ന്യൂഡൽഹി | ഇലക്ഷൻ കമ്മീഷനെതിരെ കോൺഗ്രസും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയും ഉന്നയിച്ച ‘വോട്ട് ചോരി ആരോപണങ്ങൾക്കെതിരെ മുൻ ഉദ്യോഗസ്ഥരും സൈനികരും രംഗത്ത്. ആരോപണങ്ങൾ രാഷ്ട്രീയ നിരാശ തീർക്കാനുള്ള ശ്രമമാണെന്ന് ആക്ഷേപിച്ച് മുൻ ജഡ്ജിമാർ, ബ്യൂറോക്രാറ്റുകൾ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ എന്നിവരടങ്ങുന്ന 200-ൽ അധികം വരുന്ന പ്രമുഖർ രാഹുൽ ഗാന്ധിക്ക് തുറന്ന കത്തയച്ചു. 16 വിരമിച്ച ജഡ്ജിമാർ, 123 മുൻ ബ്യൂറോക്രാറ്റുകൾ, 133 വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, 14 മുൻ അംബാസഡർമാർ എന്നിവരടക്കം 272 പേരാണ് കത്തിൽ ഒപ്പുവെച്ചത്.ഇന്ത്യൻ ജനാധിപത്യത്തെ അതിൻ്റെ അടിസ്ഥാന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള വിഷലിപ്തമായ വാചാടോപങ്ങളിലൂടെ ആക്രമിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ചില രാഷ്ട്രീയ നേതാക്കൾ നയപരമായ ബദലുകൾ മുന്നോട്ടുവെക്കുന്നതിന് പകരം, പ്രകോപനപരവും തെളിയിക്കപ്പെടാത്തതുമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും നേട്ടങ്ങളെയും ചോദ്യം ചെയ്ത് അവരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ശേഷം, ഇപ്പോൾ ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ സത്യസന്ധതയ്ക്കും സൽപ്പേരിനും നേരെയുള്ള ആക്രമണമാണ് നടത്തുന്നതെന്നും കത്തിൽ ആരോപിച്ചു.ഇലക്ഷൻ കമ്മീഷനെതിരെ രാഹുൽ ഗാന്ധി ആവർത്തിച്ച് ആക്രമണം നടത്തുകയും കമ്മീഷൻ വോട്ട് മോഷണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തൻ്റെ പക്കൽ തെളിവുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി കത്തിൽ വിമർശിക്കുന്നു. രാഹുലിന്റെ എച്ച് ഫയൽസ് പരാമർശങ്ങളെ വിശ്വസിക്കാൻ കഴിയാത്ത അസഭ്യമായ വാചാടോപം എന്നാണ് കത്ത് വിശേഷിപ്പിച്ചത്. കോൺഗ്രസിലെയും മറ്റ് രാഷ്ട്രീയ പാർട്ടികളിലെയും നിരവധി മുതിർന്ന നേതാക്കൾ, ഇടതുപക്ഷ എൻ ജി ഒ കൾ, ആശയപരമായ പണ്ഡിതന്മാർ, മറ്റ് ജീവിത മേഖലകളിലെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന ഏതാനും ചിലർ എന്നിവർ സമാനമായ വാചാടോപങ്ങളുമായി കമ്മീഷനെതിരെ രംഗത്തുവന്നിട്ടുണ്ട്. ബി ജെ പി യുടെ ‘ബി ടീം’ പോലെ പ്രവർത്തിച്ച് കമ്മീഷൻ പൂർണ്ണമായും ലജ്ജയില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തി എന്ന് അവർ പ്രഖ്യാപിക്കുന്നുവെന്നും കത്തിൽ പറയുന്നു.ഈ ആരോപണങ്ങൾ പെട്ടെന്ന് വികാരപരമായി സ്വാധീനിച്ചേക്കാം. എന്നാൽ ഇലക്ഷൻ കമ്മീഷൻ അതിൻ്റെ നടപടിക്രമങ്ങൾ പരസ്യമായി പങ്കുവെക്കുകയും കോടതിയുടെ അനുമതിയോടെയുള്ള പരിശോധനകൾ നടത്തുകയും അർഹതയില്ലാത്ത പേരുകൾ നീക്കം ചെയ്യുകയും പുതിയ വോട്ടർമാരെ ചേർക്കുകയും ചെയ്തതിനാൽ, സൂക്ഷ്മപരിശോധനയിൽ ഈ വാദങ്ങൾ നിലനിൽക്കില്ല എന്നും കത്തിൽ പറയുന്നുണ്ട്.