ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്വം ആര്‍ സി ബിക്കെന്ന് പോലീസ് കുറ്റപത്രം

Wait 5 sec.

ബെംഗളൂരു | പതിനൊന്ന് പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍ സി ബി)വിനാണെന്ന് പോലീസ് കുറ്റപത്രം. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡി എന്‍ എക്കും സംഭവത്തിന്റെ കൂട്ടുത്തരവാദിത്തമുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.കര്‍ണാടക പോലീസിന്റെ സി ഐ ഡി വിഭാഗമാണ് 2200 പേജുള്ള കുറ്റപത്രം തയ്യാറാക്കിയത്. ദൃക്‌സാക്ഷികളുടെയും പരുക്കേറ്റവരുടെയും ഗേറ്റിലെ സുരക്ഷാ ജീവനക്കാരുടേയും മൊഴികള്‍, സി സി ടി വി ദൃശ്യങ്ങള്‍ തുടങ്ങിയവ തെളിവായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം ഉടന്‍ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.ഐ പി എല്‍ ചാമ്പ്യന്മാരായ ആര്‍ സി ബിയുടെ വിജയാഘോഷത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. ജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഉള്‍പ്പെടെ കണ്ടെത്തലുകള്‍ ശരിവച്ചു കൊണ്ടുള്ളതാണ് കുറ്റപത്രം. ഇത്തരത്തിലുള്ള ഒരു മെഗാ ഇവന്റ് സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഉണ്ടായില്ലെന്നതാണ് പ്രധാന കണ്ടെത്തല്‍. യഥാസമയം പോലീസിനെ വിവരങ്ങള്‍ അറിയിക്കുന്നതിലും വീഴ്ച സംഭവിച്ചു. സ്വകാര്യ ഏജന്‍സിക്ക് സുരക്ഷാ ചുമതല കൈമാറിയതിലും ടിക്കറ്റ് നിരക്ക് വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിലും പാളിച്ചയുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു.