പട്‌ന | ബീഹാർ മുഖ്യമന്ത്രി പദവിയിൽ റെക്കോർഡിട്ട് ജെഡിയു നേതാവ് നിതീഷ് കുമാർ. പത്താം തവണയും സംസ്ഥാന മുഖ്യമന്ത്രിയായി നിതീഷ് കുമാർ നാളെ അധികാരമേൽക്കും.ജെ ഡി യു നിയമസഭാ കക്ഷിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ, ഇന്ന് വൈകുന്നേരം 3.30-ന് എൻ ഡി എയുടെ നേതാവായും തിരഞ്ഞെടുക്കപ്പെടും. ഇതിനുശേഷം നിലവിലെ സർക്കാരിൻ്റെ തലവൻ എന്ന നിലയിൽ അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാർ, എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മന്ത്രിസഭാ സീറ്റുകൾ പങ്കുവെക്കുന്നതിലും അസംബ്ലി സ്പീക്കർ സ്ഥാനം സംബന്ധിച്ച് ധാരണയിലെത്തുന്നതിലും എൻ ഡി എ പങ്കാളികൾക്കിടയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. സാംറാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ബീഹാറിലെ ഉപമുഖ്യമന്ത്രിമാരായി തുടരുമെന്ന് ബി ജെ പി അറിയിച്ചു.സാംറാട്ട് ചൗധരിയെ ബി ജെ പി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. വിജയ് സിൻഹ പാർട്ടി ഉപനിയമസഭാ കക്ഷി നേതാവായി തുടരും. പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ചേർന്ന ബി ജെ പി എം എൽ എ മാരുടെ യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.