കാഞ്ഞങ്ങാട് | ജില്ലയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കളെ തഴഞ്ഞതായി ആക്ഷേപം. യൂത്ത് ലീഗിനും എം എസ് എഫിലും അതൃപ്തി. മുസ്‌ലിം ലീഗ് ശക്തികേന്ദ്രങ്ങളായ മലപ്പുറത്തും കോഴിക്കോട്ടുമടക്കം ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് ഡിവിഷനുകളിലേക്കും കോര്‍പറേഷനുകളിലേക്കുമുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ യൂത്ത് ലീഗിനും എം എസ് എഫിനും മികച്ച പരിഗണന നല്‍കിയപ്പോള്‍ കാസര്‍കോട് ജില്ലയില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വിവിധ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ യുവാക്കള്‍ക്ക് മതിയായ പരിഗണന കിട്ടിയില്ല. വനിതാ സംവരണമുള്ള ഇടങ്ങളില്‍ മാത്രം യുവാക്കള്‍ക്ക് പരിഗണന നല്‍കിയത്.ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് ജനറല്‍ ഡിവിഷനുകളില്‍ യൂത്ത് ലീഗ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇവിടങ്ങളില്‍ മുതിര്‍ന്ന നേതാക്കളടക്കം മൂന്നിലേറെ പേരുകളാണ് നേതൃത്വത്തിന് മുന്നിലുള്ളത്. ഒടുവില്‍ മുതിര്‍ന്ന നേതാക്കളെ തിരഞ്ഞെടുക്കുമെന്നാണ് യൂത്ത് ലീഗ് ആശങ്കപ്പെടുന്നത്. ജില്ലാ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റുകളില്‍ ജനറല്‍ ഡിവിഷനുകളായ സിവില്‍ സ്റ്റേഷന്‍, കുമ്പള ഡിവിഷനുകളിലാണ് നേതാക്കളുടെ വലിയ ലിസ്റ്റ് തന്നെ ഉള്ളത്. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ കാര്യവും ഇങ്ങനെ തന്നെയാണ്.മുസ്്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജന.സെക്രട്ടറി സഹീര്‍ ആസിഫ്, വൈസ് പ്രസിഡന്റ് എം എ നജീബ്, ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബാവിക്കര തുടങ്ങിയവരുടെ പേരുകള്‍ വിവിധയിടങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയിലുണ്ടെങ്കിലും ആരൊക്കെ തിരഞ്ഞെടുക്കപ്പെടുമെന്ന് കണ്ടറിയണം. മറ്റു ജില്ലകളിലേതുപോലെ യൂത്ത് ലീഗിനും എം എസ് എഫിനും പരിഗണന നല്‍കണമെന്നാണ് ഇരുസംഘടനകളുടെയും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. അസീസ് കളത്തൂരിന്റെ പേര് ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷനിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഇവിടെ മുസ്‌ലിം ലീഗിന്റെ രണ്ട് നേതാക്കളുടെ പേരുമുണ്ട്. എം എ നജീബിന്റെ പേര് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കുമ്പള റെയില്‍വേ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്നാണ് ഉയര്‍ന്നിട്ടുള്ളത്. ഇവിടെ കുമ്പള പഞ്ചായത്തിലെ നാല് ലീഗ് നേതാക്കളുടെ പേരുമുണ്ട്.കാസര്‍കോട് നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സഹീര്‍ ആസിഫിന്റെ പേര് ഇത്തവണയും നഗരസഭയിലേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും പ്രഖ്യാപനം വന്നിട്ടില്ല. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കാണ് റഊഫിന്റെ പേരുള്ളത്. ഇവിടെയും നാല് പേരുകള്‍ വേറെയുമുണ്ട്. ഇടതു മുന്നണി ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും യുവനേതാക്കള്‍ക്ക് മികച്ച പരിഗണന നല്‍കിയപ്പോള്‍ ലീഗില്‍ അതുണ്ടാവാത്തത് യുവാക്കളില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. കുമ്പള, സിവില്‍ സ്റ്റേഷന്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി നിര്‍ണയം ലീഗ് നേതൃത്വത്തിന് തലവേദനയായി മാറിയിട്ടുണ്ട്. ഒടുവില്‍ സംസ്ഥാന നേതൃത്വം തന്നെ ഇടപെടുന്നതായാണ് വിവരം.കോണ്‍ഗ്രസ്സ് ജില്ലാ പാര്‍ലിമെന്റ് ബോര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ്സ്, കെ എസ് യു ജില്ലാ പ്രസിഡന്റുമാര്‍ക്ക് ഇടം നല്‍കിയപ്പോള്‍ ലീഗിന്റെ ജില്ലാ പാര്‍ലമെന്റ് ബോര്‍ഡില്‍ പോലും യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കളെ ഉള്‍പ്പെടുത്താത്തതിലും പ്രതിഷേധമുണ്ട്.