തിരുവനന്തപുരം | സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം എസ് ഐ ആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം സുപ്രീംകോടതിയിൽ ഹർജി നൽകി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, എസ് ഐ ആർ നടപടികൾ താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കോടതിയെ സമീപിച്ചത്.എസ് ഐ ആർ നടപ്പാക്കുന്നത് ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും, ഒരു ബി എൽ ഒ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർ നേരിടുന്ന ജോലി സമ്മർദ്ദം ശ്രദ്ധിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമാന ആവശ്യങ്ങളുമായി സംസ്ഥാന സർക്കാരും കോൺഗ്രസും മുസ്ലീം ലീഗും നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തിരക്കിട്ട് എസ് ഐ ആർ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജികളിലെ പൊതുവായ ആവശ്യം.നവംബർ നാലിനാണ് സംസ്ഥാനത്ത് എസ് ഐ ആർ നടപടികൾ ആരംഭിച്ചത്. എന്നാൽ, ഡിസംബർ നാലിനുള്ളിൽ എന്യൂമറേഷൻ വിതരണം പൂർത്തിയാക്കേണ്ടതിനാൽ നടപടികൾ നീട്ടിവെക്കാൻ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നു.