തിരുവനന്തപുരം | ശബരിമലയിലെ നിലവിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ഭയാനകമാണെന്നും തീർത്ഥാടകരെ ഉൾക്കൊള്ളാനുള്ള ശേഷി സന്നിധാനത്തിന് നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിൻ്റെ പിടിപ്പുകേട് കാരണം അവിടെ വലിയ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.അനിയന്ത്രിതമായ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെട്ടു. വെർച്വൽ ക്യൂ സംവിധാനത്തിലെ പാളിച്ചകളാണ് നിയന്ത്രണാതീതമായ തിരക്കിന് പ്രധാന കാരണം. ഒരു ദിവസം ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ അനുവദിക്കുന്നത് വലിയ അപകടത്തിലേക്ക് വഴിവെക്കും. തീർത്ഥാടനവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നതിൽ സർക്കാർ പൂർണ്ണമായി വീഴ്ച വരുത്തി.ഹൈക്കോടതിക്ക് വിഷയത്തിൽ ഇടപെടേണ്ടിവന്നത് സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും, ദേവസ്വം ബോർഡ് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്നും വി ഡി സതീശൻ വിമർശിച്ചു. സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ അടിയന്തര ഇടപെടൽ നടത്തണമെന്നും വെർച്വൽ ക്യൂവിലെ ബുക്കിംഗ് എണ്ണം കുറയ്ക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.