ബി ജെ പിക്ക് 8000 സീറ്റില്‍ സ്ഥാനാര്‍ഥികള്‍ ഇല്ല

Wait 5 sec.

കോഴിക്കോട് | തദ്ദേശ തെരഞ്ഞെടുപ്പില്‍ 8000 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയാതെ ബി ജെ പി. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് കേരളത്തില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുക എന്ന ലക്ഷ്യം നേടാനാവാത്തത് കനത്ത തിരിച്ചടിയായി.കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് മത്സരിക്കാന്‍ കഴിയാതെ ബി ജെ പിക്കു തിരിച്ചടിയായിരിക്കുന്നത്. തൊണ്ണൂറ് ശതമാനം വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സാധിച്ചുവെന്നാണ് ബി ജെ പിയുടെ അവകാശവാദം. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കഴിയാതിരുന്ന ബി ജെ പി കേന്ദ്ര ഭരണത്തിന്റെ ചുവടുപിടിച്ച് ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുക എന്ന ലക്ഷ്യവുമായാണ് മുന്നോട്ടു പോയത്. എന്നാല്‍ അത് കൈവരിക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ എതിരാളികളുടെ ഭീഷണി മൂലമാണ് സ്ഥാനാര്‍ഥികള്‍ ഇല്ലാത്തത് എന്ന വാദം ബി ജെ പി ഉയര്‍ത്തുന്നില്ല.തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ അടക്കം വിലയിരുത്താന്‍ ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന ബി ജെ പി സംസ്ഥാന നേതൃയോഗം മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയാത്ത സാഹചര്യം വിലയിരുത്തി. ബി ജെ പി ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പ്രതികരിച്ചു.കോഴിക്കോട്, കൊല്ലം, ആലപ്പുഴ അടക്കം വിവിധ ജില്ലകളില്‍ ബിജെപി നേതാക്കളുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. ചിലയിടത്ത് പിന്‍താങ്ങാന്‍ ആളില്ലാത്തതിനാല്‍ ബി ജെ പിക്ക് നാമനിര്‍ദേശ പത്രിക നല്‍കാന്‍ സാധിച്ചിരുന്നില്ല. ബി ജെ പി നേരിട്ടും ഘടകകക്ഷികളും സ്വതന്ത്രരും അടക്കും 98 ശതമാനത്തോളം വാര്‍ഡുകളില്‍ മത്സരരംഗത്തുണ്ടെന്ന് രമേശ് അവകാശവാദമുന്നയിച്ചു. ചില മുസ്ലിം ഭൂരിപക്ഷ, കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള വാര്‍ഡുകളിലാണ് ബി ജെ പിക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സാധിക്കാത്തതെന്നും നേതാക്കള്‍ പറയുന്നു. ബി ജെ പിക്ക് പരമ്പരാഗതമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കാത്ത സ്ഥലങ്ങളുമുണ്ട്. പിന്‍താങ്ങാന്‍ ആളുകളുള്ള സ്ഥലങ്ങളില്‍ മാത്രമേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കൂ.വാര്‍ഡ് വിഭജനത്തില്‍ ബി ജെ പി സ്വാധീന മേഖലകള്‍ വെട്ടിമാറ്റിയുള്ള പുനഃക്രമീകരണം നടന്നുവെന്നും നേതാക്കള്‍ പറയുന്നു. 2020ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുകയോ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്ത വാര്‍ഡുകള്‍ പുനഃക്രമീകരിച്ചു. ബി ജെ പിയുടെ സിറ്റിംഗ് വാര്‍ഡുകള്‍ വെട്ടിമാറ്റി. പലസ്ഥലത്തും പരാതി കൊടുത്തിരുന്നു. ചിലയിടങ്ങളില്‍ കോടതിയെ സമീപിച്ചു. ബി ജെ പിയെ തോല്‍പ്പിക്കുക എന്നതാണ് യു ഡി എഫിന്റെയും എല്‍ ഡി എഫിന്റെയും ലക്ഷ്യമെന്നും നേതാക്കള്‍ പറയുന്നു.