ഇ-ഗ്രാന്റ്‌സ് വിതരണം ശരിയായി നടക്കാത്തത് സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയാകുന്നു. പൂര്‍ണ്ണമായും ഇ-ഗ്രാന്റ്‌സിനെ മാത്രം ആശ്രയിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. ഹോസ്റ്റല്‍ ഫീസ്, പോക്കറ്റ് മണി എന്നിവയടക്കം ലഭിക്കാത്തതും നല്‍കുന്നത് വളരെ തുച്ഛമായതിനാലും പഠനം തുടരാന്‍ കഴിയാത്ത സ്ഥിതിയാണ് പലര്‍ക്കും ഉള്ളത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്നിട്ടുള്ളവരാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. പണം ലഭിക്കാത്തതുകൊണ്ട് ഫീസും ഹോസ്റ്റല്‍ ഫീസും അടക്കം സ്വന്തം കയ്യില്‍ നിന്ന് കൊടുക്കണ്ട നിലയാണ് ഇവര്‍ക്ക്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വയനാട്ടിലെ ആദിവാസി കുടുംബങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ പലരും ഇതു മൂലം പഠനം അവസാനിപ്പിച്ചു. ശേഷിക്കുന്നവര്‍ പല തരത്തിലുള്ള അവഹേളനങ്ങള്‍ അനുഭവിക്കുകയാണ്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി രണ്ടര ലക്ഷം വാര്‍ഷിക വരുമാനം എന്ന പരിധി കൂടി ഏര്‍പ്പെടുത്തിയതോടെ ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍. ഇ-ഗ്രാന്റ്‌സ് ലഭിക്കാത്തത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ വിവരിക്കുന്നു. വിഷയത്തിൽ സമരത്തിന് തയ്യാറെടുക്കുകയാണ് വിവിധ സംഘടനകൾ.