ഷെയ്ഖ് ഹസീനക്കെതിരായ വിധി തട്ടിപ്പ്, ബംഗ്ലാദേശിന്കൈമാറാനുള്ള യാതൊരു സാധ്യതയും നിലവിലില്ല; നിലപാടിലുറച്ച് ഇന്ത്യ

Wait 5 sec.

ന്യൂഡല്‍ഹി | വധശിക്ഷ വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് സംരക്ഷണം തുടര്‍ന്ന് ഇന്ത്യ. ഷെയ്ഖ് ഹസീനക്കെതിരായ ബംഗ്ലാദേശ് കോടതി വിധി തട്ടിപ്പാണെന്നും ഇന്ത്യയില്‍ അഭയം തേടിയ അവരെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു സാധ്യതയും നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് രേഖാമൂലം ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യയുടെ നിലപാട് ഔദ്യോഗികമായി അറിയിക്കും.ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. അവിടുത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ തിരികെ പോകാമെന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയെ അറിയിച്ചിട്ടുള്ളത്.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാര്‍ പ്രകാരം ഷെയ്ഖ് ഹസീനയേയും മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനെയും ഉടന്‍ കൈമാറണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടിരുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് അഭയം നല്‍കുന്നത് സൗഹൃദപരമല്ലെന്നും നീതിയോടുള്ള അവഗണനയാണെന്നും പ്രതികരിച്ച അദ്ദേഹം, ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന ആവശ്യം ഇന്നോ നാളെയോ ഇന്ത്യയെ രേഖാമൂലം അറിയിക്കുമെന്നും വ്യക്തമാക്കി.