ന്യൂഡൽഹി |ഡൽഹി റെഡ് ഫോർട്ട് സ്ഫോടനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്നലെ ഇ ഡി കസ്റ്റഡിയിൽ എടുത്ത അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. ഡിസംബർ ഒന്നു വരെ 13 ദിവസത്തേക്കാണ് ഇദ്ദേഹത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് (പി എം എൽ എ) സെക്ഷൻ 19 പ്രകാരം സിദ്ദീഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിലുള്ള ഇ സി ഐ ആർ അടിസ്ഥാനമാക്കിയുള്ള പി എം എൽ എ അന്വേഷണത്തിന്റെ ഭാഗമാണിത്.അൽ ഫലാ യൂണിവേഴ്സിറ്റി (ഫരീദാബാദ്) എൻ എ എ സി അംഗീകാരം ലഭിച്ചെന്ന് തെറ്റിദ്ധാരണ പരത്തി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ച് സാമ്പത്തിക ലാഭം നേടിയതായി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ് ഐ ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. യു ജി സി ആക്ട് 1956-ലെ 12 (ബി) വകുപ്പ് പ്രകാരമുള്ള യു ജി സി അംഗീകാരം ഉണ്ടെന്നും തെറ്റായി പ്രചരിപ്പിച്ച് പൊതുജനങ്ങളെ വഞ്ചിക്കാൻ ശ്രമിച്ചതായും എഫ് ഐ ആറുകളിൽ പറയുന്നു.അതേസമയം, ഡൽഹി കാർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണിത്. സ്ഫോടക വസ്തുക്കൾ നിറച്ച കാറോടിച്ച ഡോ. ഉമറുമായി ബന്ധമുള്ള ഭീകരസംഘടനയെ പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥർ, സംഘടിതമായ ആഭ്യന്തര സംവിധാനം, എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ ചാനലുകൾ, ആസൂത്രിതമായ ആയുധ നീക്കം എന്നിവയുടെ സൂചനകൾ കണ്ടെത്തിയതായി എ എൻ ഐ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.