പാലക്കാട് | അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സി പി എം മുന്‍ ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണനെ കൊന്നുകളയുമെന്ന് ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. ഏറെ കാലമായി പാര്‍ട്ടി പ്രവര്‍ത്തകനും ഏരിയ സെക്രട്ടറിയും ആയിരുന്ന രാമകൃഷ്ണന്‍ പാര്‍ട്ടിയില്‍ അഴിമതി നടക്കുന്നതായി ആരോപിച്ചാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറായത്.പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നാണ് ലോക്കല്‍ സെക്രട്ടറി ജംഷീര്‍ വി ആര്‍ രാമകൃഷ്ണനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. ആര് പറഞ്ഞാലും സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് വി ആര്‍ രാമകൃഷ്ണന്‍ പറയുമ്പോള്‍, ഞങ്ങള്‍ക്ക് നിങ്ങളെ കൊല്ലേണ്ടി വരുമെന്ന് ജംഷീര്‍ പറയുന്നതാണ് ശബ്ദരേഖയില്‍ ഉള്ളത്. ഇപ്പോള്‍ സ്‌നേഹത്തോടെയാണ് സംസാരിക്കുന്നതെന്നും ഇനി അത് പറ്റില്ലെന്നും ജംഷീര്‍ പറയുന്നുണ്ട്. നിങ്ങള്‍ എന്താണ് ചെയ്യാന്‍ ഉദേശിക്കുന്നതെന്ന് രാമകൃഷ്ണന്‍ ചോദിക്കുമ്പോള്‍ തട്ടിക്കളയുമെന്ന് ജംഷീര്‍ മറുപടി നല്‍കുന്നതും ഫോണ്‍ സംഭാഷണത്തില്‍ ഉണ്ട്.അട്ടപ്പാടി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സി പി എം. എന്നാല്‍ ഇതിനിടെയാണ് വി ആര്‍ രമാകൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുവന്നത്. രാമകൃഷ്ണനുമായി അനുനയ ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. പിന്നാലെയാണ് ലോക്കല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഭീഷണി ഉയര്‍ന്നത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.