ജൂലൈ ഒന്‍പതിനാണ് സംഭവം നടന്നത്. പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തില്‍ അരും കൊലയെന്ന് തെളിഞ്ഞത്. വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേ സമയം അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭിണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലായ് ഒന്‍പതിനു ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അനിതയെ ഓട്ടോയില്‍ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. ശേഷം അനിതയെ പ്രബീഷ് കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി.നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ രജനി വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേര്‍ന്നു പൂക്കൈത ആറ്റില്‍ ഉപേക്ഷിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസ് വേഗത്തില്‍ അന്വേഷിച്ച് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ വേളയില്‍ 82 സാക്ഷികളെ വിസ്തരിച്ചു.രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പ്രതികള്‍ കുറ്റക്കാരാണെന്ന് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് കണ്ടെത്തി. മയക്കുമരുന്നു കേസില്‍ ഒഡിഷയില്‍ ജയിലുള്ള രജനിയെ നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രബീഷ് തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്‍ ബി ഷാരിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.