തൃണമൂല്‍ സ്ഥാനാര്‍ഥി രാജിവെച്ച് സി പി എമ്മിലേക്ക്

Wait 5 sec.

നിലമ്പൂര്‍ | തൃണമൂല്‍ കോണ്‍ഗ്രസ്സ് ചുങ്കത്തറ പഞ്ചായത്ത് കണ്‍വീനര്‍ പി ബി സുഭാഷ് സി പി എമ്മിലേക്ക്. പി വി അന്‍വറിന് സ്വാർഥ താത്പര്യം മാത്രമാണെന്നും അദ്ദേഹം ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും അദ്ദേഹവുമായും തൃണമൂല്‍ കോൺഗ്രസ്സുമായുമുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്നും സുഭാഷ് പറഞ്ഞു. ചുങ്കത്തറ കൊന്നമണ്ണ വാര്‍ഡില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങിയ ശേഷമാണ് സുഭാഷ് സി പി എമ്മിലേക്ക് തിരിച്ചുപോകുന്നത്.താനുള്‍പ്പെടെയുള്ളവര്‍ അന്‍വറിന്റെ നിലപാടില്‍ ശരിയുണ്ടെന്ന് ചിന്തിച്ച് ഒപ്പം കൂടിയവരാണ്. എന്നാല്‍, പി വി അന്‍വര്‍ ഇടതുപക്ഷം വിടുമ്പോള്‍ ഉന്നയിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന് തെളിയിക്കാനാകുന്നില്ല. പിണറായിസത്തിനെതിരെ രംഗത്ത് വന്ന് പിന്നീട് സതീശനിസവും നക്‌സസും ആരോപിക്കുമ്പോഴും അന്‍വറിന് സ്വന്തമായൊരു നിലപാട് സ്വീകരിക്കാനായില്ല.അദ്ദേഹത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സ്വാർഥ താത്പര്യങ്ങള്‍ക്കും പാര്‍ട്ടി അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് എല്‍ ഡി എഫ് വിടാന്‍ കാരണമെന്ന് ഇപ്പോള്‍ വ്യക്തമാകുകയാണ്. സി പി എമ്മിന്റെ കടന്നല്‍ രാജയായിരുന്ന പി വി അന്‍വറിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ദുഃഖമുണ്ട്.അന്‍വറിന് ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. രാവിലെ പറയുന്ന നിലപാട് ഉച്ചക്ക് മാറ്റിപ്പറയും. ഉച്ചക്ക് പറയുന്നത് വൈകിട്ട് മാറ്റിപ്പറയും. നേരം പുലര്‍ന്നാല്‍ പിന്നെയും മാറ്റുമെന്ന അവസ്ഥയിലാണ്. ഈ സഹചര്യത്തില്‍ പൊതു പ്രവര്‍ത്തകനായി അന്‍വറിനൊപ്പം തുടരാനാകില്ലെന്നും സുഭാഷ് പറഞ്ഞു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ വി എസ് ജോയിയെ യു ഡി എഫ് സ്ഥാനാര്‍ഥിയായി അന്‍വര്‍ പ്രഖ്യാപിച്ചതിനാലാണ് ജോയിക്ക് സീറ്റ് കിട്ടാതിരിക്കാന്‍ ഇടയായത്.തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റെങ്കിലും തൃണമൂലിന് നല്‍കാന്‍ യു ഡി എഫിനോട് കേഴുകയാണ് അന്‍വറും പാര്‍ട്ടിയും. യു ഡി എഫ് വാതിലടച്ചപ്പോള്‍ സി പി എമ്മുമായും അടവുനയം സ്വീകരിക്കുമെന്നാണ് തൃണമൂല്‍ പ്രഖ്യാപിച്ചത്. ഇത് നാണക്കേടായെന്നാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ പറയുന്നത്. ചുങ്കത്തറ പഞ്ചായത്ത് ഭരണം കൈവെള്ളയില്‍ വെച്ചുകൊടുത്തിട്ടും യു ഡി എഫ് അന്‍വറിനെ െെകയൊഴിഞ്ഞത് ദയനീയമായെന്നും സുഭാഷ് അഭിപ്രായപ്പെട്ടു.നേരത്തെ സി പി എം പ്രവര്‍ത്തകനായിരുന്ന സുഭാഷ് 2015ല്‍ കൊന്നമണ്ണ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇനിയും നിരവധി പേര്‍ തൃണമൂല്‍ വിടുമെന്നാണ് സുഭാഷ് പറയുന്നത്.